പൗരത്വ ഭേദഗതി നിയമത്തെച്ചൊല്ലി സർക്കാരും ഗവർണറും തമ്മിൽ നിലനിൽക്കുന്ന രൂക്ഷമായ ഭിന്നതയുടെ പശ്ചാത്തലത്തിൽ നിയമസഭയുടെ ഇൗവർഷത്തെ ആദ്യസമ്മേളനം അത്യപൂർവമായതും അരുതാത്തതുമായ പല രംഗങ്ങൾക്കും വേദിയാകുമെന്നാണ് പൊതുവേ കരുതിയത്. എന്നാൽ പ്രതിപക്ഷം ഗവർണറെ തടഞ്ഞതും സഭയിൽ പതിവുള്ള ചില പ്രതിഷേധ പ്രകടനങ്ങൾ നടത്തിയതുമൊഴിച്ചാൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ശാന്തമായി കടന്നുപോയി.
ഗവർണറും സർക്കാരും തമ്മിലുള്ള ഭരണഘടനാ തർക്കത്തിൽ ആരു ജയിച്ചു ആരു തോറ്റു എന്നതല്ല പ്രശ്നം. ഇരുകൂട്ടരും അങ്ങേയറ്റം ഒൗചിത്യം കാണിച്ചു എന്നതാണ് ഏറെ ശ്രദ്ധേയം. നയപ്രഖ്യാപന പ്രസംഗത്തിലെ പതിനെട്ടാം ഖണ്ഡിക പൗരത്വ നിയമ ഭേദഗതി പരാമർശിക്കുന്നതാണ്. ആദ്യംതൊട്ടേ ഭേദഗതി നിയമത്തെ സാധൂകരിച്ച് പരസ്യ നിലപാടെടുത്തുവരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇൗ വിവാദ ഭാഗം വായിക്കാതിരിക്കുകയോ അതിനെതിരെ പരാമർശം നടത്തുകയോ ചെയ്യുമെന്നായിരുന്നു പൊതുധാരണ. എന്നാൽ അത് രണ്ടുമുണ്ടായില്ല. സർക്കാർ പലവട്ടം അഭ്യർത്ഥന നടത്തിയിട്ടും തന്റെ നിലപാടിൽ ഗവർണർ ഉറച്ചുനിന്നതോടെ നിയമസഭ ഒരു ഏറ്റുമുട്ടലിന് വേദിയാകുമോ എന്ന സന്ദേഹത്തിലായിരുന്നു ഏവരും. എന്നാൽ ഏവരെയും അമ്പരപ്പിച്ച് ഗവർണർ നയപ്രഖ്യാപന പ്രസംഗം വള്ളിപുള്ളി വിടാതെ വായിക്കുകയാണുണ്ടായത്.
പതിനെട്ടാം ഖണ്ഡികയോടുള്ള എതിർപ്പ് അറിയിച്ചുകൊണ്ടുതന്നെ അതും അദ്ദേഹം സഭയിൽ വായിച്ചു. മുഖ്യമന്ത്രിയുടെ അഭ്യർത്ഥന മാനിച്ചും അദ്ദേഹത്തോടു ബഹുമാനമുള്ളതുകൊണ്ടുമാണ് തന്റെ ഇൗ നിലപാടുമാറ്റം എന്ന വിശദീകരണവും ഒപ്പമുണ്ടായി. ഏതായാലും കഴിഞ്ഞ കുറെ ദിവസങ്ങളായി നടന്നുവരുന്ന വിവാദങ്ങൾക്കും തലനാരിഴകീറിയുള്ള ചർച്ചകൾക്കും ഇങ്ങനെ ശുഭപര്യവസാനമുണ്ടായത് സന്തോഷകരമായ കാര്യമാണ്. സംസ്ഥാനത്തെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഇത്തരം രാഷ്ട്രീയ വിവാദങ്ങൾ അവരെ നേരിട്ടുബാധിക്കുന്നതല്ല. രാഷ്ട്രീയം ജീവിതത്തിന്റെ ഭാഗമായിപ്പോയതുകൊണ്ട് ഏതുവിഷയവും വികാരപരമായിത്തന്നെ സ്വാധീനിക്കുന്നതുകൊണ്ടാണ് നിസാര പ്രശ്നങ്ങൾപോലും മാനത്തോളം വലുതായി കാണാൻ അവർ തയ്യാറാകുന്നത്. അധികാരത്തിലിരിക്കുന്ന സർക്കാരിന്റെ അടുത്ത ഒരുവർഷത്തെ ഭരണനടപടികളും ചെയ്യാനുറച്ച പുതിയ പദ്ധതികളും ഉൾക്കൊള്ളുന്നതാണെങ്കിൽ പോലും ഗവർണർമാർ നിയമസഭകളിൽ ആയാസപ്പെട്ടുവായിക്കുന്ന നയപ്രഖ്യാപന പ്രസംഗങ്ങൾ ജനങ്ങളിൽ വിശേഷാൽ താത്പര്യമൊന്നും ജനിപ്പിക്കാറില്ല..
അതുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടായതുപോലെ വിവാദങ്ങളെന്തെങ്കിലും കയറിവരുമ്പോഴാണ് ജനദൃഷ്ടി അതിൽ കേന്ദ്രീകരിക്കുന്നത്. ഗവർണറെക്കൊണ്ട് ഇങ്ങനെയൊരു പ്രസംഗം ചെയ്യിക്കുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടി അത് ഒഴിവാക്കണമെന്ന അഭിപ്രായപ്പെടുന്നവർ ധാരാളമുണ്ട്. സർക്കാരിന്റെ നയപരിപാടികൾ വിശദീകരിക്കാൻ മുഖ്യമന്ത്രിയെക്കാൾ യോഗ്യതയുള്ള മറ്റാരുമില്ലെന്ന വാദവും ഉയരാറുണ്ട്.എന്നാൽ കാലഹരണപ്പെട്ട പല കീഴ്വഴക്കങ്ങളും എന്തിനെന്നില്ലാതെ ജനാധിപത്യ ഭരണ സംവിധാനത്തിന്റെ ഭാഗമായി തുടരുന്നതിനാൽ നയപ്രഖ്യാപന പ്രസംഗമെന്ന ആചാരം ഇപ്പോഴും തുടരുന്നു. ഗവർണർ അനഭിമതനാണെങ്കിൽ ആ വകയിൽ സഭയിൽ ഉദ്വേഗജനകമായ രംഗങ്ങൾ സൃഷ്ടിക്കാൻ അത് അവസരവുമാകുന്നു.
ഏതായാലും പൗരത്വഭേദഗതി നിയമത്തോടുള്ള സംസ്ഥാനത്തിന്റെ കടുത്ത എതിർപ്പ് ഉൾക്കൊള്ളുന്ന നയപ്രഖ്യാപന പ്രസംഗം അതേപടി സഭയിൽ വായിച്ചതിലൂടെ ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ സർക്കാരിന് അലോസരമൊന്നുമുണ്ടാക്കിയില്ലെന്നത് അഭിനന്ദനീയമാണ്. സർക്കാരുമായി ഒരു ഏറ്റുമുട്ടൽ ഒഴിവാക്കേണ്ടത് ഗവർണറെന്ന നിലയിൽ തന്റെ സ്ഥാനത്തിനും അന്തസിനും അനിവാര്യമാണെന്ന ബോദ്ധ്യമാകാം അവസാന മണിക്കൂറിലെ ഇൗ നിലപാടുമാറ്റം എന്നു കരുതാം.
സംസ്ഥാനത്തെ ജനങ്ങളിൽ ഭൂരിപക്ഷവും പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിൽക്കുമ്പോൾ അവരുടെ വികാരം മാനിക്കാനുള്ള ധാർമ്മിക ബാദ്ധ്യത ഗവർണർക്കുണ്ട്. നയപ്രഖ്യാപന പ്രസംഗത്തിലെ വിവാദപരമായ പതിനെട്ടാം ഖണ്ഡികയും വായിച്ചതുവഴി ഭരണത്തലവൻ എന്ന നിലയിൽ തന്റെ ചുമതല നിറവേറ്റുകയാണ് അദ്ദേഹം ചെയ്തത്. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളല്ല ഇവിടെ പ്രസക്തം. കാര്യങ്ങൾ ഇൗവിധം മംഗളമായി കലാശിച്ചതിലൂടെ മുഖ്യമന്ത്രി പിണറായി വിജയനും അഭിമാനിക്കാൻ ഏറെയുണ്ട്. ഗവർണറുമായുള്ള ഭിന്നത ഒരിക്കൽ പോലും മര്യാദയുടെ സീമകടക്കാതെ അങ്ങേയറ്റം സൗമ്യതയോടെ അദ്ദേഹം കൈകാര്യം ചെയ്തു.
നയപ്രഖ്യാപന വിഷയത്തിൽ സർക്കാർ പിടിച്ചിടത്തുതന്നെ കാര്യങ്ങൾ എത്തിച്ചതിൽ മുഖ്യമന്ത്രിക്കും സഹപ്രവർത്തകർക്കും അഭിമാനം കൊള്ളാം. അതേസമയം സഭയിൽ ഇന്നലെ പ്രതിപക്ഷം ഗവർണറോടുള്ള പ്രതിഷേധത്തിന്റെ പേരിൽ കാട്ടിക്കൂട്ടിയ രംഗങ്ങൾ ഒട്ടും നിലവാരമില്ലാത്തതായിപ്പോയി. ആരുടെ ആസൂത്രണമായാലും ജനങ്ങളിൽ അവമതിപ്പുണ്ടാക്കാനേ ഇത്തരം അതിരുവിട്ട നടപടികൾകൊണ്ടു സാധിക്കൂ. ഗവർണറോട് ഭരണപക്ഷത്തെക്കാൾ എതിർപ്പ് തങ്ങൾക്കാണെന്ന് വരുത്തിക്കൂട്ടാൻ എന്തെല്ലാമാണ് അവർ സഭയിൽ കാണിച്ചത്.