thief

കുഴിത്തുറ: മാർത്താണ്ഡത്തെ സ്വർണക്കടയിലും സ്വർണക്കടക്കാരന്റെ വീട്ടിലും നിന്ന് 177പവനും 2 ലക്ഷം രൂപയും കവർന്ന സംഭവത്തിൽ തക്കല ഡി.എസ്.പി രാമചന്ദ്രന്റെ നേതൃത്വത്തിൽ 4സ്പെഷ്യൽ സ്‌ക്വാഡുകൾ രൂപീകരിച്ച് അന്വേഷണമാരംഭിച്ചു. കഴിഞ്ഞ ഡിസംബറിൽ മാർത്താണ്ഡത്തെ ചിലങ്ക എന്ന സ്വർണക്കടയിൽ നിന്ന് 120 പവൻ കവർന്നിരുന്നു. ആ സംഘത്തിന് ഇപ്പോഴത്തെ കവർച്ചയിൽ പങ്കുണ്ടോ എന്നും, മോഷ്ടാവ് കേരളത്തിലേക്ക് കടന്നിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. മോഷ്ടാവിന്റെ വിരലടയാളം ലഭിച്ചിട്ടുണ്ട്.

മാർത്താണ്ഡം വിരിക്കോട്‌ സ്വദേശി ആസയ് തമ്പിയുടെ മകൻ പൊൻവിജയുടെ (40) കടയിലാണ് മോഷണം നടന്നത്. പൊൻവിജയ് മാർത്താണ്ഡം ബസ്‌സ്റ്റാൻഡിന്റെ എതിർവശത്ത് ജയശ്രീ എന്ന സ്വർണക്കടയും ഹാർഡ്‌വെയർ കടയും നടത്തുകയാണ്. ചൊവ്വാഴ്ച രാവിലെ വീട്ടിലെ പൂജാമുറിയിൽ ഉണ്ടായിരുന്ന 57പവനും കടയുടെ താക്കോലും നഷ്ടമായതു കണ്ട പൊൻവിജയ്, കടയിൽ ചെന്ന് പരിശോധിച്ചപ്പോഴാണ് 120പവനും 2ലക്ഷം രൂപയും നഷ്ടമായത് അറിയുന്നത്. തക്കല ഡി.എസ്.പി രാമചന്ദ്രന്റെ നിർദ്ദേശ പ്രകാരം കുലശേഖരം എസ്.ഐ സുന്ദരലിംഗം, മാർത്താണ്ഡം എസ്.ഐ ശിവശങ്കർ, കളിയിക്കാവിള എസ്.ഐ രഘുബാലാജി, തിരുവട്ടാർ എസ്.ഐ അരുളപ്പൻ എന്നിവരുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്‌ക്വാഡുകളാണ് അന്വേഷണം നടത്തുന്നത്. 7കിലോമീറ്റർ ചുറ്റളവിലുള്ള സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരുന്നു.