ramesh-chennithala

തിരുവനന്തപുരം: നിയമസഭയിലെ സംഭവവികാസങ്ങളിലൂടെ ഗവർണറും മുഖ്യമന്ത്രിയും 'ഭായി ഭായി" ആണെന്ന് തെളിഞ്ഞതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഗവർണറുടെ നയപ്രഖ്യാപനം ബഹിഷ്‌കരിച്ചിറങ്ങിയ പ്രതിപക്ഷം നിയമസഭാ കവാടത്തിന് മുന്നിൽ നടത്തിയ പ്രതിഷേധത്തിനിടെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലാവ്‌ലിൻ കേസിൽ നിന്ന് രക്ഷപെടാൻ നരേന്ദ്ര മോദിയുടെ സഹായത്തിനായി ഗവർണറെ മുഖ്യമന്ത്രി പാലമാക്കിയിരിക്കുകയാണ്. നയപ്രഖ്യാപനത്തിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പരാമർശങ്ങൾ വായിക്കില്ലെന്ന നിലപാട് മുഖ്യമന്ത്രി കാലുപിടിച്ചതിനാൽ മാറ്റിയെന്ന് ഗവർണർ വ്യക്തമാക്കിയതോടെ അവർക്കിടയിലെ അന്തർധാര വ്യക്തമായി.

ഗവർണർ ആർ.എസ്.എസ് ഏജന്റാണ്. ഗവർണറെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെ ദുർബലപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്. പ്രതിപക്ഷ സാമാജികരെ

മർദ്ദിച്ചശേഷമാണ് ഗവർണറെ നിയമസഭയിലേക്ക് കൊണ്ടുപോയത്. എം.എൽ.എമാരെ മർദ്ദിച്ചതിൽ പ്രതിഷേധിക്കുന്നു. ധാർഷ്ട്യത്തിനും ധിക്കാരത്തിനും മുന്നിൽ കീഴടങ്ങില്ല. പൗരത്വ വിഷയത്തിൽ മുഖ്യമന്ത്രിക്ക് ആത്മാർത്ഥതയില്ല. ഗവർണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയത്തിൽ ഉറച്ചുനിൽക്കുന്നു. പ്രമേയം പിന്തുണയ്‌ക്കുകയാണ് സർക്കാർ ചെയ്യേണ്ടത്.

സഭയിലേക്ക് വാച്ച് ആൻഡ് വാർഡിനെ വിളിക്കേണ്ടെന്ന കീഴ്‌വഴക്കം സ്‌പീക്കർ പി. ശ്രീരാമകൃഷ്ണൻ തെറ്റിച്ചു. ആരിഫ് മുഹമ്മദ് ഖാൻ മുൻ ഗവർണർ പി.സദാശിവത്തെ മാതൃകയാക്കണമെന്നും ചെന്നിത്തല പറഞ്ഞു.