കേന്ദ്ര ബഡ്ജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിക്കുകയാണ്.ആദായ നികുതി ഘടനയിൽ ഇളവുണ്ടോ, മറ്റ് നികുതികളിൽ കുറവ് വന്നിട്ടുണ്ടോ എന്നതിനെക്കാൾ സർക്കാരിന്റെ വികസന പരിപാടികളെക്കുറിച്ചും ജനക്ഷേമം മുൻനിറുത്തിയുള്ള നിർദ്ദേശങ്ങളെക്കുറിച്ചും അറിയാനാവും ജനങ്ങൾ കൂടുതൽ ആഗ്രഹിക്കുന്നത്.
ദേശീയ വരുമാനത്തിലെ വളർച്ച 2019 - 20 സാമ്പത്തിക വർഷത്തിൽ 5 ശതമാനത്തിൽ താഴെ ആയിരിക്കും എന്നാണ് അന്തർദേശീയ ഏജൻസികൾ കണക്കാക്കുന്നത്. ഈ വളർച്ചാനിരക്ക് നിരാശാജനകമെന്ന് മാത്രമല്ല, കഴിഞ്ഞ ആറ് സാമ്പത്തിക വർഷങ്ങളിൽ ഇത്രയും കുറഞ്ഞ വളർച്ചാനിരക്ക് ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ ഉണ്ടായിട്ടില്ല എന്നതും ഓർമ്മിക്കണം
പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകണമെങ്കിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടണം. ഇതിനായി കൂടുതൽ നിക്ഷേപം നടക്കണം. വിശിഷ്യാ ഗ്രാമീണ മേഖലയിൽ. പരമ്പരാഗത വ്യവസായങ്ങളും, ചെറുകിട വ്യവസായങ്ങളും ആണ് മുൻഗണനാക്രമത്തിൽ മുന്തിയ പരിഗണന അർഹിക്കുന്നത് . എന്നാൽ കൂനിന്മേൽ കുരുവെന്നോണം രണ്ട് അടിസ്ഥാന പ്രശ്നങ്ങൾ വെല്ലുവിളി ഉയർത്തുന്നു.
നിക്ഷേപ തോതിലെ ഇടിവാണ് ഒന്നാമത്തെ പ്രശ്നം. നിക്ഷേപ തോത് നടപ്പ് സാമ്പത്തിക വർഷത്തിൽ 30 ശതമാനത്തിൽ താഴെയാണ്. കഴിഞ്ഞ പതിനഞ്ച് വർഷത്തെ ശരാശരി നിക്ഷേപ തോത് 35 ശതമാനം ആണെന്നത് ഓർമ്മിക്കുക. ഇങ്ങനെ ഒരു ദുഃസ്ഥിതി ഉണ്ടാകാൻ സ്വകാര്യ നിക്ഷേപ മേഖലയുടെ തളർച്ച തന്നെ മുഖ്യ കാരണം. ഇത് തൊഴിൽ അവസരങ്ങൾ കുറയ്ക്കുന്നതിന് കാരണമായി. ഇതിനോടൊപ്പം , നിർമ്മാണ പ്രവർത്തനങ്ങളുടെ കുറവും, റിയൽ എസ്റ്റേറ്റ് രംഗങ്ങളുടെ മാന്ദ്യവും തൊഴിലാളികളുടെ വരുമാനം കുറയുന്നതിന് ഇടയാക്കി.ധനക്കമ്മിയാണ് രണ്ടാമത്തെ അടിസ്ഥാന പ്രശ്നം. റവന്യൂ കമ്മി പൂജ്യം നിരക്കിലും, മൂലധന കമ്മി 3 ശതമാനം നിരക്കിലും കുറച്ചുകൊണ്ട് വരണമെന്നത് നിയമം മൂലം വ്യവസ്ഥ ചെയ്തിട്ടുള്ളതാണ്. എന്നാൽ, ഇത് സാദ്ധ്യമാകാത്ത അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. ഇപ്പോൾ തന്നെ ധന കമ്മി 3ശതമാനത്തിന് മീതെയാണ്.
ഇത് 4 ശതമാനം വരെ എത്തിയാലും വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും കഴിയണം. എന്നാൽ, ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് ധനകമ്മിയിലെ വർദ്ധന ദോഷകരമാകും എന്നാണ് സാമ്പത്തികശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയ ഡോ. അഭിജിത്ത് ബാനർജി ഉൾപ്പെടെയുള്ള ഒരുവിഭാഗം വിദഗ്ദ്ധരുടെ അഭിപ്രായം.
ധനക്കമ്മി ഉയർത്തുക മാത്രമാണ് ഇന്നത്തെ അവസ്ഥയിൽ കരണീയം എന്ന് അഭിപ്രായപ്പെടുന്ന റിസർവ് ബാങ്ക് മുൻ ഗവർണർ ഡോ. രഘുറാം രാജനെ പോലെയുള്ള മറ്റൊരു വിഭാഗവും ഉണ്ട്. സമാഹരിക്കപ്പെട്ട ഉത്പാദന മേഖലയിലെ പ്രവർത്തനശേഷി ഇപ്പോഴത്തെ 70 - 75 ശതമാനം എന്ന നിലയിൽ നിന്ന് 100 ശതമനമായി ഉയർന്നാലേ മതിയാകൂ.
തൊഴിലവസരങ്ങളും ഉത്പാദന ക്ഷമതയും ഉയരാനുള്ള ധനസമാഹരണവും ധനക്കമ്മി ഉയർത്തി ആണെങ്കിലും പരിഹരിച്ചേ മതിയാകൂ. അടിസ്ഥാന സൗകര്യവികസനത്തിന് കൊടുക്കുന്ന പ്രാമുഖ്യം പരമ്പരാഗത - ചെറുകിട വ്യവസായങ്ങളിലെ ഉത്പന്നങ്ങൾ ഈ കോമേഴ്സ് പ്ളാറ്റ്ഫോമിൽ എത്തിക്കുന്നതിനും വിപണിയിൽ ആഭ്യന്തര ഉത്പാദനങ്ങളുടെ വിപണനം ശക്തമാക്കുന്നതിനും കൂടി സംവിധാനങ്ങൾ ഒരുക്കണം. ദേശീയ ഗ്രാമീണ തൊഴിൽ ദാന പദ്ധതി കാര്യമായ വേതനം ഉറപ്പുവരുത്തി കരുത്തുറ്റതാക്കുകയും വേണം.