-jail

ന്യൂഡൽഹി: 1982 ജനുവരി 30... അന്ന് രാത്രി എനിക്ക് അത്താഴം കഴിക്കാനോ ഉറങ്ങാനോ കഴിഞ്ഞില്ല. നാളെ രണ്ടുപേരെ തൂക്കിക്കൊല്ലുന്നതിന് സാക്ഷ്യം വഹിക്കണം. ജീവിതത്തിലാദ്യമായാണ് രണ്ടുപേരുടെ അവസാന നിമിഷങ്ങൾക്ക് സാക്ഷിയാകാൻ പോകുന്നത്. ആ രംഗം താനെങ്ങനെ കാണും.. അപ്പോഴത്തെ മാനസികാവസ്ഥ എന്തായിരിക്കും... സുനിൽ ഗുപ്തയുടെ 'ബ്ളാക്ക് വാറണ്ട്' എന്ന ആത്മകഥയിലെ ഭാഗമാണിത്. ഈ ഒരു വധശിക്ഷയ്ക്ക് മാത്രമല്ല സുനിൽ ഗുപ്ത സാക്ഷിയായത്. എട്ടെണ്ണത്തിന്. ആ അനുഭവങ്ങളാണ് 'ബ്ളാക്ക് വാറണ്ടി'ലൂടെ അദ്ദേഹം ലോകത്തെ അറിയിച്ചത്. തിഹാർ ജയിലിൽ അസിസ്റ്റന്റ് സൂപ്രണ്ടായും ഡെപ്യൂട്ടി സൂപ്രണ്ടായും ലോ ഓഫീസറായും പ്രസ് ഓഫീസറായും 35 വർഷത്തെ സേവന പാരമ്പര്യമുണ്ട് സുനിൽഗുപ്തയ്ക്ക്. മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ പുരസ്‌കാരവും നേടിയിട്ടുണ്ട്.

ആ തൂക്കുമരത്തിലേക്ക്..

കൗമാരക്കാരെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ബില്ലയുടെയും രംഗയുടെയും വധശിക്ഷയ്ക്കാണ് സുനിൽ ഗുപ്ത ആദ്യം സാക്ഷിയായത്. നിർഭയ കേസിന് സമാനമായ സംഭവത്തെക്കുറിച്ച് പത്രത്തിൽ വായിച്ച അറിവുമാത്രമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ചിത്രമല്ലാതെ പ്രതികളെ നേരിട്ട് കണ്ടിട്ടില്ല. മെലിഞ്ഞുണങ്ങിയ ചെറുപ്പക്കാരായിരുന്നു പ്രതികൾ. ദുഃഖഭാവം നിഴലിക്കുന്ന മുഖം. വധശിക്ഷ നടപ്പാക്കുന്നതിന്റെ തലേദിവസം ഇരുവരും അത്താഴം കഴിഞ്ഞ് സുഖമായി ഉറങ്ങി. എന്നാൽ, നാളെയാണ് വധശിക്ഷയുടെ ദിവസം എന്ന് അവരെ അറിയിച്ചിരുന്നില്ല. പുലർച്ചെ വധശിക്ഷ നടപ്പാക്കുന്നു എന്നറിഞ്ഞതോടെ അവർ ആകെ ഭയന്ന അവസ്ഥയിലായിരുന്നു. വധശിക്ഷ കിട്ടാൻ വേണ്ട കുറ്റങ്ങളൊന്നും ചെയ്തിട്ടില്ലെന്ന് അവർ പറഞ്ഞുകൊണ്ടേയിരുന്നു. രംഗ ഉച്ചത്തിൽ എന്തൊക്കെയോ വിളിച്ചുപറഞ്ഞു. പേടിച്ചരണ്ടാണ് അവർ തൂക്കുമരത്തിലേക്ക് നടന്നുകയറിയത്. തൂക്കുകയർ കഴുത്തിലിടുമ്പോഴും അവർ കരയുന്നുണ്ടായിരുന്നു. അല്പം കഴിഞ്ഞ് ശിക്ഷ നടപ്പാക്കി എന്നറിയിച്ചുകൊണ്ട് ആരാച്ചാർ ചുവന്ന കർച്ചീഫ് ഉയർത്തിവീശി.

കൊടുക്കാനാവാത്ത ചായ

പാർലമെന്റ് ആക്രമണക്കേസിൽ വധശിക്ഷയ്ക്ക് വിധേയനാക്കിയ അഫ്സൽ ഗുരുവിന് വീണ്ടുമൊരു ചായകൂടി കൊടുക്കാനാവാത്തതിന്റെ കാരണവും സുനിൽ ഗുപ്ത ആത്മകഥയിൽ വിവരിക്കുന്നുണ്ട്. ശിക്ഷ നടപ്പാക്കുന്ന ദിവസം അതിരാവിലെ ആറുമണിയോടെ മൂന്നാം നമ്പർ ജയിലിലെ എട്ടാം വാർഡിലെ മുറിയിലെത്തിയാണ് ശിക്ഷ നടപ്പാക്കുന്നത് ദിവസം ഇന്നാണെന്ന് അറിയിച്ചത്. മതഗ്രന്ഥങ്ങൾ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു അയാൾ. ഒരു പുഞ്ചിരിയോടെയാണ് അയാൾ അത് കേട്ടത്. ചായവേണമെന്ന് പറഞ്ഞപ്പോൾ ചായവരുത്തി. അയാൾക്കൊപ്പം ഉദ്യോഗസ്ഥരും കുടിച്ചു. വീണ്ടും അയാൾ ചായ ആവശ്യപ്പെട്ടു. പക്ഷേ, ചായക്കാരൻ സ്ഥലം വിട്ടിരുന്നതിനാൽ ആ ആഗ്രഹം നിറവേറ്റാനായില്ല. നിമിഷങ്ങൾ മാത്രമാണ് ബാക്കിയുള്ളതെന്നറിഞ്ഞപ്പോഴും ഭയം അശേഷം അഫ്സലിനെ തൊട്ടുതീണ്ടിയില്ല. താൻ ചെയ്തത് തീവ്രവാദമല്ലെന്നും വലിയലക്ഷ്യങ്ങൾക്കുവേണ്ടിയുള്ള പോരാട്ടമാണെന്നും അയാൾ പറയുന്നുണ്ടായിരുന്നു. കുളികഴിഞ്ഞ് തൂക്കുമരത്തിലേക്ക് കൊണ്ടുപോകുമ്പോഴും അയാൾ അക്ഷോഭ്യനായിരുന്നു. കുരുക്ക് കഴുത്തിൽ മുറുകുമ്പോഴും അതിൽ മാറ്റമൊന്നുമുണ്ടായിരുന്നില്ല.

വായന വായനമാത്രം

ഒന്നിനെയും കൂസാത്ത പ്രകൃതം; മരണത്തെപ്പോലും. അതാതിരുന്നു ജമ്മുകാശ്മീർ ലിബറേഷൻ ഫ്രണ്ടിന്റെ (ജെ.കെ.എൽ.എഫ്.) സ്ഥാപകനായ മഖ്ബൂൽ ഭട്ടിന്റെ പ്രകൃതം. 1984 ഫെബ്രുവരി 11നായിരുന്നു വധശിക്ഷ നടപ്പാക്കിയത്. ബർമിംഗ്ഹാമിൽ ഇന്ത്യൻ ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥൻ രവീന്ദ്ര മാത്രെ കൊല്ലപ്പെട്ട കേസിലായിരുന്നു ശിക്ഷ. തികഞ്ഞ ദൈവവിശ്വാസിയായിരുന്നു. ഒപ്പം ഇംഗ്ലീഷ് ഭാഷയിലുൾപ്പെടെ അപാരമായ അറിവും. കിട്ടുന്ന സമയം മുഴുവൻ നന്നായി വായിക്കും. മറ്റൊന്നിലും ഇടപെടുകയോ അനാവശ്യമായി സംസാരിക്കുകയോ ഇല്ലായിരുന്നു. തൂക്കിലേറ്റാൻ പോവുകയാണെന്ന് അറിയിച്ചപ്പോഴും തികച്ചും ശാന്തനായിരുന്നു. പ്രാർത്ഥനോടെയാണ് ശിക്ഷ ഏറ്റുവാങ്ങിയത്.

തലയുയർത്തി ഏറ്റുവാങ്ങി

ചെയ്ത തെറ്റിൽ അശേഷം പശ്ചാത്താപമില്ല. എപ്പോഴും പ്രാർത്ഥന. വധശിക്ഷ നടപ്പാക്കാൻപോകുന്നു എന്ന് പുലർച്ചെ വിളിച്ചുണർത്തി പറയുമ്പോഴും ഇതുതന്നെയായിരുന്നു ഇന്ദിരാഗാന്ധി വധക്കേസിലെ പ്രതികളായ സത്വന്ത് സിംഗിന്റെയും കെഹാർ സിംഗിന്റെയും രീതി. ചെറുപ്പക്കാരനായിരുന്നു സത്വന്ത്. എന്നാൽ, കെഹാറിന് പ്രായം കൂടുതലായിരുന്നു. തൂക്കുകയർ കഴുത്തിലണിയിക്കുമ്പോഴും തങ്ങളുടെ കുടുംബത്തെ ഒാർത്തുപോലും അവർ വേവലാതിപ്പെട്ടതേ ഇല്ല. വധശിക്ഷ നടപ്പാക്കുന്നതിലൂടെ തങ്ങൾക്ക് ധീരരക്തസാക്ഷി പരിവേഷം കിട്ടുമെന്നും അതോടെ കുടുംബം രക്ഷപ്പെടുമെന്നായിരുന്നു അവരുടെ വിശ്വാസം. തലയുയർത്തി ആകാശത്തേക്ക് നോക്കി പ്രാർത്ഥിച്ചാണ് അവർ കൊലക്കയർ ഏറ്റവാങ്ങിയത്.