കാട്ടാക്കട: കാട്ടാക്കടയിൽ അമ്മയേയും മക്കളേയും തടഞ്ഞുനിറുത്തി ആക്രമിച്ച കേസിൽ പിടിയിലായ പൂവച്ചൽ പുളിമൂട് തോട്ടരികത്ത് വിഷ്ണുഭവനിൽ കണ്ണൻ എന്നുവിളിക്കുന്ന വിപിൻനെ (26) റിമാൻഡ് ചെയ്തു. കഴിഞ്ഞ ഡിസംബർ 25നായിരുന്നു സംഭവം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇക്കഴിഞ്ഞദിവസം പൊലീസ് സ്ഥലത്ത് എത്തിയപ്പോൾ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാഹസികമായിത്തന്നെ പ്രതിയെ പിടികൂടുകയായിരുന്നു.ഇനി അഞ്ചോളം പ്രതികളെ പിടികൂടാനുണ്ട്. ആർ.എസ്.പി ജില്ലാ കമ്മിറ്റിയംഗം കുറ്റിച്ചൽ കല്ലറത്തോട്ടം ആർ.കെ. വില്ലയിൽ റജിയുടെ ഭാര്യയ്ക്കും മക്കൾക്കും നേരെയാണ് ആക്രമണമുണ്ടായത്. ആക്രമി സംഘത്തെപ്പറ്റി സൂചന ലഭിച്ചിരുന്നെങ്കിലും പ്രതികൾ രക്ഷപ്പെട്ടിരുന്നു.ബാക്കിയുള്ള പ്രതികളെ നിരീക്ഷിച്ച് വരുന്നതായും പ്രതികൾ ഉടൻ പിടിയിലാകുമെന്നും കാട്ടാക്കട ഇൻസ്പെക്ടർ ബിജുകുമാർ അറിയിച്ചു.