തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗം നടത്താനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പ്രതിപക്ഷം നിയമസഭയ്ക്കുള്ളിൽ തടഞ്ഞ സംഭവമാണ് ഇപ്പോൾ ചർച്ചാ വിഷയം. നയപ്രഖ്യാപന പ്രസംഗം നടത്താനെത്തുന്ന ഒരു ഗവണറെ സഭയിൽ തടയുന്നത് ചരിത്രത്തിൽ ആദ്യമാണ്. സഭയുടെ പ്രധാന വാതിൽ വഴി മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ ശ്രീരാമകൃഷ്ണൻ, മന്ത്രി എ.കെ.ബാലൻ, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവർ സ്വീകരിച്ച് ആനയിച്ചുകൊണ്ടു വന്ന ഗവർണറെ നടുത്തളത്തിലേക്ക് കടക്കാനാവാത്ത രീതിയിൽ പ്രതിപക്ഷ അംഗങ്ങൾ കൂട്ടത്താേടെ അണിനിരന്ന് തടയുകയായിരുന്നു.
'ഗവർണറെ തിരിച്ചുവിളിക്കുക' എന്ന ബാനറും 'ഭരണഘടന സംരക്ഷിക്കുക, പിണറായി സർക്കാർ അഴിമതി സർക്കാർ' തുടങ്ങിയ പ്ളക്കാർഡുമേന്തി രൂക്ഷമായ മുദ്രവാക്യങ്ങളുമായി പ്രതിപക്ഷം നിലയുറപ്പിച്ചപ്പോൾ ഗവർണർക്ക് മുന്നോട്ട് കടക്കാനായില്ല. പി.കെ.ബഷീർ, അനിൽ അക്കരെ അൻവർ സാദത്ത്, കെ.എം. ഷാജി, ഷാനിമോൾ ഉസ്മാൻ, ശബരിനാഥ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ശക്തമായ പ്രതിരോധനിര തീർത്തുകൊണ്ട് പ്രതിപക്ഷം സഭയിൽ പ്രക്ഷുബ്ധരംഗങ്ങൾ സൃഷ്ടിച്ചപ്പോൾ ഗവർണർ ചെറുചിരിയോടെ തൊഴുകൈയുമായി നിന്നു.
ഒൻപത് മണിക്കാണ് ഗവർണർ സഭയ്ക്കുള്ളിലെത്തിയത്. പത്ത് മിനിട്ട് പ്രതിഷേധം നീണ്ടു. ഇതിനിടയിൽ സമരക്കാരെ നീക്കം ചെയ്യുന്നതിനെപ്പറ്റി പ്രതിഷേധത്തിനിടയിൽ സ്പീക്കറുമായി മുഖ്യമന്ത്രി സംസാരിച്ചു. തൊട്ടു പിന്നാലെ വാച്ച് ആൻഡ് വാർഡർമാർ പ്രതിപക്ഷ അംഗങ്ങളെ ബലം പ്രയോഗിച്ച് നീക്കം ചെയ്യാൻ തുടങ്ങി. അൻവർ സാദത്ത് ബലപ്രയോഗത്തിനിടയിൽ തെറിച്ചു വീണു. മോൻസ് ജോസഫ് അടക്കമുള്ളവരെ വാച്ച് ആൻഡ് വാർഡ് എടുത്തുമാറ്റി. ചില അംഗങ്ങൾ തറയിൽ കിടന്ന് പ്രതിഷേധിച്ചു. അംഗങ്ങളും വാച്ച് ആൻഡ് വാർഡുമായി ഉന്തും തള്ളും ബലപ്രയോഗവുമായി. ഇതിനിടയിൽകൂടി വാച്ച് ആൻഡ് വാർഡ് കൈകോർത്ത് സുരക്ഷാ വലയം തീർത്ത് ഗവർണറെ സ്പീക്കറുടെ ഡയസിലേക്ക് കൊണ്ടുപോയി. അപ്പോഴും നടുത്തളത്തിൽ പ്രതിഷേധം ശക്തമായി തുടരുകയായിരുന്നു.തുടർന്ന് യു.ഡി.എഫ് സഭ ബഹിഷ്കരിച്ച് പുറത്തെത്തി കുത്തിയിരുന്നു.
ബഹുമാന്യ സ്പീക്കർ, ബഹുമാന്യ മുഖ്യമന്ത്രി, ബഹുമാന്യരായ മന്ത്രിമാരെ, ബഹുമാന്യരായ അംഗങ്ങളെ. സർക്കാരിന്റെ വികസന പ്രവത്തനങ്ങളടങ്ങിയ നയപ്രഖ്യാപന പ്രസംഗം നടത്താൻ അതിയായ സന്തോഷമുണ്ട്. കേരള നിയമസഭയെ കടലാസ് രഹിതമാക്കുന്നതിനുള്ള നടപടി സ്വീകരിച്ച ബഹമാന്യനായ സ്പീക്കർക്കും ബഹുമാന്യരായ അംഗങ്ങൾക്കും എൻെറ അഭിനന്ദനം. സ്പീക്കർ പറഞ്ഞ് തീർന്നതും ഗവർണർ ഗോബാക്ക് എന്ന മുദ്രാവാക്യം പ്രതിപക്ഷ നിരയിൽ നിന്നുയർന്നു. ഗവർണർ പ്രസംഗം തുടർന്നപ്പോൾ പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി. സഭയ്ക്ക് പുറത്ത് നിലത്തിരുന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചുകൊണ്ടിരുന്നപ്പോൾ അകത്ത് ഗവർണർ പ്രസംഗം തുടർന്നുകൊണ്ടിരുന്നു.
നയപ്രഖ്യാപനത്തിനു ശേഷം പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ പരിഹസിച്ച് ഗവര്‍ണർ രംഗത്തെത്തി. ഇതിലും വലിയ പ്രതിഷേധം കണ്ടിട്ടുണ്ടെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. നയപ്രഖ്യാപനത്തിന് ശേഷം നിയമസഭയില്‍നിന്ന് മടങ്ങുമ്പോഴായിരുന്നു ഗവർണറുടെ പ്രതികരണം. നിയമസഭയിലേക്ക് കയറിയപ്പോൾ പ്ലക്കാർഡും ഗോ ബാക്ക് മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷം തടഞ്ഞതിനെതിരെയാണ് ഗവർണറുടെ പരിഹാസം.