shabanam

തിരുവനന്തപുരം: ഒരു തേങ്ങ ഭാര്യയുടെ തലയിൽ വന്ന് വീണപ്പോൾ ബീമാപള്ളി മാമൂട്ടുവിളാകം സ്വദേശി അബ്ദുൾഷുക്കൂർ കരുതിയില്ല അത് തന്റെ സന്തോഷകരമായ ജീവിതത്തിന്റെ തകർച്ചയുടെ തുടക്കമാണെന്ന്. ഒരിക്കലും മോചനം ലഭിക്കാത്ത ദുരിതത്തിലേക്ക് വിധി തള്ളിവിട്ടെങ്കിലും തളർന്നു കിടക്കുന്ന ഭാര്യയ്ക്കും മകൾക്കും വേണ്ടി ഓരോ ദിവസവും ജീവിതത്തോട് മല്ലടിക്കുകയാണ് അറുപത്തിയൊന്നുകാരനായ അബ്ദുൾഷുക്കൂർ. തലച്ചോറ് ചുരുങ്ങുന്ന അപൂർവ രോഗമാണ് ഷുക്കൂറിന്റെ ഭാര്യ അമ്പത്തിമൂന്നുകാരി ഷഹബാനത്തിനും മകൾ ആയിഷക്കും. ഗ‌ർഭിണിയായിരുന്ന ഷഹബാനത്തിന്റെ തലയിൽ 16 വർഷം മുമ്പ് തേങ്ങവീണതോടെയാണ് ഇവരുടെ ജീവിതം താളംതെറ്റി തുടങ്ങിയത്. ജോലിതേടി ഷുക്കൂർ വിദേശത്തേക്ക് പോയതിന് പിന്നാലെയാണ് തുണി അലക്കുന്നതിനിടെ ഷഹബാനത്തിന്റെ തലയിൽ തേങ്ങവീണത്. വലിയ കുഴപ്പമില്ലായിരുന്നെങ്കിലും രണ്ടാഴ്‌ച കഴിഞ്ഞ് ജന്നി വന്നതോടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നാലെ ഷുക്കൂറും നാട്ടിലെത്തി. ആദ്യഘട്ടത്തിൽ കൃത്യമായി രോഗം കണ്ടെത്തിയില്ല. ഗർഭിണിയായിരുന്ന ഷഹബാത്ത് ഇതിനിടെ കുഞ്ഞിന് ജന്മം നൽകി. വർഷങ്ങൾക്ക് ശേഷം വീണ്ടും ജന്നിവന്നതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചപ്പോഴാണ് മുൻപ് തേങ്ങ വീണതിന്റെ ആഘാതത്തിൽ, തലച്ചോറ് ചുരുങ്ങുന്ന മൈൽഡ് ഡിഫ്യൂസ് സെർബ്രൽ അറ്റോർഫിയെന്ന രോഗം ബാധിച്ചതായി കണ്ടെത്തിയത്. തുടർന്ന് കിടപ്പിലായ ഷഹബാനത്തിന്റെ കണ്ണിന്റെ കാഴ്ചയും ക്രമേണ കുറഞ്ഞു. ചികിത്സയുമായി മുന്നോട്ട് പോകുന്നതിനിടയിലും മകൾ ആയിഷയെ നന്നായി വളർത്തി. എന്നാൽ 2017ൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന ആയിഷ സ്കൂളിൽ തലചുറ്റി വീണു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ആയിഷയ്ക്കും സമാനമായ രോഗമാണന്ന് കണ്ടെത്തിയത്. ഇപ്പോൾ വാടകവീട്ടിൽ അമ്മയും മകളും കിടപ്പിലാണ്. പ്രതിമാസം ഇരുവർക്കും മരുന്നിന് മാത്രമായി 30,000ത്തോളം രൂപവേണം. ഷുക്കൂർ ഒാട്ടോ ഓടിച്ചു കിട്ടുന്ന തുച്ഛമായ വരുമാനമാണ് ഏകമാർഗം. ഇരുവരെയും പരിചരിക്കേണ്ടതും വീട്ടുജോലികൾ ചെയ്യേണ്ടതും ഷുക്കൂറാണ്. വൃക്കയിൽ കല്ലിന്റെ അസുഖം പിടിപെട്ടതോടെ ഷുക്കൂറിന് ഇപ്പോൾ ദിവസേന പണിക്ക് പോകാനാത്ത സ്ഥിതിയാണ്. അടുത്തിടെ ഷഹബാനത്തിന് രോഗം മൂർച്ഛിച്ചു. തുടർന്നുള്ള പരിശോധനയിൽ കിഡ്നിയിലും പിത്താശയ സഞ്ചിയിലും കല്ലിന്റെ രോഗം കണ്ടെത്തി. ദിനംപ്രതി കൂടുതൽ മരുന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഇരുവർക്കും തണലൊരുക്കാൻ ഷുക്കൂർ ഇന്നും നെട്ടോട്ടമോടുകയാണ്. സുമനസുകൾ കനിഞ്ഞാൽ മാത്രമേ ഇനി ചികിത്സ മുന്നോട്ട് കൊണ്ടുപോകാൻ കഴിയൂവെന്ന് ഷുക്കൂർ നിറകണ്ണുകളോടെ പറയുന്നു. അക്കൗണ്ട് നമ്പ‌ർ - 67258592891,എസ്.ബി.ഐ പൂന്തുറ ബ്രാഞ്ച്, IFSC SBIN 0070422. ഫോൺ: 9895596028