sriram-venkittaraman

തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ കെ.എം. ബഷീർ വാഹനമിടിച്ചു കൊല്ലപ്പെട്ട കേസിൽ സസ്‌പെൻഷനിലുള്ള ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുക്കുന്നു. ശ്രീറാമിനെ തിരിച്ചെടുക്കാൻ ചീഫ് സെക്രട്ടറി ടോം ജോസ് ചെയർമാനായ ഉദ്യോഗസ്ഥ സമിതി സർക്കാരിന് ശുപാർശ നൽകി. ആഗസ്റ്റ് മൂന്നിന് രാത്രി 12.55 നാണ് ബഷീർ കൊല്ലപ്പെട്ടത്. അന്നു ശ്രീറാം സർവേ ഡയറക്ടറായിരുന്നു. ഐ.എ.എസ് ഉദ്യോഗസ്ഥരെ ആറ് മാസം വരെ സസ്‌പെൻഡ് ചെയ്യാൻ സർക്കാരിന് അധികാരമുണ്ട്. അതിനുശേഷം ഉദ്യോഗസ്ഥനു കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാം. കേസിൽ പൊലീസ് ഇതുവരെ കുറ്റപത്രം നൽകിയിട്ടില്ല. കുറ്റപത്രം നൽകിയാൽ സസ്‌പെൻഷൻ റദ്ദാക്കാനാവില്ല.

അപകടം നടക്കുമ്പോൾ താനല്ല, ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫയാണു കാർ ഓടിച്ചതെന്നായിരുന്നു ശ്രീറാം ചീഫ് സെക്രട്ടറിക്കു നൽകിയ വിശദീകരണം. അപകടം ഉണ്ടായ ഉടൻ ബഷീറിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചു. പരിശോധനയിൽ രക്തത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്തിയിട്ടില്ലെന്നും ചീഫ് സെക്രട്ടറിയെ ശ്രീറാം അറിയിച്ചിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് ശ്രീറാമിനെ തിരിച്ചെടുക്കാനുള്ള ചീഫ്‌സെക്രട്ടറിയുടെ ശുപാർശ. ഇത് അംഗീകരിച്ച് ശ്രീറാമിനെ ഉടൻ സർവീസിൽ തിരിച്ചെടുക്കുമെന്നാണ് സൂചന.