തിരുവനന്തപുരം: പഞ്ച് ഡയലോഗും ട്വിസ്‌റ്റുമൊക്കെയായി ഒരു ത്രില്ലർ സിനിമയെ വെല്ലുന്ന സംഭവങ്ങളാണ് ഇന്നലെ നിയമസഭയിൽ അരങ്ങേറിയത്. സഭയിലേക്ക് വന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരിടേണ്ടി വന്നത് അസാധാരണമായ പ്രതിഷേധമാണ്. തുടർന്നുണ്ടായ സംഭവങ്ങളാകട്ടെ അത്യപൂർവവും. പ്രതിപക്ഷത്തിന്റെ പ്രതിഷേധം കനത്തപ്പോൾ ഗവർണർ ഒന്നു പകച്ചു. അടുത്തനിമിഷം കൈകൂപ്പി പുഞ്ചിരിച്ച് 'മിസ്റ്റർ കൂളായി' നിന്നു. ആ ഇരുപത് മിനിട്ടുകൾ...
രാവിലെ 8.55
ഗവർണറുടെ വാഹനം നിയമസഭയുടെ കവാടം കടന്നെത്തുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ പി.ശ്രീരാമകൃഷ്‌ണൻ, മന്ത്രി എ.കെ.ബാലൻ, ചീഫ് സെക്രട്ടറി ടോംജോസ്, നിയമസഭാ സെക്രട്ടറി എസ്.വി.ഉണ്ണികൃഷ്‌ണൻ നായർ എന്നിവർ ചേർന്ന് സ്വീകരിക്കുന്നു.
8.57
ഗവർണർ സഭയിലേക്കെത്തുന്നതായി ചീഫ് മാർഷലിന്റെ അറിയിപ്പ്. അൻവർ സാദത്ത്, വി.ടി.ബൽറാം, കെ.എസ്.ശബരീനാഥൻ എന്നിവരുടെ നേതൃത്വത്തിൽ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി. സ്പീക്കർക്കും മുഖ്യമന്ത്രിക്കുമൊപ്പം ഗവർണർ സഭയുടെ പടികടന്നെത്തി.
8.58
ഗവർണറുടെ വഴിയിൽ പ്രതിപക്ഷാംഗങ്ങൾ നിലയുറപ്പിച്ചു. ഗവർണർ ഗോ ബാക്ക് വിളികൾ ഉയർന്നു. പ്ലക്കാർഡുകൾ ഉയർത്തിക്കാട്ടി.
8.59
ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ ഗവർണർ മുന്നോട്ട്. പ്രതിപക്ഷം ഗവർണറെ തടഞ്ഞു. കൈകൂപ്പി തൊഴുത്, പുഞ്ചിരിച്ച് ഗവർണർ. പ്രതിപക്ഷാംഗങ്ങളെ അനുനയിപ്പിക്കാൻ സ്പീക്കറുടെ ശ്രമം.
9.00
ഗവർണർ വാപസ് ജാവോ ' (ഗവർണർ മടങ്ങിപ്പോവൂ) എന്ന് ഹിന്ദിയിലും മുദ്രാവാക്യങ്ങൾ. ഗവർണറോട് മടങ്ങിപ്പോവാൻ പി.കെ.ബഷീർ ആവശ്യപ്പെടുന്നു. അ പോഴും ഗവർണർ കൈകൂപ്പി തൊഴുതു. സ്പീക്കർ മുഖ്യമന്ത്രിയുമായി സംസാരിക്കുന്നു. വേറെ വഴി പോകാമെന്ന് മന്ത്രി ബാലൻ ഗവർണറോട്.
9.01
ബാൻഡ് മേളം നിറുത്തി. മുദ്രാവാക്യം വിളികൾ ഇംഗ്ലീഷിലായി. ' ഹലോ മിസ്റ്റർ ആരിഫ് ഖാൻ, ഡൂ യൂ നോ കോൺസ്റ്റിറ്റ്യൂഷൻ, ഡൂ യൂ നോ സെക്കുലറിസം, ഗോ ആൻഡ് റീഡ് കോൺസ്റ്റിറ്റ്യൂഷൻ' (നിങ്ങൾക്ക് ഭരണഘടന അറിയുമോ, മതേതരത്വം അറിയുമോ, പോയി ഭരണഘടന വായിക്കൂ)
9.03
സ്പീക്കർ നിയമസഭാസെക്രട്ടറിയുമായും മുഖ്യമന്ത്രിയുമായും സംസാരിക്കുന്നു. വാച്ച് ആൻഡ് വാർഡിനെ വിളിക്കാൻ മാർഷലിന് സ്പീക്കറുടെ നിർദ്ദേശം.
9.04
പ്രതിപക്ഷ ബെഞ്ചിന് പിന്നിലൂടെ 21ഉം ഭരണപക്ഷത്തിനു പിന്നിലൂടെ 12ഉം വാച്ച് ആൻഡ് വാർഡ് സഭയിൽ. അവർ ഗവർണർക്കും സ്പീക്കർക്കും മുഖ്യമന്ത്രിക്കും സംരക്ഷണ വലയമൊരുക്കി. ഗവർണർ നടക്കാൻ ശ്രമിച്ചപ്പോൾ പ്രതിപക്ഷം വഴിയിൽ കുത്തിയിരുന്നു.
9.05
വീണ്ടും ബാൻഡ് മുഴങ്ങി. വാച്ച് ആൻഡ് വാർഡിന്റെ വലയത്തിൽ ഗവർണർ മുന്നോട്ട്. നിലത്തുകിടന്ന അൻവർ സാദത്ത് അടക്കമുള്ളവരെ വാച്ച് ആൻഡ് വാർഡ് എടുത്തുമാറ്റി. എൽദോസ് കുന്നപ്പള്ളിൽ വാച്ച് ആൻഡ് വാർഡിന് മുകളിലേക്ക് വീണു. പ്രതിപക്ഷാംഗങ്ങളെ ബലംപ്രയോഗിച്ച് നീക്കി. ടി.വി. ഇബ്രാഹിമിനെ വലിച്ച് മാറ്റി.
9.06
വാച്ച് ആൻഡ് വാർഡിന്റെ വലയത്തിൽ ഗവർണർ, സ്പീക്കറുടെ പോഡിയത്തിലേക്ക് കയറി. പ്രതിപക്ഷ പ്രതിഷേധം കനത്തു. അംഗങ്ങൾ മുകളിലേക്ക് കയറാതിരിക്കാൻ പോഡിയത്തിനു മുന്നിൽ വാച്ച് ആൻഡ് വാർഡ് നിലയുറപ്പിച്ചു. ഷെയിം, ഷെയിം ഗവർണർ വിളികൾ ഉയർന്നു. പുഞ്ചിരിച്ച്, തൊഴുത് ഗവർണർ.
9.07ന്
നയപ്രഖ്യാപനത്തിന് ഗവർണർ തയ്യാറായി. ദേശീയഗാനം പൂർത്തിയായി. ഗോബാക്ക് വിളികളുമായി പ്രതിപക്ഷം നടുത്തളത്തിൽ. ബഹളം അതിരൂക്ഷം. സ്പീക്കർ നയപ്രഖ്യാപനത്തിനായി ഗവർണറെ ക്ഷണിച്ചു. പ്രതിഷേധക്കാർക്കു നേരെ ഗവർണർ വീണ്ടും കൈകൂപ്പി.
9.09
ഗവർണർ പ്രസംഗം ആരംഭിച്ചു. കടലാസ് രഹിത നിയമസഭയിൽ നയപ്രഖ്യാപനം നടത്തുന്നതിൽ സന്തോഷമുണ്ടെന്നും ഇ - സഭ നടപ്പാക്കിയ സ്പീക്കറെയും സാമാജികരെയും ജീവനക്കാരെയും അഭിനന്ദിക്കുന്നതായും ഗവർണർ മലയാളത്തിൽ പറഞ്ഞു. അൻവർ സാദത്തിന്റെ നേതൃത്വത്തിൽ പ്രതിപക്ഷാംഗങ്ങൾ ബഹളം തുടർന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ജനാധിപത്യം നശിച്ചെന്നും ഗവർണർ മടങ്ങണമെന്നും ഇംഗ്ലീഷിൽ പ്രസംഗിക്കുന്നു.
9.11
പ്രതിപക്ഷം വാക്കൗട്ട് നടത്തി. ഷാനിമോളും മഞ്ഞളാംകുഴി അലിയും കെ.എം.ഷാജിയും ഗവർണർക്കു നേരെ തിരിഞ്ഞ് ഗോബാക്ക് വിളിച്ചു. പ്ലക്കാർഡുമായി മുന്നോട്ടാഞ്ഞ ഷാജിയെ ചെന്നിത്തല പിന്തിരിപ്പിച്ചു. ഗവർണറുടെ വരവറിയിച്ച മൈക്കിലൂടെ സമാന്തര പ്രസംഗം നടത്താൻ റോജി എം.ജോണും കൂട്ടരും ശ്രമിച്ചെങ്കിലും മൈക്ക് ഓഫാക്കി. പ്രതിപക്ഷാംഗങ്ങൾ സഭാ കവാടത്തിൽ കുത്തിയിരുന്നു.
9.13
സഭ ശാന്തമായി. ഭരണനേട്ടങ്ങൾ ഗവർണർ എടുത്തുപറഞ്ഞപ്പോൾ ഭരണപക്ഷം കൈയടിച്ചു.
9.15
വാച്ച് ആൻഡ് വാർഡിനെ സഭയിൽ നിന്ന് പിൻവലിച്ചു. ഗവർണർ പ്രസംഗം തുടർന്നു.