തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരായ പരാമർശം വായിക്കില്ലെന്ന പിടിവാശിയായിരുന്നു അവസാനനിമിഷം വരെയും ഗവർണർ ആരിഫ് മുഹമ്മദ് ഖാന്. എന്നാൽ വിനയം കൈവിടാതെ തന്നെ ഭരണഘടനാബാദ്ധ്യത ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി ശക്തമായ സന്ദേശം കൈമാറിയപ്പോൾ രാവിലെ രാജ്ഭവനിൽ നിന്ന് പുറപ്പെട്ട ഗവർണറുടെ മനസ്സ് മാറി. ഭരണഘടനാമൂല്യങ്ങളനുസരിച്ചാണ് താൻ പ്രവർത്തിക്കുന്നതെന്ന്, നേരത്തേ പരസ്യപ്രതികരണങ്ങളിലെല്ലാം ശക്തമായി പറഞ്ഞ ഗവർണർക്ക്, സർക്കാരിന്റെ നയപ്രഖ്യാപനം വായിക്കുകയെന്ന ഭരണഘടനാബാദ്ധ്യത നിറവേറ്റാതിരിക്കാനായില്ല.
നിയമസഭയെ ഗവർണർ സംബോധന ചെയ്യുമ്പോൾ സർക്കാരിന്റെ ആശങ്കകൾ അവിടെ അവതരിപ്പിച്ചേ മതിയാവൂ എന്ന് വിനയത്തോടെ താൻ പറയുകയാണെന്ന് ഇന്നലെ പുലർച്ചയോടെ ഗവർണർക്കയച്ച കത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. ഭരണഘടനയുടെ അനുച്ഛേദം 176 അനുസരിച്ചാണ് ഗവർണർ നിയമസഭയിൽ നയപ്രഖ്യാപനം നടത്തുന്നത്. മന്ത്രിസഭയുടെ ഉപദേശനിർദ്ദേശങ്ങൾക്കനുസരിച്ചുള്ളതാണ് ആ കടമ നിർവ്വഹിക്കേണ്ടത്. അതിനാൽ മന്ത്രിസഭ അംഗീകരിച്ച പ്രസംഗം ഒരു വാക്ക് പോലും കൂട്ടിച്ചേർക്കാതെയോ കുറയ്ക്കാതെയോ വായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഗവർണർ ഉന്നയിച്ച സംശയങ്ങൾക്കെല്ലാം വിശദീകരണം ഇതിനകം തന്നെ നൽകിക്കഴിഞ്ഞതാണ്. ഈ മറുപടി ഭരണഘടനയുടെ 176ാം അനുച്ഛേദം ആവശ്യപ്പെടുന്ന ഗവർണറുടെ സംബോധനയെപ്പറ്റി മാത്രമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനത്തിന്റെ കരട് കിട്ടിയപ്പോൾ തന്നെ ഗവർണർ അതൃപ്തി അറിയിച്ചു അതിന് വിശദമായിതന്നെ മുഖ്യമന്ത്രി മറുപടിക്കുറിപ്പും നൽകി. നയപ്രഖ്യാപനമെന്നത് നയം മാത്രമല്ലെന്നും നിയമസഭയെ ഗവർണർ സംബോധന ചെയ്യുന്നുവെന്നല്ലാതെ ഭരണഘടനയിൽ അതിന് മറ്റ് പ്രയോഗങ്ങളൊന്നുമില്ലെന്നും സർക്കാർ വ്യക്തമാക്കി.
സർക്കാരിന്റെ നയവും പരിപാടികളുമാണ് നയപ്രഖ്യാപനത്തിലുണ്ടാവേണ്ടതെന്നും പൗരത്വവിഷയത്തിലേത് സർക്കാരിന്റെ കാഴ്ചപ്പാട് മാത്രമായതിനാൽ വായിക്കാനാവില്ലെന്നുമാണ് കഴിഞ്ഞദിവസം ഗവർണർ രേഖമൂലം വീണ്ടും സർക്കാരിനോട് തീർത്തുപറഞ്ഞത്. ബ്രിട്ടീഷുകാരുടെ ഈ പാരമ്പര്യം നമുക്കാവശ്യമില്ലെന്ന് നെഹ്രു തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് സർക്കാർ ഇതിനും വിശദീകരണം നൽകി. കേരളത്തിലെ ജനങ്ങൾക്കാകെ ഉത്കണ്ഠയുള്ള പ്രശ്നമാണ് പൗരത്വഭേദഗതിനിയമം. വലിയൊരു വിഭാഗം ജനങ്ങളുടെ പിന്തുണയോടെ നടക്കുന്ന പ്രക്ഷോഭത്തിൽ സർക്കാർ സമീപനം വ്യക്തമാക്കുന്നത് നയം തന്നെയാണെന്നും സർക്കാർ കത്തിൽ ചൂണ്ടിക്കാട്ടി.
ഇന്നലെ രാവിലെ രാജ്ഭവനിൽ നിന്ന് നിയമസഭയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അവസാനമായി വന്ന മുഖ്യമന്ത്രിയുടെ കത്ത് ഗവർണർ വായിച്ചെങ്കിലും ഉദ്യോഗസ്ഥരോട് ഒന്നും പറഞ്ഞില്ല. 8.45ഓടെയാണ് അദ്ദേഹം നിയമസഭയിലേക്കിറങ്ങിയത്. ഗവർണർ സഭയ്ക്കകത്തേക്ക് വരുന്നത് അറിയിക്കാൻ ചീഫ് മാർഷൽ മൈക്കിനടുത്തെത്തിയപ്പോൾ പ്രതിപക്ഷം മുദ്രാവാക്യംവിളികളോടെ നടുത്തളത്തിലിറങ്ങി. നടന്നുനീങ്ങിയ അവർ ഗവർണർ നടന്നുവരുന്ന വഴിയിൽ തന്നെ തടസ്സം സൃഷ്ടിച്ച് നിന്നത് അപ്രതീക്ഷിതനീക്കമായി.
പ്രതിപക്ഷബഹളത്തിനപ്പുറം, ഗവർണറെ തിരിച്ചുവിളിക്കാനാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് നൽകിയ നോട്ടീസും അദ്ദേഹത്തെ പുനർചിന്തനത്തിന് പ്രേരിപ്പിച്ചെന്ന് കരുതണം. പ്രമേയം സഭ പാസ്സാക്കിയാലും ഗവർണർക്ക് പ്രശ്നമൊന്നുമുണ്ടാകില്ലെങ്കിലും അതുണ്ടാക്കുന്ന നാണക്കേട് ചെറുതായിരിക്കില്ല. ഈ ഘട്ടത്തിൽ ഭരണഘടനാബാദ്ധ്യത നിറവേറ്റിക്കൊണ്ട് ഈ നോട്ടീസിലെ ആക്ഷേപത്തിന്റെ മുനയൊടിക്കുകയെന്ന ചിന്തയും പ്രസംഗം അതേപടി വായിക്കാൻ അദ്ദേഹത്തിന് പ്രേരണയായിട്ടുണ്ടാവണം.