kerala-police

തിരുവനന്തപുരം: കുറ്റാന്വേഷണത്തിൽ ജഗജില്ലികളായ കേരള പൊലീസ് ഡോഗ് സ്ക്വാഡ് അംഗങ്ങളായ നായ്ക്കൾക്കായി ഇനി ഇറക്കുമതി ചെയ്ത യൂറോപ്യൻ ആഹാരം!! ഇതിനായി ഒരു കൊല്ലം ചെലവാക്കുന്നതാകട്ടെ 1.78 കോടി രൂപയും. ക്രമസമാധാനം മുതൽ സമരരംഗത്തുവരെ വിയർപ്പൊഴുക്കി നിൽക്കുന്ന സാദാ പൊലീസുകാരുടെ ഭക്ഷണ മെനുവിൽ ഇപ്പോഴും കാര്യമായ മാറ്റമില്ലാതെ തുടരുമ്പോഴാണ് ഡോഗ് സ്ക്വാഡിന് യൂറോപ്യൻ ഭക്ഷണം നൽകാനുള്ള തീരുമാനം. വിലകൂടിയതും മുന്തിയ ഇനത്തിൽപ്പെട്ടതുമായ പാക്കറ്റ് ഫുഡാണ് ഇറക്കുമതി ചെയ്യുക.

പപ്പികൾ മുതൽ വിശ്രമ ജീവിതത്തിലുള്ളതുമായ 150 നായ്ക്കളാണ് പൊലീസ് സേനയിലുള്ളത്. പ്രഭാതഭക്ഷണമായി നൽകി വരുന്ന പാലും മുട്ടയുമൊഴികെ ഉച്ചയ്ക്കും വൈകുന്നേരവുമുള്ള മെനുവാണ് 'യൂറോപ്യൻ സ്റ്റൈലാക്കിയത്'. ബ്രോയിലർ ചിക്കനും ചോറും ബിസ്കറ്രും നായ്ക്കൾക്ക് അമിതവണ്ണത്തിനും ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുവെന്ന കണ്ടെത്തലാണ് മെനു പരിഷ്കരണത്തിന് പിന്നിൽ. ഹോർമോൺ പ്രയോഗിച്ച ബ്രോയിലർ കോഴി, നായ്ക്കൾക്ക് ചർമ്മ രോഗമുൾപ്പെടെ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്നും കണ്ടെത്തലുണ്ട്.

വിശ്രമമില്ലാതെ പണിയെടുക്കുന്ന സേനയിലെ പൊലീസുകാർക്ക് ഭക്ഷണ അലവൻസ് നൽകാറില്ല. അതിനാൽ, ഡോഗ് സ്ക്വാഡിന് ഭക്ഷണത്തിനായി വൻതുക മുടക്കുന്നത് പൊലീസുകാർക്കിടയിൽ മുറുമുറുപ്പിന് ഇടയാക്കിയിട്ടുണ്ട്. പൊലീസുകാർ സർവീസിൽ പ്രവേശിക്കുമ്പോൾ മെസ് ഡിപ്പോസിറ്റെന്ന പേരിൽ ഈടാക്കുന്ന രണ്ടായിരം രൂപയുടെ നിക്ഷേപത്തിൽ നിന്നാണ് ക്യാമ്പുകളിലെ മെസുകൾ പ്രവർത്തിക്കുന്നത്. ആഹാരം കഴിക്കുന്നതിനനുസരിച്ച് മാസാമാസം ശമ്പളത്തിൽ നിന്നുള്ള തുക കൂടി ഈടാക്കിയാണ് മെസിന്റെ പ്രവർത്തനം. ശബരിമല ഡ്യൂട്ടിയ്ക്കും ഡിപ്പാർട്ട്മെന്റ് കോഴ്സുകൾക്കും മാത്രമാണ് പൊലീസുകാർക്ക് സൗജന്യ ഭക്ഷണമുള്ളത്.

കോഴിക്ക് പകരം ആടും ടർക്കിയും

പരിശീലനത്തിനുള്ള നായ്ക്കൾ മുതൽ വിശ്രമത്തിലുള്ളവരെ ആറ് കാറ്റഗറികളായി തിരിച്ചാണ് ഡോഗ് സ്ക്വാഡിന്റെ പുതിയ മെനു. ചോറിനൊപ്പം കോഴിയും മീനും വല്ലപ്പോഴും ബീഫും ഇടകലർന്നതാണ് നിലവിലെ മെനു. ഇനി അങ്ങനെയല്ല. പ്രായവും ആരോഗ്യ സ്ഥിതിയും വിലയിരുത്തി വെറ്ററിനറി ഡോക്ടർ ശുപാർശചെയ്യുന്ന ഭക്ഷണമാകും നൽകുക.

പരിശീലനത്തിലുള്ള പപ്പികൾക്കും ജൂനിയർ ഡോഗ്സിനും ബ്രോയിലർ കോഴിക്ക് പകരം ആടിന്റെയും ടർക്കിക്കോഴിയുടെയും ഇറച്ചിയാണ് റൈസിനൊപ്പം നൽകുക. മുതിർന്ന നായ്ക്കൾക്ക് ഉരുളക്കിഴങ്ങും അലർജിയുണ്ടാകാത്ത വിധത്തിലുള്ള കടൽ മത്സ്യങ്ങളുമുൾപ്പെട്ട ഫുഡാവും നൽകുക. അമിത വണ്ണം ഉള്ളവർക്ക് വൈറ്റമിൻ എ,ഡി-3, ഇ,സി,ബി-2,ബി-6,ബി-1, ബി-12 എന്നീ വൈറ്റമിനുകളും ഫോളിക് ആസിഡ്, ബീറ്റാ കരോട്ടിൻ എന്നിവയുൾപ്പെട്ട ആഹാരത്തിനാണ് ശുപാർശ.

സന്ധിരോഗങ്ങൾ നേരിടുന്ന സീനിയർ നായ്ക്കൾക്ക് റോ പ്രോട്ടീൻ, റോ ഫാറ്റ്സ്, റോ ഫൈബർ, കാത്സ്യം, ഫോസ് ഫറസ്, പൊട്ടാസ്യം, മഗ്നീഷ്യം, വൈറ്റമിൻ എന്നിവയുടെ കലവറയാകും ഭക്ഷണം. എട്ടുമാസം വരെ ഉപയോഗിക്കാവുന്ന വിധത്തിൽ അഞ്ച്, പത്ത്, ഇരുപത് കിലോ ബാഗുകളിലാണ് ഇവ എല്ലാ ജില്ലകളിലെയും ഡോഗ് സ്ക്വാഡുകളിലെത്തിക്കുക. ഒരു ഡോഗിന് വർഷം ശരാശരി 1.18 ലക്ഷം രൂപയാണ് പുതിയ മെനുപ്രകാരം ഭക്ഷണത്തിനുള്ള ചെലവ്. പാലും മുട്ടയും കൂടി കണക്കാക്കുമ്പോൾ ഇത് ഒന്നര ലക്ഷം രൂപവരും. ഇത്തരം ആഹാരങ്ങൾ ഇറക്കുമതി ചെയ്ത് എത്തിക്കാനാണ് തീരുമാനം.

ശ്വാനപ്പട

ആകെ -150 നായ്ക്കൾ

വിശ്രമത്തിലുള്ളത്- 20

കെ.9 സ്ക്വാഡ് -20(ഇപ്പോൾ പരിശീലനത്തിലുള്ളത്)

കുതിരകൾക്ക് ഹരിയാനി ഗ്രാസും ബാർലിയും

അശ്വാരൂഢ സേനയിലെ കുതിരകളുടെ മെനുവും പൊലീസ് പരീക്ഷണാടിസ്ഥാനത്തിൽ പരിഷ്കരിച്ചു. നാടൻ കറുകപ്പുല്ലിന് പകരം ഹരിയാനയിൽ നിന്നുള്ള പ്രത്യേക തരം കറുകപ്പുല്ല് ഉണക്കിയതാണ് ഇപ്പോൾ ഇവയുടെ പ്രധാന ഭക്ഷണം. വയലുകളും ചതുപ്പുകളും നാമാവശേഷമായതോടെ നാട്ടിൽ നിന്ന് ശുദ്ധമായ കറുകപ്പുല്ല് ലഭിക്കാത്തതാണ് ഉണക്കപ്പുല്ല് നൽകാൻ കാരണം.

വൃത്തിഹീനമായ ചതുപ്പുകളിൽ നിന്നുളള ഭക്ഷണം കുതിരകൾക്ക് വിരശല്യത്തിനും ഉദരരോഗങ്ങൾക്കും കാരണമായ സാഹചര്യത്തിലാണ് രോഗകാരികളായ നാടൻ കറകപ്പുല്ലിനെ ഒഴിവാക്കാൻ തീരുമാനിച്ചത്. ഇതോടൊപ്പം തവിടിന്റെ അളവ് കുറച്ച് ബാർലി ഒരുകിലോ അധികമായി ഉൾപ്പെടുത്തിയതോടെ മൂത്രാശയ രോഗങ്ങളും പരിഹരിക്കാൻ കഴിഞ്ഞതായി അശ്വാരൂഢ സേനവിഭാഗം വെളിപ്പെടുത്തി. 14 പെൺകുതിരകളുൾപ്പെടെ 25 കുതിരകളാണ് സേനയിലുള്ളത്. ഇതിൽ അഞ്ചെണ്ണം പ്രായാധിക്യമുള്ളവയാണ്. കുറ്റിച്ചലിലെ ഒരു ഓർഫനേജിൽ നിന്ന് സൗജന്യമായി വിട്ടുനൽകിയ രണ്ട് പെൺകുതിരകളും സേനയുടെ ഭാഗമായുണ്ട്.