sujith-manikuttan

കാട്ടാക്കട: സ്വന്തം ഭൂമിയിലെ മണ്ണെടുപ്പ് തടഞ്ഞതിന്റെ പേരിൽ കീഴാറൂർ പാലത്തിന് സമീപം അമ്പലത്തുകാല കാഞ്ഞിരവിളയിൽ ശ്രീമംഗലം വീട്ടിൽ സംഗീത് ബാലനെ ജെ.സി.ബി കൊണ്ടിടിച്ച് കൊലപ്പെടുത്തിയ കേസിൽ മണ്ണ് മാഫിയ സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിലായി. മാറനല്ലൂർ കൊറ്റംപള്ളി തേരിക്കുന്നത്ത് നടയിൽ എസ്.പി ഭവനിൽ സുജിത് എന്ന മണിക്കുട്ടനാണ് (34) അറസ്റ്റിലായത്.ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 9 ആയി . മണ്ണ് മാഫിയ സംഘത്തിലെ പ്രധാനിയും കേസിലെ മുഖ്യപ്രതിയുമായ ഉത്തമന്റെ സഹായിയായ ഇയാൾ സംഭവശേഷം ഉത്തമനേയും,മറ്റൊരു പ്രതി സജുവിനെയും ചാരുപാറയിൽ വാഹനത്തിൽ എത്തിക്കുകയും രക്ഷപ്പെടാൻ സഹായിക്കുകയും ചെയ്തിരുന്നു .വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇയാളുടെ അറസ്റ്റെന്ന് കാട്ടാക്കട പൊലീസ് ഇൻസ്പെക്ടർ ഡി.ബിജുകുമാർ അറിയിച്ചു.

പിടിയിലായവരിൽ വിജിൻ,ലിനു,സജു,ഉത്തമൻ,മിഥുൻ,ബൈജു എന്നിവരാണ് കേസിൽ നേരിട്ട് ഉൾപ്പെട്ടിട്ടുള്ളത്.ബാക്കിയുള്ളവർ പ്രതികൾക്ക് രക്ഷപ്പെടാൻ സഹായം ചെയ്തവരാണ്. കേസിൽ പങ്കുള്ള മുഴുവൻ പേരും പിടിയിലാകുമെന്ന് പൊലീസ് പറഞ്ഞു.സംഭവത്തിന് പിറ്റേന്ന് കീഴടങ്ങിയ ജെ.സി.ബി ഡ്രൈവർ വിജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മറ്റു പ്രതികളിലേക്ക് പൊലീസ് എത്തിച്ചേർന്നത്.കാട്ടാക്കട സർക്കിൾ ഇൻസ്‌പെക്ടർ ഡി.ബിജുകുമാർ, എസ്.ഐ.ഗംഗാപ്രസാദ്‌ എന്നിവരുൾപ്പെട്ട സംഘമാണ് കേസന്വേഷണം നടത്തുന്നത്.