കൊട്ടാരക്കര: കെ.എസ്.ആർ.ടി.സി ബസും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സൈനികൻ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. കടയ്ക്കൽ വയല ആനപ്പാറ ഗോകുലത്തിൽ ഗോപകുമാറിന്റെ മകൻ ഗോകുൽ ഗോപനാണ് (24) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സഹയാത്രികനായ വയല തോട്ടൻമുക്ക് അനന്ദു ഭവനിൽ ഓമന കുട്ടന്റെ മകനും നിയമ വിദ്യാർത്ഥിയുമായ അനന്ദുകൃഷ്ണനെ (24) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം രാവിലെ 11.40ന് കിഴക്കേത്തെരുവ് പാലനിരപ്പ് ജംഗ്ഷന് സമീപമായിരുന്നു അപകടം. പത്തനാപുരത്ത് നിന്ന് കൊട്ടാരക്കരയിലേക്ക് വരുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് എതിരെ വരുകയായിരുന്ന ഗോകുലിന്റെ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ ഗോകുൽ തൽക്ഷണം മരിച്ചു. അനന്ദു കൃഷ്ണന്റെ സഹോദരിയുടെ വിവാഹത്തിനായി നാട്ടിൽ എത്തിയതായിരുന്നു ഗോകുൽ. അവിവാഹിതനാണ്.