തിരുവനന്തപുരം: തൊഴിലന്വേഷകരിൽ നിന്ന് തൊഴിൽ ദാതാക്കളെന്ന നിലയിലേക്ക് യുവാക്കൾ മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ സംഘടിപ്പിച്ച 'എൻലൈറ്റ് 2020' സംരംഭകത്വ വികസന ക്ലബ് കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
നാട്ടിൽ വ്യവസായങ്ങൾ വളരാനുള്ള എല്ലാ സാഹചര്യവും ഇപ്പോഴുണ്ട്. വ്യവസായം ആരംഭിക്കുന്നത് സംബന്ധിച്ച പ്രശ്‌നങ്ങൾ പരിഹരിച്ച് ഈസ് ഒഫ് ഡൂയിംഗ് ബിസിനസിനായി ഏഴുനിയമങ്ങളും പത്തു ചട്ടങ്ങളും ഭേദഗതി ചെയ്തു. വ്യവസായ സൗഹൃദ സംസ്ഥാനങ്ങളിൽ ആദ്യ അഞ്ച് സ്ഥാനത്തിനുള്ളിൽ കേരളത്തെ എത്തിക്കാനാണ് ശ്രമം. കൊച്ചിയിൽ നടന്ന അസെന്റ് നിക്ഷേപക സംഗമത്തിൽ ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനമാണ് ലഭിച്ചത്. ഇവിടെയാണ് യുവ സംരംഭകരുടെ പ്രാധാന്യം വർദ്ധിക്കുന്നത്. ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് സാഹചര്യമാണ് കേരളത്തിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുവസംരംഭകരുടെ കരുത്തും ശക്തിയും പ്രായോഗികതലത്തിലെത്തിക്കണമെന്ന് ചടങ്ങിൽ അദ്ധ്യക്ഷനായ വ്യവസായ മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. തൊഴിൽരഹിതർ ഇല്ലാത്ത നാടാക്കി കേരളത്തെ മാറ്റാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്. വിദ്യാസമ്പന്നരായ യുവതലമുറയുടെ അറിവുകളും കഴിവുകളും ഫലപ്രദമായ ഉത്പന്നങ്ങളായും സംരംഭങ്ങളായും മാറ്റാനാകണമെന്നും സാമൂഹ്യ ജീവിതവുമായി ഉത്പാദന മേഖലയെ ബന്ധപ്പെടുത്താനാണ് സംരംഭകത്വ വികസന ക്ലബ്ബുകളിലൂടെ കലാലയങ്ങളിൽ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വി.കെ. പ്രശാന്ത് എം.എൽ.എ, മേയർ കെ.ശ്രീകുമാർ, കൗൺസിലർ കെ.മുരളീധരൻ തുടങ്ങിയവർ സംബന്ധിച്ചു. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ സ്വാഗതവും ഡയറക്ടർ കെ.ബിജു നന്ദിയും പറഞ്ഞു.