malayinkil

മലയിൻകീഴ്: ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ച പോങ്ങുംമൂട് മലവിള ചാനൽപാലം അപകട ഭീഷണിയാകുന്നു. കഷ്ടിച്ച് ഒരു വാഹനത്തിന് പോകാനാകുന്ന വീതി മാത്രമുള്ള പാലം ഏത് നിമിഷം വേണമെങ്കിലും അരുവിക്കര ആറിൽ പതിക്കാമെന്ന അവസ്ഥയിലാണ്. എപ്പോഴും തിരക്കേറിയ ഈ റോഡിൽ വാഹനയാത്രക്കാർ ഭീതിയോടെയാണ് പാലം കടക്കുന്നത്. കാൽനടയാത്രക്കാർ പാലത്തിലെത്തുമ്പോൾ എതിരെ ചെറുവാഹനം വന്നാൽ പെട്ടതുതന്നെ. പാലത്തിന്റെ കരിങ്കൽ കെട്ടുകൾ ഇളകി മാറി സിമന്റ് കട്ടകൾ ആറിൽ വീഴാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. പുന്നാവൂർ, അരുവിക്കര, പെരുങ്കടവിള തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഈ പാലം കടന്നേ പോകാനാകൂ. തമിഴ്നാട്ടിൽ നിന്ന് അരുവിക്കര ചെക്ക് പോസ്റ്റിലൂടെയെത്തുന്ന വാഹനങ്ങൾ മലവിള ചാനൽ പാലത്തിലൂടെയാണ് കടന്നു പോകുന്നത്. പൊതുമരാമത്ത് വകുപ്പ് താത്കാലികമായി പാലത്തിലും വശങ്ങളിലും ഇരുമ്പ് പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവ സുരക്ഷിതമല്ല. അടുത്തിടെ കരിങ്കല്ലുമായി പോയ ടിപ്പർ കനാലിലേക്ക് പതിച്ച് ഗുരുതരമായി പരിക്കേറ്റ കാഞ്ഞിരംകുളം സ്വദേശിയായ ഡ്രൈവർ ഇപ്പോഴും ചികിത്സയിലാണ്. കോടന്നൂർ, കീഴാറൂർ പാറമടകളിൽ നിന്ന് കൂറ്റൻ പാറകളുമായി വിഴിഞ്ഞം തുറമുഖത്തേക്ക് പോകുന്ന ലോറികളും ഈ പാലത്തിലൂടെയാണ് പോകുന്നത്. എത്രയും വേഗം പാലം പുനർനിർമ്മിക്കണമെന്ന ആവശ്യം ശക്തമാണ്. പുതിയ പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പട്ട് നിരവധി നിവേദനങ്ങൾ അധികൃതർക്കും ജനപ്രതിനിധികൾക്കും നാട്ടുകാർ നൽകിയിട്ടുണ്ട്.

അധികൃതരുടെ മെല്ലെപ്പോക്ക്

മലവിളയിൽ പുതിയ പാലം നിർമ്മിക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടർ ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം പുറപ്പെടുവിച്ചിട്ട് മാസങ്ങൾ കഴിഞ്ഞു. പാലത്തിനും അപ്രോച്ച് റോഡിനുമായി സർക്കാർ ഭൂമിക്ക് പുറമെ കുറച്ച് സ്വകാര്യ ഭൂമികൂടി മതിയാകും. പൊന്നുംവില നൽകി ഭൂമി ഏറ്റെടുക്കുന്നതിന്റെ ആദ്യ നടപടിയായിട്ടാണ് വിജ്ഞാപനമിറക്കിയത്. എന്നാൽ തുടർ നടപടികൾ സ്വീകരിക്കേണ്ട റവന്യൂ, പൊതുമരാമത്ത് വകുപ്പുകൾ മെല്ലെപ്പോക്ക് തുടരുകയാണെന്നാണ് ആക്ഷേപം.

തിരക്കേറിയ പാലം

മാറനല്ലൂർ ഗ്രാമപഞ്ചായത്ത്, മറ്റ് സർക്കാർ ഓഫീസുകൾ, ക്രൈസ്റ്റ് നഗർ കോളേജ്, ഡി.വി.എം.എൻ.എൻ.എം ഹയർസെക്കൻഡറി സ്കൂൾ, കണ്ടല ഗവ. സ്കൂൾ, സർക്കാർ ആശുപത്രി, സഹകരണ ബാങ്ക് എന്നിവിടങ്ങളിലേക്ക് മലവിള ചാനൽപാലം കടന്ന് വേണം പോകാൻ. തിരുവനന്തപുരത്ത് നിന്ന് പ്രാവച്ചമ്പലം വഴി എത്തുന്ന വാഹനങ്ങൾക്ക് മാറനല്ലൂരിൽ നിന്നും പുന്നാവൂരിലേക്കും, അവിടെനിന്നും കീഴാറൂർ, ആര്യങ്കോട്, ഒറ്റശേഖരമംഗലം, കാരക്കോണം തുടങ്ങിയ അതിർത്തി ഗ്രാമങ്ങളിലേക്കും യാത്രചെയ്യാൻ ഈ പാലമാണ് ആശ്രയം.