തിരുവനന്തപുരം: കേരള നിയമസഭാ ചരിത്രത്തിൽ ഗവർണറെ സഭയിൽ തടയൽ ആദ്യം സംഭവിച്ചത്1974 ജനുവരി 31ന്. 1994ൽ നയപ്രസംഗത്തിനെത്തിയ ഗവർണർക്കെതിരെ ഗോബാക്ക് വിളികളമായി പ്രതിപക്ഷം ബഹളം വച്ചിരുന്നു. 1997ൽ ഗവർണറെ പ്രതിപക്ഷം തടഞ്ഞത് ഹാളിനു പുറത്ത് വച്ചും. .
സി.അച്യുതമേനോൻ മന്ത്രിസഭയുടെ കാലത്ത് 1974 ജനുവരി 31ന് നയപ്രസംഗത്തിനായി അന്നത്തെ ഗവർണർ എൻ.എൻ.വാഞ്ചു സഭയിൽ എത്തിയപ്പോൾ സി.പി.എം, സോഷ്യലിസ്റ്റ് പാർട്ടി, കെ.ഡി.പി, കെ.എസ്.പി എന്നീ പ്രതിപക്ഷ പാർട്ടികളിലെ അംഗങ്ങൾ സഭയിലെ നടുത്തളത്തിൽ വച്ചു തടഞ്ഞു. നടുത്തളത്തിൽ ഇരുന്നും കിടന്നുമൊക്കെയായിരന്നു പ്രതിഷേധം. നേതൃത്വം നൽകിയത് അന്നത്തെ പ്രതിപക്ഷ നേതാവ് ഇ.എം.എസ്.നമ്പൂതിരിപ്പാട്. കേരളത്തിന് കേന്ദ്രം അരി തരാത്തതിലും മുംബെയിൽ മലയാളികൾക്കെതിരെ ശിവസേനക്കാർ നടത്തിയ അക്രമത്തിലും പ്രതിഷേധിച്ചായിരുന്നു തടയൽ. 40 മിനിട്ട് വൈകിയാണ് അന്ന് ഗവർണർ പ്രസംഗിച്ചത്.അന്ന് പ്രതിപക്ഷത്തുണ്ടായിരുന്ന കേരള കോൺഗ്രസ്, സംഘടനാ കോൺഗ്രസ്, പ്രതിപക്ഷ പി.എസ്.പി എം.എൽ.എമാർ തടയൽ സമരത്തിൽ പങ്കെടുക്കാതെ സഭ ബഹിഷ്കരിച്ചു . '' അരി തരാത്ത കേന്ദ്രത്തിന്റെ പ്രസംഗം വേണ്ട, , എന്നായിരുന്നു മുദ്രാവാക്യം. .
അന്ന് പ്രതിഷേധിച്ച എം.എൽ.എമാരെ വാച്ച് ആന്റ് വാർഡ് ബലം പ്രയോഗിച്ച് മാറ്റുകയായിരുന്നു. ഇതിനിടെ, സി.പി.എമ്മിലെ എം.വി.രാഘവന് മർദ്ദനമേറ്റതായി പരാതി ഉയർന്നു. നാലുപേരെ പൊലീസ് അറസ്റ്റു ചെയ്തു. സ്പീക്കറുടെ ചേംബർ വഴി ഗവർണർ അദ്ധ്യക്ഷ വേദിയിലെത്തി പ്രസംഗിച്ചു. സാക്ഷിയായി ഗവർണറുടെ ഭാര്യ ചന്ദ്രമോഹിനി വാഞ്ചു സന്ദർശക ഗ്യാലറിയിലുണ്ടായിരുന്നു. പ്രസംഗം തീർന്ന് ഗവർണർ കൈകൂപ്പി വിടവാങ്ങിയതിനു പിന്നാലെ ഇ.എം.എസിന്റെ നേതൃത്വത്തിൽ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലേക്ക് പ്രതിപക്ഷം മാർച്ച് ചെയ്തു. തുടർന്ന് അറസ്റ്റു ചെയ്തവരെ വിട്ടയച്ചു.
സംഭവത്തിൽ അരിശം പൂണ്ട ഗവർണർ വാഞ്ചു പൊലീസ് മേധാവിയേയും ചീഫ് സെക്രട്ടറിയേയും വിളിച്ച് ശാസിച്ചു. ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിട്ടും മുൻകരുതലെടുക്കാത്തതിനായിരുന്നു ശാസന.
1995 ജനുവരി 25ന് പ്രതിപക്ഷം ഗവർണറെ തടയുമെന്ന് വ്യക്തമായതോടെ അന്നത്തെ ഗവർണർ ബി.രാച്ചയ്യയെ പിൻവാതിലിലൂടെ സ്പീക്കർ പി.പി.തങ്കച്ചന്റെ ചേംബറിലും തുയർന്ന് അദ്ധ്യക്ഷ വേദിയിലുമെത്തിക്കുകയായിരുന്നു. അന്ന് മുഖ്യമന്ത്രി കെ.കരുണാകരൻ. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ. പ്രതിപക്ഷത്തിന്റെ ഗോബാക്ക് വിളിയും ബഹളവും കാരണം ഗവർണർ 30 പേജ് പ്രസംഗത്തിൽ മിക്കതും വായിക്കാതെ 10 മിനിട്ടിൽ പ്രസംഗമൊതുക്കി സ്ഥലം വിടുകയായിരുന്നു. ചാരവൃത്തിക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജിവയ്ക്കമെന്നാവശ്യപ്പെട്ടായിരുന്നു അന്ന് നടുത്തളത്തിലിരുന്ന് പ്രതിപക്ഷം പ്രതിഷേധിച്ചത്. പ്രസംഗ
ശേഷം പ്രതിപക്ഷം എം.എൽ.എ ക്വാർട്ടേഴ്സിലേക്ക് മാർച്ചായി നീങ്ങി.
1997ൽ നായനാർ മുഖ്യമന്ത്രിയായിരിക്കെയാണ് കേരള ഗവർണറുടെ ചുതമല വഹിച്ചിരുന്ന ഖുർഷിദ് ആലംഖാനെ സഭാഹാളിനു പുറത്തു വച്ച് കോൺഗ്രസ് എം.എൽ.എമാരായ ജോർജ് ഈഡനും കെ.സി.വേണുഗോപാലും ചേർന്ന് തടഞ്ഞത്. നയപ്രസംഗത്തിനെത്തിയ ഗവർണറുടെ കാറിനു മുന്നിൽ കിടന്നായിരുന്നു പ്രതിഷേധം. സഭയ്ക്കു പുറത്ത് സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷം സമരം നടത്തുകയായിരുന്നു.. കഴിഞ്ഞ സർക്കാരിന്റെ അവസാന സമ്മേളനത്തിൽ ഗവർണർ ജസ്റ്റിസ് പി.സദാശിവം നയപ്രഖ്യാപനം നടത്തിയപ്പോഴും പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. ബാർ കോഴക്കേസിൽ കെ.എം. മാണിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധമായിരുന്നു അത്. അന്ന് ഗവർണർ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനോട് അതൃപ്തി അറിയിച്ചു.