മുടപുരം: അഴൂർ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ 8 മാസത്തെ വേതന കുടിശിക ഉടൻ നൽകുക, വർഷം 100 ദിവസം തൊഴിൽ നൽകുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് അഴൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊഴിലാളികൾ ഫെബ്രുവരി 1ന് രാവിലെ 10ന് അഴൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തുന്നു. പെരുങ്ങുഴി നാലുമുക്ക് ജംഗ്‌ഷനിൽ നിന്നും ആരംഭിക്കുന്ന മാർച്ച് പഞ്ചായത്ത് ഓഫീസിന് മുന്നിൽ എത്തുമ്പോൾ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്. കൃഷ്ണകുമാർ പ്രതിഷേധ പ്രക്ഷോഭം ഉദ്‌ഘാടനം ചെയ്യും. അഴൂർ ഗ്രാമ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഴൂർ വിജയന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ മഹിളാ കോൺഗ്രസ് ചിറയിൻകീഴ് നിയോജകമണ്ഡലം പ്രസിഡന്റ് കെ. ഓമന, ജി.എസ്.ടി.യു മുൻ സംസ്ഥാന പ്രസിഡന്റ് ജെ. ശശി, മഹിളാ കോൺഗ്രസ് നേതാവ് ലൈലാ പനയത്തറ, തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് റീജിയണൽ പ്രസിഡന്റ് കിഴുവിലം രാധാകൃഷ്ണൻ, കോൺഗ്രസ്, ഐ.എൻ.ടി.യു.സി, യൂത്ത് കോൺഗ്രസ് നേതാക്കളായ അഴൂർ രാജു, വി.കെ. ശശിധരൻ, ജി. സുരേന്ദ്രൻ, മുട്ടപ്പലം സജിത്ത്, മാടൻവിള നൗഷാദ്, എ.ആർ. നിസാർ, രഞ്ജിത്ത് പെരുങ്ങുഴി, എസ്.ജി. അനിൽകുമാർ, മോനിഷ് പെരുങ്ങുഴി, അഖിൽ അഴൂർ, മധു പെരുങ്ങുഴി, പി. ഷീജ, റസിയ സലിം, രാഹുൽ അഴൂർ, അർഷാദ് കൊട്ടാരം തുരുത്ത്, പി. ബിജി, ബബിത മനോജ് തുടങ്ങിയവർ പങ്കെടുക്കും.