പോത്തൻകോട് : കാട്ടുപന്നികളുടെ ശല്യം രൂക്ഷമായ പോത്തൻകോട് പഞ്ചായത്തിലെ വിവധ പ്രദേശങ്ങളിലെ കർഷകർ ദുരിതത്തിലാണ്. കൃഷിയിടങ്ങളിലേക്ക് ദിനം പ്രതി എത്തുന്ന കാട്ടുപന്നിക്കൂട്ടം വ്യാപക കൃഷിനാശമാണ് ഉണ്ടാക്കുന്നത്. നെല്ല്, വാഴ, കപ്പ, ചേന, മരച്ചീനി , ചേമ്പ്, പഴം പച്ചക്കറികൾ തുടങ്ങിയ ഒട്ടുമിക്ക വിളകളും കാട്ടുപന്നികൾ വ്യാപകമായി നശിപ്പിക്കുന്നത്. നട്ടുകിളിർക്കുമ്പോൾ മുതൽ വിളവെടുപ്പിന് പാകമായ കപ്പയും വാഴയും ചേനയും പച്ചക്കറിയും വരെ ഇവറ്റകൾ നശിപ്പിക്കുന്നതിനാൽ വലിയ സാമ്പത്തിക നഷ്ടമാണ് ഈ മേഖലയിലെ കർഷകർ അനുഭവിക്കുന്നത്. കൊല്ലാൻ കഴിയില്ലെങ്കിൽ നാട്ടിലിറങ്ങുന്ന പന്നികളെ കൂട് വച്ച് പിടികൂടി കാട്ടിലേക്ക് തുറന്നുവിടാൻ നടപടിയെടുക്കണമെന്നാണ് ഭൂരിഭാഗം കർഷകരും ആവശ്യപ്പെടുന്നത്. പന്നികളെ തുരത്തിയോടിക്കാൻ മുൻകരുതലുകൾ സ്വീകരിച്ചിട്ടും ആശ്വാസമില്ലെന്ന് കർഷകർ പറയുന്നു. കൃഷിയും ജീവിതവും ഉപേക്ഷിച്ച് കാട്ടുപന്നികൾക്കായി മാറിക്കൊടുക്കേണ്ട ഗതികേടിനെതിരെ കർഷക പ്രതിക്ഷേധം ഉയരുകയാണ്.
ദുരിതത്തിലായത് 2 പഞ്ചായത്തിലെ 10 വാർഡുകളിലെ ജനങ്ങൾ
ശല്യം ഇവിടെ
മണലകം
തച്ചപ്പള്ളി
വേങ്ങോട്
മംഗലത്തുനട
വാവറമ്പലം
കാട്ടായിക്കോണം
മടവൂർപ്പാറ
അയിരൂപ്പാറ
മുരിങ്ങമൺ
കുടവൂർ
കാട്ടുമൃഗങ്ങളുടെ ശല്യത്തിൽ നിന്നും കൃഷിയെയും നാട്ടുകാരെയും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് കർഷകർ ഒപ്പിട്ട ഭീമ ഹർജി ജനപ്രതിനിധികളും ഭാരവാഹികളും ചേർന്ന് ജില്ലാ കളക്ടർക്ക് നൽകിയിട്ടുണ്ട്. അധികൃതർ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷ. ഹരിദാസ് വർക്കല, (ആൾ ഇന്ത്യ കിസാൻ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് )