തിരുവനന്തപുരം: കെ.പി.സി.സി പുനഃസംഘടനയിൽ നാടാർ സമുദായത്തെ പാടെ അവഗണിച്ചതിൽ നാടാർ ഐക്യവേദി സംസ്ഥാന കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പ്രസിദ്ധീകരിക്കപ്പെട്ട പട്ടികയിൽ കോൺഗ്രസിന്റെ വോട്ട് ബാങ്ക് എന്നറിയപ്പെടുന്ന നാടാർ സമുദായത്തിന് പ്രാതിന്നിദ്ധ്യം നൽകാത്തത് വീഴ്ചയാണെന്ന് യോഗം വിലയിരുത്തി.തിരുവനന്തപുരം,വയനാട്,ഇടുക്കി,കൊല്ലം,പത്തനംതിട്ട ജില്ലകളിലായി 36 ലക്ഷത്തോളം വരുന്ന നാടാർ ജനസമൂഹത്തെ നേതൃത്വം കണ്ടില്ലെന്ന് നടിച്ചത് കൊടും വഞ്ചനയാണെന്ന് യോഗം വിലയിരുത്തി. ന്യൂനത പരിഹരിച്ച് പുനഃസംഘടനയിൽ സമുദായത്തിന് മതിയായ പ്രാതിന്നിദ്ധ്യം ഉറപ്പ് വരുത്തണമെന്ന് കെ.പി.സി.സി പ്രസിഡന്റിനോടും എ.ഐ.സി.സി നേതൃത്വത്തോടും ആവശ്യപ്പെടുവാൻ യോഗം തീരുമാനിച്ചു. ഡി.പി. ജയധർമ്മന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പ്രസിഡന്റ് ചാണി അപ്പു ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി മൊട്ടക്കാവ് രാജൻ,കാരോട് ഗബ്രിയേൽ,വെള്ളറട ദാനം,ലക്ഷ്മണൻ നാടാർ എന്നിവർ സംസാരിച്ചു.