നെടുമങ്ങാട് : കല്ലമ്പാറയിൽ സ്കൂട്ടർ അപകടത്തിൽ മരിച്ച നെട്ട കുന്നുംപുറത്ത് വീട്ടിൽ അഖിലയുടെ (37) ഹൃദയ വാൽവുകളും അനുബന്ധ ഭാഗങ്ങളും തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സയിലുള്ള ഒരു കുരുന്നിന്റെ ജീവൻ നിലനിറുത്തും. പോസ്റ്റ്‌മോർട്ടത്തിൽ വാൽവുകൾക്ക് തകരാർ സംഭവിച്ചിട്ടില്ലെന്ന് തെളിഞ്ഞതോടെ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ അവയവ ദാനത്തിന് അഖിലയുടെ ഉറ്റവരോടും നാട്ടുകാരോടും സമ്മതം തേടുകയായിരുന്നു. മാതാപിതാക്കൾ അനുവാദം നല്കിയതിനെ തുടർന്ന് ശ്രീചിത്രയിലെ മുതിർന്ന ഡോക്ടർമാരുടെ നേതൃത്വത്തിൽ വാൽവുകൾ നീക്കം ചെയ്ത് ഹോമോഗ്രാഫ്റ്റ് ബാങ്കിലേക്ക് മാറ്റി. ഹൃദ്രോഗത്തിന് ചികിത്സയിലുള്ള ഒരു കുട്ടിക്ക് ജീവിതത്തിലേക്ക് മടങ്ങിവരാൻ അഖിലയുടെ വാൽവുകൾ ഉപകാരപ്പെടും. പത്തുവർഷം മുമ്പ് ഭർത്താവ് ബിജുവിന്റെ മരണശേഷം സ്വകാര്യ ബുക്ക് ഡിപ്പോയിൽ ജോലി ചെയ്തു കിട്ടുന്ന വരുമാനം കൊണ്ടാണ് അഖിലയും ഏഴാം ക്ലാസ് വിദ്യാർത്ഥിയായ മകൻ ശ്രീഹരിയും കഴിഞ്ഞിരുന്നത്. ചെങ്കോട്ട ഹൈവേയിൽ ചൊവ്വാഴ്ച വൈകിട്ട് അഖില സഞ്ചരിച്ചിരുന്ന സ്കൂട്ടർ, വാഹനം കെട്ടിവലിച്ചുകൊണ്ടു പോകുകയായിരുന്ന റിക്കവറി ജീപ്പിൽ തട്ടി എതിരെ വന്ന ടോറസ് ലോറിയുടെ അടിയിൽപ്പെടുകയായിരുന്നു. നാട്ടുകാർ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും യാത്രാമദ്ധ്യേ അന്ത്യം സംഭവിച്ചു. അഖിലയ്ക്ക് സ്വന്തമായുള്ള മൂന്ന് സെന്റ് സ്ഥലത്ത് ലൈഫ് മിഷനിൽ ഉൾപ്പെടുത്തി നഗരസഭ അനുവദിച്ച വീടിന്റെ മേൽക്കൂരയുടെ കോൺക്രീറ്റ് പണി അടുത്തിടെയാണ് കഴിഞ്ഞത്. പാലുകാച്ച് നടത്താനുള്ള മോഹം അവശേഷിപ്പിച്ചാണ് അഖില മടങ്ങിയത്. പോസ്റ്റുമോർട്ടത്തിനുശേഷം വാർഡ് കൗൺസിലർ കെ.ജെ. ബിനുവിന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങിയ മൃതദേഹം പണി പൂർത്തിയായ വീട്ടിൽ പൊതുദർശനത്തിനുവച്ചു. നിറമിഴികളോടെയാണ് നാട്ടുകാർ അഖിലയ്ക്ക് യാത്രാമൊഴി നല്കിയത്. മകൻ ശ്രീഹരി അമ്മയ്ക്ക് അന്ത്യചുംബനം നല്കിയപ്പോൾ കണ്ടുനിന്നവർക്ക് തേങ്ങലടക്കാനായില്ല. വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ നഗരസഭയുടെ ശാന്തിതീരം ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു.