തിരുവനന്തപുരം: പ്രകൃതിദത്ത വസ്ത്രങ്ങളുടെ നിർമ്മാണത്തിലൂടെ കൈത്തറിയുടെ നഷ്ടപ്പെട്ട ലോകമാർക്കറ്റ് തിരിച്ചുപിടിക്കാനാകുമെന്ന് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. ആരോഗ്യസംരക്ഷണത്തിന് ജൈവ വസ്ത്രം എന്ന ബ്രാൻഡ് സൃഷ്ടിക്കണം. സംസ്ഥാന കൈത്തറി ഡയറക്ടറേറ്റും ഡിസ്ട്രിക്ട് ഇൻഡസ്ട്രീസ് സെന്ററും വീവേഴ്‌സ് വില്ലേജും സംയുക്തമായി സംഘടിപ്പിച്ച 'പ്രഗതി 2020" ഓർഗാനിക് കോട്ടൺ വസ്ത്ര ഫാഷൻ ഷോയും ബിസിനസ് മീറ്റും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേരളാ ഹാൻഡ്‌ലൂം 2020 കലണ്ടർ മേയർ കെ. ശ്രീകുമാറിന് നൽകി മന്ത്രി പ്രകാശനം ചെയ്തു. ഓർഗാനിക് കോട്ടൻ വസ്ത്രങ്ങളുടെ ചരിത്രം പറയുന്ന ഡോക്യൂമെന്ററിയുടെ പ്രദർശനം നടന്നു. ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ സി.എസ്. സിമി സ്വാഗതം പറഞ്ഞു. കൈത്തറി ആൻഡ് ടെക്സ്റ്രൈൽസ് ഡയറക്ടർ കെ. സുധീറടക്കമുള്ളവർ പങ്കെടുത്തു.
കൈത്തറിയിൽ മിന്നി ഇഷയും നീരജും
പരമ്പരാഗത കേരളീയ സാരി മുതൽ യൂറോപ്യൻ കോട്ടും പാന്റും ആധുനിക വസ്ത്രങ്ങളും വരെ കൈത്തറിയിൽ മിന്നിത്തിളങ്ങിയ ഫാഷൻഷോയാണ് 'പ്രഗതി 2020"ൽ നടന്നത്. ബോളിവുഡ് നടിയും നർത്തകിയുമായ ഇഷാ ഷെർവാനി, മകൻ ലൂക്കാ, നടൻ നീരജ് മാധവ് തുടങ്ങിയവർ റാമ്പിൽ ചുവടുവച്ചു. ശോഭ വിശ്വനാഥ്, ഗൗരവ് സിംഗ്, സാക്ഷി, അൻവിദാ, നേഹ സിംഗ് തുടങ്ങിയ പ്രശസ്ത ഫാഷൻ ഡിസൈനർമാർ രൂപകല്പന ചെയ്ത വസ്ത്രങ്ങളാണ് ഷോയിൽ ഉപയോഗിച്ചത്. അദിതി ഡിസൈൻ ചെയ്ത ആഭരണങ്ങളും ഇഷാ ഷാ, നയൻ ഷാ എന്നിവർ നിർമ്മിച്ച ബാഗുകളും പ്രദർശിപ്പിച്ചു.