തിരുവനന്തപുരം:പൗരത്വഭേദഗതി നിയമത്തിന്റെ ശക്തനായ വക്താവായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെക്കൊണ്ടു തന്നെ അതിനെതിരായ സർക്കാരിന്റെ തീവ്രമായ ആശങ്കകൾ അവതരിപ്പിക്കാനായത് രാഷ്ട്രീയമായി ഇടതു സർക്കാരിനും മുഖ്യമന്ത്രിക്കും നേട്ടമാണ്. അതേസമയം, സർക്കാർ - ഗവർണർ പോരിൽ കാഴ്ചക്കാരായിരുന്ന പ്രതിപക്ഷത്തിന് നിയമസഭയിലെ ശക്തമായ പ്രതികരണത്തിലൂടെ കളം നിറഞ്ഞ് നിൽക്കാനും കഴിഞ്ഞു.
മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം ഒരു വാക്ക് പോലും കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യരുതെന്ന ഭരണഘടനാബാദ്ധ്യത മുഖ്യമന്ത്രി കത്തിലൂടെ ഓർമ്മിപ്പിച്ചപ്പോൾ, അത് നിറവേറ്റിയ ഗവർണർ അതിനെ തന്റെ വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള അവസരമാക്കി. അത് തന്ത്രപരമായ നീക്കമായാണ് ബി.ജെ.പി കേന്ദ്രങ്ങൾ കരുതുന്നത്. ഗവർണർക്കെതിരെ പ്രമേയം കൊണ്ടുവന്ന പ്രതിപക്ഷനീക്കത്തിന്റെ മൂർച്ച കുറയ്‌ക്കാനും ഗവർണർക്ക് സാധിച്ചതോടെ പോര് ഭരണ - പ്രതിപക്ഷങ്ങൾ തമ്മിൽ ആവുകയാണ്.
തന്നെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ പ്രമേയം പാസായാലും ഇല്ലെങ്കിലും ഒന്നും സംഭവിക്കില്ലെന്ന് ഗവർണർക്കറിയാം. പ്രമേയം ഗവർണർ - സർക്കാർ പോര് മൂർച്ഛിപ്പിക്കുകയേ ഉള്ളൂ. ആ സ്ഥിതിക്ക് ഭരണപക്ഷത്തെ വരുതിയിലാക്കാൻ പ്രസംഗത്തിലെ വിയോജിപ്പുള്ള ഭാഗം ഗവർണർ വായിക്കണമായിരുന്നോ എന്നാണ് ചോദ്യം. വിയോജിപ്പുള്ള ഭാഗം വായിക്കാതെ വിട്ടാലും ഗവർണർക്കെതിരായ പ്രതിപക്ഷ പ്രമേയത്തെ സർക്കാർ അംഗീകരിക്കാൻ സാദ്ധ്യത കുറവാണ്. ഗവർണറുമായി ഏറ്റുമുട്ടി ഭരണഘടനാപ്രതിസന്ധി ക്ഷണിച്ചുവരുത്താൻ അവർ ആഗ്രഹിക്കുന്നില്ല. മറിച്ച് ഭരണഘടന ഉപയോഗിച്ച് തന്നെ ഗവർണറെ വരുതിയിലാക്കി പൗരത്വഭേദഗതി നിയമത്തിനെതിരായ പരാമർശങ്ങൾ വായിപ്പിക്കാനായത് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ തന്ത്രജ്ഞതയാണ്.
ഇന്നലെ രാവിലെ എൽ.ഡി.എഫ് നിയമസഭാ കക്ഷിയോഗത്തിൽ ഗവർണർക്കെതിരെ പ്രകോപനപരമായ നീക്കം പാടില്ലെന്നും പ്രതിപക്ഷത്തിന്റെ പ്രകോപനത്തിൽ വീഴരുതെന്നും മുഖ്യമന്ത്രി ഉപദേശിച്ചു. മറ്റാരും യോഗത്തിൽ സംസാരിച്ചതുമില്ല.
പൗരത്വഭേദഗതി വിഷയത്തിൽ മുഖ്യമന്ത്രിക്കും ഇടതുസർക്കാരിനും രാഷ്‌ട്രീയ മേൽക്കൈ കിട്ടിയെന്നാണ് പൊതുവിലയിരുത്തൽ. പൗരത്വനിയമത്തിനെതിരെ ആദ്യം പ്രമേയം പാസാക്കിയതും ആദ്യം സുപ്രീംകോടതിയിൽ പോയതും കേരളമാണ്. മുഖ്യമന്ത്രി പങ്കെടുത്ത ഭരണഘടനാ സംരക്ഷണ സദസുകളിലെയും ഇടതുമുന്നണിയുടെ മനുഷ്യമഹാശൃംഖലയിലെയും വലിയ ജനപങ്കാളിത്തം ഇടതുമേൽക്കൈ വ്യക്തമാക്കിയതാണ്. ഇടഞ്ഞുനിന്ന ഗവർണറെക്കൊണ്ടുതന്നെ സ്വന്തം നിലപാട് പ്രഖ്യാപിപ്പിക്കാനായത് ദേശീയതലത്തിൽ ഇടതുസർക്കാരിനും പ്രത്യേകിച്ച് മുഖ്യമന്ത്രിക്കും നൽകുന്ന പ്രതിച്ഛായ ചെറുതാവില്ല.
ഇത് തിരിച്ചറിയുന്ന പ്രതിപക്ഷം ഗവർണറും സർക്കാരും ഒത്തുകളിക്കുകയാണെന്ന ആരോപണം കനപ്പിക്കുകയാണ്. ബി.ജെ.പി വക്താവിനെ പോലെ പ്രതികരിച്ചുനടന്ന ഗവർണറെ പ്രീണിപ്പിക്കുന്ന ഇടതുസർക്കാരിന്റെ സമീപനം പൗരത്വഭേദഗതി വിഷയത്തിലുള്ള ഇരട്ടത്താപ്പാണെന്ന് അവർ ആരോപിക്കുന്നു. പ്രതിപക്ഷനേതാവിന്റെ പ്രമേയത്തിന്റെ മൂർച്ഛ ഗവർണറുടെ നയപ്രഖ്യാപനത്തിന് ശേഷം കുറഞ്ഞെങ്കിലും അതിന് വേണ്ടിയും പ്രതിപക്ഷം ആവശ്യം ശക്തമാക്കും. വിയോജിച്ചുള്ള ഗവർണറുടെ പരാമർശം രേഖയിൽ നിന്ന് നീക്കണമെന്നാണ് മറ്റൊരാവശ്യം. ഇതിൽ സ്പീക്കർ തീരുമാനമെടുത്തിട്ടില്ല. അത് നീക്കിയേക്കാം.