ചൈനയിൽ കണ്ടെത്തിയ പുതിയ ഇനം കൊറോണ വൈറസ് ഒരു ജൈവായുധമായിരുന്നോ എന്ന ചർച്ച ലോകത്തെങ്ങും പൊടിപൊടിക്കുകയാണ്. പ്രശസ്ത വൈറസ് ഗവേഷണശാലയും മാരക വൈറസുകളെ നിർമിക്കുന്ന ഏക ചൈനീസ് ലബോറട്ടറിയുമായ 'വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി' യിൽ സൂക്ഷിച്ചിരുന്ന വൈറസുകളാണോ ഇപ്പോൾ നാശം വിതച്ച് കൊണ്ടിരിക്കുന്നത് എന്ന സംശയമാണ് പലകോണുകളിൽ നിന്നും ഉയരുന്നത്. ലാബിൽ നിന്നും അബദ്ധത്തിൽ പുറത്തെത്തിയ വൈറസുകളാണോ കൊറോണ എന്നതാണ് ഇപ്പോൾ ചർച്ച. ഇതിന് തെളിവുകളൊന്നുമില്ല. ഊഹാപോഹങ്ങൾ മാത്രം.
പക്ഷേ, ജൈവായുധം എന്ന വസ്തുതയെ അത്ര എളുപ്പം തള്ളിക്കളയാനാകില്ല. മാനവരാശിയ്ക്ക് തന്നെ കൊടുംവിപത്തുകൾ സൃഷ്ടിക്കാൻ കഴിയുന്ന വിനാശകാരികളാണ് ജൈവായുധങ്ങൾ. ആന്ത്രാക്സ്, വസൂരി, എബോള, ഡെങ്കി തുടങ്ങി അപകടകാരികളായ പല രോഗങ്ങൾക്കും ഹേതുവായ വൈറസുകളെയാണ് ജൈവായുധമായി ഉപയോഗിക്കുന്നത്.
എന്താണ് ജൈവായുധ പ്രയോഗം?
ബാക്ടീരിയ, വൈറസ് തുടങ്ങിയവയുപയോഗിച്ച് മനുഷ്യരടക്കമുള്ള ജീവജാലങ്ങളിൽ മാരകരോഗങ്ങൾ ഉണ്ടാക്കുന്ന യുദ്ധതന്ത്രമാണ് ജൈവായുധ പ്രയോഗം. വൈറസുകളെയും ബാക്ടീയകളെയും ഉപയോഗിച്ച് യുദ്ധമോ എന്ന് നെറ്റി ചുളിക്കുന്നവരുണ്ടെങ്കിൽ അറിയണം; മനുഷ്യരാശിയെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള അത്യന്തം അപകടകാരികളായ പല വൈറസുകളും ബാക്ടീരിയകളും റഷ്യയടക്കമുള്ള പല രാജ്യങ്ങളിലെയും രഹസ്യലാബുകളിൽ സൂക്ഷിച്ചിട്ടുണ്ട്. റഷ്യയിലെ സൈബീരിയയിലെ കോൾട്ട്സവയിലുള്ള വെക്ടർ ഇൻസ്റ്റിറ്റ്യൂട്ട് അഥവാ റഷ്യൻ സ്റ്റേറ്റ് സെന്റർ ഫോർ റിസർച്ച് ഓൺ വൈറോളജി ആൻഡ് ബയോടെക്നോളജിയിൽ കഴിഞ്ഞ വർഷം സ്ഫോടനം നടന്നിരുന്നു. പക്ഷിപ്പനി, ആന്ത്രാക്സ്, എബോള, വസൂരി, എച്ച്.ഐ.വി, പ്ലേഗ് തുടങ്ങിയ മാരക വൈറസുകളെ ഇവിടെ സൂക്ഷിച്ചിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നത്.
ജൈവായുധങ്ങൾ വിവിധ തരം
ടാർഗറ്റിനെ (ഒരു വ്യക്തിയോ, ഒരു സമൂഹമോ ആകാം ) മൊത്തത്തിൽ തുടച്ചു മാറ്റാൻ ശേഷിയുള്ള മാരക രോഗവൈറസുകളാണ് ഇവ. മനുഷ്യരെ മാത്രമല്ല, മറ്റു ജന്തുക്കളെയും സസ്യങ്ങളെയും കൊല്ലാൻ ജൈവായുധങ്ങൾ ഉപയോഗിക്കപ്പെടാം. ജൈവായുധപ്രയോഗത്തിനുപയോഗിക്കുന്ന വസ്തുക്കളെ ഇങ്ങനെ തരംതിരിക്കാം.
1. കാറ്റഗറി A - അത്യന്തം വിനാശകാരി. ഒരു രാജ്യത്തെ മുഴുവൻ മഹാമാരിയുടെ പിടിയിലാക്കാൻ ശേഷിയുള്ളവ.
2. കാറ്റഗറി B - കാറ്റഗറി Aയെക്കാൾ അപകടം കുറഞ്ഞത്. എങ്കിലും മറ്റുള്ളവരിലേക്ക് വേഗത്തിൽ വ്യാപിക്കാനുള്ള കഴിവുണ്ട്.
3. കാറ്റഗറി C - മറ്റ് രണ്ട് വിഭാഗങ്ങളുടെയത്ര അപകടകാരിയല്ല. മരണനിരക്ക് കുറവെങ്കിലും അനുകൂല അവസരം ഒത്തുവന്നാൽ ഭീഷണിയാകുന്നവ.
കൂട്ടത്തിലെ ഭീകരർ
ജൈവായുധങ്ങളുടെ കൂട്ടത്തിൽ ഏറ്റവും മാരകമായി വിശേഷിക്കപ്പെടുന്ന ചില വൈറസുകളുണ്ട്. ഇത്തരം വൈറസുകൾ എളുപ്പത്തിൽ വ്യാപിക്കുന്നവയും മരണനിരക്ക് കൂട്ടുന്നവയുമാണ്. ഈ വൈറസുകൾക്കെതിരെ ഫലപ്രദമായ പ്രതിവിധി കണ്ടെത്തിയിട്ടില്ലെന്നതാണ് മറ്റൊരു പ്രത്യേകത. അത്തരം ചില വൈറസുകൾ
1. ബാസിലസ് ആന്ത്രാസിസ്
നൂറു വർഷം പഴക്കമുള്ള ജൈവായുധം. കാറ്റഗറി Aയിൽ ഉൾപ്പെടുന്നു. മണമോ രുചിയോ ഇല്ലാത്തതും അദൃശ്യവുമായ ഇക്കൂട്ടരാണ് ജൈവായുധ ശ്രേണിയിൽ ഏറ്റവും പ്രമുഖർ. ആന്ത്രാക്സ് രോഗത്തിന് കാരണമാകുന്നു. പൊടി, ആഹാരം, ജലം എന്നിവയിലൂടെ കടത്തിവിടുന്നു. 2001ൽ പൊടിയുടെ രൂപത്തിലുള്ള ആന്ത്രാക്സ് വൈറസ് അടങ്ങിയ കത്തുകൾ യു.എസ് പോസ്റ്റൽ സർവീസിന് ലഭിച്ചിരുന്നു. 22 പേർക്ക് വൈറസ് ബാധ ഉണ്ടാവുകയും അതിൽ അഞ്ച് പേർ മരിക്കുകയും ചെയ്തു.
2. ബോട്ടുലിനം ടോക്സിൻ
ശക്തിയേറിയ ജൈവായുധം. ഉത്പാദിപ്പിക്കാൻ താരതമ്യേന എളുപ്പമാണ്. എയ്റോസോൾ വഴിയോ മാലിന്യത്തിലൂടെയോ ഇവയെ പ്രയോഗിക്കുന്നു. ഒരു ഗ്രാം ബോട്ടുലിനം ടോക്സിൻ മതി ഒരു ലക്ഷത്തിലേറെ പേരുടെ ജീവൻ കവരാൻ. C ബോട്ടുലിനം ടോക്സിനുകൾ നാഡീ ഞരമ്പുകളെ ബാധിക്കുന്നു. ഇവ മനുഷ്യ ശരീരത്തെ എന്നന്നേക്കുമായി തളർത്തും. മഞ്ചൂരിയൻ അധിനിവേശത്തിൽ തടവുകാർക്ക് നേരെ ജപ്പാൻ ഇത് പ്രയോഗിച്ചതായി പറയപ്പെടുന്നു.
3. എബോള വൈറസ്
മരണനിരക്ക് വളരെയേറെ കൂടിയ എബോള വൈറസിനെ ജീവികൾ മുഖാന്തരമാണ് വ്യാപിപ്പിക്കുന്നത്. 1976ൽ കോംഗോയിലാണ് ആദ്യമായി എബോള വൈറസ് കണ്ടെത്തിയത്. ഇത് ഇതുവരെ ഏതെങ്കിലും രാജ്യം പ്രയോഗിച്ചിട്ടുണ്ടോ എന്നറിവില്ലെങ്കിലും ഈ ജൈവായുധം വികസിപ്പിച്ചത് സോവിയറ്റ് യൂണിയനാണെന്നാണ് പറയപ്പെടുന്നത്.
4. വേരിയോള മേജർ - വസൂരി
അതിമാരകമായ വസൂരി വൈറസുകൾ. വാക്സിനേഷനിലൂടെ മാത്രമേ വസൂരിയെ തടയാനാകൂ. റെഡ് ഇന്ത്യക്കാർക്കെതിരെയും അമേരിക്കൻ റെവല്യൂഷണറി വാറിലും ഇവ ഉപയോഗിച്ചതായി അഭ്യൂഹമുണ്ട്. 1980ൽ വൻതോതിൽ വസൂരി വൈറസുകളെ നിർമിച്ച് ശീതികരിച്ച് സൂക്ഷിക്കാനുള്ള പദ്ധതി സോവിയറ്റ് യൂണിയൻ തയാറാക്കിയിരുന്നു. റഷ്യയിലെ വെക്ടർ ഇൻസ്റ്റിറ്റ്യൂട്ട്, അറ്റ്ലാൻഡയിലെ യു.എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻസിൽ എന്നിവിടങ്ങളിൽ ഇപ്പോഴും വസൂരി വൈറസുകൾ സൂക്ഷിച്ചിട്ടുണ്ടെന്നാണ് കേൾക്കുന്നത്.
എപ്പോഴാണ് പ്രയോഗിക്കുക?
വ്യത്യസ്ത തരം വിഷങ്ങളെയും വിഷജന്തുക്കളെയും യുദ്ധമുഖങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്. അമേരിക്കൻ സിവിൽ വാറിൽ ഷഡ്പദങ്ങളെ ഇതിനായി ഉപയോഗിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു. മർജെൻഷ്യ ഹിസ്‌ട്രൈയോനിക ( ഹാർലിക്വിൻ കാബേജ് ബഗ് ) എന്നയിനം പ്രാണിയെയാണ് അമേരിക്കൻ സിവിൽ വാറിൽ ഉപോയഗിച്ചതായി പറയുന്നത്. രണ്ടാം ലോകമഹായുദ്ധ സമയത്താണ് ജൈവായുധത്തെ എങ്ങനെയൊക്കെ ഉപയോഗിക്കാമെന്നതിൽ പുതിയ പരീക്ഷണങ്ങൾ തുടങ്ങുന്നത്.
ജൈവായുധങ്ങളുടെ ദോഷഫലങ്ങൾ ചൂണ്ടിക്കാണിക്കപ്പെട്ടെങ്കിലും പല രാജ്യങ്ങളും രഹസ്യമായി തങ്ങളുടെ പരീക്ഷണവുമായി മുന്നോട്ട് പോയി. ജർമ്മനി ജൈവായുധങ്ങൾ നിർമിക്കുന്നുവെന്നറിഞ്ഞപ്പോൾ അമേരിക്കയും അതിനെതിരായി പരീക്ഷണങ്ങൾ ആരംഭിച്ചു. രണ്ടാം ലോകമഹായുദ്ധക്കാലത്ത് ചൈനയ്ക്കെതിരെ ജപ്പാൻ നടത്തിയ ജൈവായുധ പ്രയോഗമാണ് രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഭീകരം. ഏകദേശം രണ്ട് ലക്ഷത്തോളം ചൈനക്കാരെ ജപ്പാന്റെ ജൈവായുധം കൊന്നൊടുക്കിയതായി പറയപ്പെടുന്നു. ഇപ്പോൾ അന്താരാഷ്ട്രതലത്തിൽ ജൈവായുധങ്ങളുടെ ഉപയോഗം കർശനമായി നിരോധിച്ചിട്ടുണ്ട്. ഇതൊരു കുറ്റകൃത്യമായാണ് കണക്കാക്കുന്നത്.