1
നിയമസഭയിൽ നയപ്രഖ്യാപനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പ്രതിപക്ഷാംഗങ്ങൾ പ്ലക്കാർഡുകളുമായ് വഴിയിൽ തടഞ്ഞ് നടത്തിയ പ്രതിഷേധം

തിരുവനന്തപുരം:പൗരത്വഭേദഗതി നിയമം ഭരണഘടനാവിരുദ്ധമാണെന്ന് പരാമർശിക്കുന്ന സംസ്ഥാന സർക്കാരിന്റെ നയപ്രഖ്യാപനത്തിലെ ഭാഗം വായിക്കില്ലെന്ന കടുത്ത നിലപാടിലായിരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒടുവിൽ വഴങ്ങി. തന്റെ വിയോജിപ്പ് തുറന്നു പറഞ്ഞുകൊണ്ട് അദ്ദേഹം ഇക്കാര്യത്തിൽ സർക്കാരിന്റെ നിലപാട് വ്യക്തമാക്കുന്ന ഭാഗങ്ങൾ പൂർണമായി വായിച്ചു.പ്രതിപക്ഷം സഭയിൽ നടത്തിയ വഴിതടയലിനും പ്രതിഷേധ മുദ്രാവാക്യങ്ങൾക്കും ഇടയിലായായിരുന്നു നയപ്രഖ്യാപനം.

പൗരത്വ ഭേദഗതി നിയമ പ്രശ്നത്തിൽ സർക്കാരിന്റെ ആശങ്ക നയപ്രഖ്യാപനത്തിൽ പറയുക തന്നെ വേണമെന്നും ഗവർണർ മന്ത്രിസഭയുടെ ഉപദേശമനുസരിച്ച് പ്രവർത്തിക്കുകയെന്ന ഭരണഘടനാ ബാദ്ധ്യത നിറവേറ്റണമെന്നും അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പുലർച്ചെ അയച്ച കത്താണ് ഗവർണറുടെ മനസ് മാറ്റിയതെന്ന് കരുതുന്നു. ഭരണഘടന സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച ഗവർണർക്ക് ഭരണഘടനാപരമായ സ്വന്തം കർത്തവ്യം ലംഘിക്കാനാവാത്ത സ്ഥിതിയായി. ഒപ്പം സ്വന്തം നിലപാടിന്റെ സാധൂകരണം പോലെ തന്റെ വിയോജിപ്പ് തുറന്നു പറയാനും അവസരമായി. നയപ്രഖ്യാപനത്തിലെ വിവാദ ഭാഗങ്ങൾ വായിച്ചതിലൂടെ, ഗവർണറെ തിരിച്ചു വിളിക്കണമെന്ന പ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുന്ന പ്രതിപക്ഷ നീക്കത്തിന്റെ മൂർച്ച കുറയ്‌ക്കാനും മൊത്തത്തിൽ ഏറ്റുമുട്ടലിന്റെ അന്തരീക്ഷത്തിൽ മഞ്ഞുരുകാനും ഇതോടെ കളമൊരുങ്ങി. പൗരത്വഭേദഗതി നിയമത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കിയതിലും തന്നോടാലോചിക്കാതെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിലും രൂക്ഷമായി പ്രതികരിച്ച ഗവർണർ സഭയിൽ നയപ്രഖ്യാപനം മൊത്തം വായിച്ചത് ആന്റി ക്ലൈമാക്സായി.പിണറായി സർക്കാരിന് രാഷ്ടീയ നേട്ടവും.

സഭയിൽ വഴിതടയൽ

പത്ത് മിനിട്ടോളം

മുദ്രാവാക്യങ്ങളും പ്ലക്കാർഡുകളുമായി പ്രതിപക്ഷം സഭയിൽ ഗവർണറെ തടഞ്ഞ നാടകീയ സംഭവങ്ങൾക്കൊടുവിലായിരുന്നു ഗവർണറുടെ നയപ്രഖ്യാപനം. ഗവർണർ ഗോ ബാക്ക്, ഗവർണർ വാപസ് ജാവോ എന്നിങ്ങനെ ഹിന്ദിയിലും ഇംഗ്ലീഷിലും മുദ്രാവാക്യം മുഴക്കിയ പ്രതിപക്ഷം സഭയിൽ ഗവർണർ വരുന്ന വഴി പ്രതിരോധിച്ചത് അമ്പരപ്പിക്കുന്ന നീക്കമായി.

സഭയിൽ രാവിലെ 8.58നാണ് ഗവർണർ എത്തിയത്. പ്രതിപക്ഷം പത്ത് മിനിറ്റോളം ഗവർണറെയും അദ്ദേഹത്തെ ആനയിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, സ്‌പീക്കർ പി. ശ്രീരാമകൃഷ്ണൻ, പാർലമെന്ററി കാര്യമന്ത്രി എ.കെ. ബാലൻ, ചീഫ്സെക്രട്ടറി ടോം ജോസ് എന്നിവരെയും തടഞ്ഞു. സ്പീക്കറും മന്ത്രി ബാലനും സംസാരിച്ചിട്ടും അവർ പിന്മാറിയില്ല. തുടർന്ന് സ്പീക്കർ വിളിച്ചുവരുത്തിയ വാച്ച് ആൻഡ് വാർഡ് ചെറിയ ബലപ്രയോഗത്തിലൂടെ അംഗങ്ങളെ ഇരുവശത്തേക്കും ഒതുക്കിയാണ് ഗവർണർക്ക് വഴിയൊരുക്കിയത്. 9.08ന് ഡയസിലെത്തിയ ഗവർണർ 9.12ന് പ്രസംഗം ആരംഭിച്ചു. പിന്നാലെ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച് സഭയിൽ നിന്ന്

ഇറങ്ങിപ്പോയി. സഭയെ അവഹേളിച്ച ഗവർണർക്ക് സഭയെ സംബോധന ചെയ്യാൻ അവകാശമില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഹിന്ദിയിലും ഇംഗ്ലീഷിലും വിളിച്ചുപറഞ്ഞു. തുടർന്ന് , നയപ്രഖ്യാപന പ്രസംഗം വായിച്ചുതുടങ്ങിയ ഗവർണർ,പൗരത്വഭേദഗതി നിയമത്തെ വിമർശിക്കുന്ന പതിനെട്ടാമത്തെ ഖണ്ഡികയോട് വിയോജിക്കുന്നുവെന്ന് പറഞ്ഞ ശേഷമാണ് മുഖ്യമന്ത്രിയുടെ ആഗ്രഹം മാനിച്ച് ഇത് വായിക്കുകയാണെന്ന് പറഞ്ഞത്. . ഗവർണറുടെ അപ്രതീക്ഷിത നീക്കത്തിൽ ആദ്യം അമ്പരന്ന ഭരണപക്ഷ അംഗങ്ങൾ പിന്നെ ഡസ്‌കിൽ അടിച്ച് അതിനെ വരവേറ്റു.

പൗരത്വനിയമവുമായി ബന്ധപ്പെട്ട പതിനെട്ടാം ഖണ്ഡിക വായിക്കില്ലെന്ന ഗവർണറുടെ അവസാന കത്ത് ചൊവ്വാഴ്ച അർദ്ധരാത്രിയോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ ലഭിച്ചത്. അതിന് ഇന്നലെ അതിരാവിലെ മുഖ്യമന്ത്രി നൽകിയ മറുപടിയിലാണ് എല്ലാം വായിക്കണമെന്ന് അഭ്യർത്ഥിച്ചത്. രണ്ട് മണിക്കൂർ നീണ്ട പ്രസംഗത്തിൽ ഒരു ഭാഗവും ഗവർണർ വായിക്കാതെ വിട്ടില്ല. ധനപ്രതിസന്ധിയെ പറ്റി കേന്ദ്രത്തിനെതിരായ വിമർശനങ്ങളും അതിൽപ്പെടും. ഗവർണർ എന്ന നിലയിൽ ആരിഫ് മുഹമ്മദ് ഖാന്റെ ആദ്യത്തെ നയപ്രഖ്യാപനമായിരുന്നു ഇത്.

പ്രതിപക്ഷ അംഗങ്ങളായ അൻവർസാദത്ത്, ടി.വി.ഇബ്രാഹിം, എൽദോസ് കുന്നപ്പിള്ളി, എം.വിൻസന്റ് എന്നിവരെ കൈയേറ്റം ചെയ്ത വാച്ച് ആൻഡ് വാർഡിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സ്പീക്കർക്ക് കത്ത് നൽകി. തനിക്ക് വിയോജിപ്പുണ്ടെന്ന് ഗവർണർ പറഞ്ഞത് സഭാരേഖയിൽ നിന്ന് നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിടാതെ വായിച്ച ആ പതിനെട്ടാം ഖണ്ഡിക

"നമ്മുടെ പൗരത്വം ഒരിക്കലും മതത്തിന്റെ അടിസ്ഥാനത്തിലാകരുത്. കാരണം അത് ഭരണഘടനയുടെ അടിസ്ഥാന ഘടകമായ മതേതരത്വത്തിന്റെ ഓരോ അണുവിനും എതിരാണ്. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾക്ക് എതിരാണ് 2019ലെ പൗരത്വഭേദഗതി നിയമമെന്ന് എന്റെ സർക്കാർ വിശ്വസിക്കുന്നതുകൊണ്ടു തന്നെ അത് റദ്ദ് ചെയ്യണമെന്ന് ഈ മഹത്തായ സ്ഥാപനം (നിയമസഭ) ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തിലൂടെ കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിക്കുകയുണ്ടായി. അതിനനുബന്ധമായി ഭരണഘടനയുടെ 131ാം അനുച്ഛേദം അനുസരിച്ച് ബഹുമാന്യ സുപ്രീംകോടതിയിൽ ഒറിജിനൽ സ്യൂട്ടും എന്റെ സർക്കാർ ഫയൽ ചെയ്യുകയുണ്ടായി."