ആറ്റിങ്ങൽ: ആറ്റിങ്ങൽ ടൗൺ യു.പി.എസിലെ ആറാം ക്ലാസ് വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റതായി സംശയം. സംഭവം അറിഞ്ഞ ഉടൻതന്നെ അദ്ധ്യാപകർ കുട്ടിയെ സമീപത്തെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും തുടർന്ന് തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിലും എത്തിച്ചു. ചാത്തമ്പറ സ്വദേശി അനിൽകുമാറിനെയാണ് ആശുപത്രിയിൽ എത്തിച്ചത്. ചൊവ്വാഴ്ച രാവിലെ സ്കൂളിൽ എത്തിയ കുട്ടി ബാഗ് കാലിൽ തന്നെ വച്ചാണ് പഠനത്തിനിരുന്നത്. കുറച്ചു കഴിഞ്ഞപ്പോൾ കാല് വേദനിക്കുന്നെന്ന് പറഞ്ഞതനുസരിച്ചാണ് അദ്ധ്യാപകർ പരിശോധിച്ചത്. കാലിൽ പാമ്പുകടിയുടെ ലക്ഷണമായി പറയുന്ന തരത്തിൽ മുറുവു കണ്ടാണ് അദ്ധ്യാപകർ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. കുട്ടിക്ക് മറ്റു ബുദ്ധിമുട്ടുകൾ ഇല്ലാതിരുന്നതിനാൽ ഡിസ്ചാർജ് ചെയ്തു. ബാഗിൽ നിന്ന് സ്റ്റാപ്ലർ പിന്നോ സിബ്ബിന്റെ മുനയുള്ള ഭാഗമോ കൊണ്ടാവാം മുറിവുണ്ടായതെന്നാണ് കരുതുന്നത്.