cororation

തിരുവനന്തപുരം: നഗരത്തിൽ പാർക്കിംഗിന് ഇടമില്ലാതെ നഗരവാസികൾ ബുദ്ധിമുട്ടുമ്പോൾ പാർക്കിംഗ് സ്ഥലങ്ങൾ മറ്റാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന സ്ഥാപനങ്ങളെ പിടികൂടാൻ നഗരസഭ പരിശോധന നടത്തി. ട്രാഫിക് അഡ്വൈസറി കമ്മിറ്റിയുടെ തീരുമാന പ്രകരാം ടൗൺ പ്ലാനിംഗ് കമ്മിറ്റി ചെയർമാൻ പാളയം രാജന്റെ നേതൃത്വത്തിൽ നടത്തിവരുന്ന സ്‌ക്വാഡാണ് ഇന്നലെയും പരിശോധനയ്ക്ക് ഇറങ്ങിത്. സ്റ്റാച്യു ക്യു.ആർ.എസ് മുതൽ പുളിമൂട് ആയുർവേദ കോളേജ് ജംഗ്ഷൻ വരെയാണ് പരിശോധന നടന്നത്. അനധികൃതമായി പാർക്കിംഗ് സ്ഥലങ്ങൾ കെട്ടിയടച്ച് ഉപയോഗിക്കുന്നവർക്ക് നോട്ടീസ് നൽകി. ഗതാഗതത്തിനു തടസമായി റോഡിന് ഇരുവശങ്ങളിലും പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളുടെ ഉടമസ്ഥർക്ക് മുന്നറിയിപ്പും നൽകി. വ്യാപാരസ്ഥാപനങ്ങൾ പാർക്കിംഗ് സ്ഥലങ്ങൾ മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും മേയർ കെ. ശ്രീകുമാർ അറിയിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഐ.പി.ബിനു, നഗരസഭാ എക്‌സിക്യൂട്ടീവ് എൻജിനിനീയർ ഉണ്ണി, അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ ഗിരീഷ്, ട്രാഫിക് സൗത്ത് അസിസ്റ്റന്റ് കമ്മിഷണർ സുൽഫിക്കർ, ഹെൽത്ത് ഇൻസ്‌പെക്ടർ ഷാജി നായർ, അസിസ്റ്റന്റ് എൻജിനിയർ ശശിധരൻ, പി. ഡബ്ല്യു.ഒ. ജയകുമാർ എന്നിവർ സ്‌ക്വാഡിലുണ്ടായിരുന്നു.