governer

തിരുവനന്തപുരം: നയപ്രഖ്യാപന വിവാദവും ഗവർണറെ തടയലുമൊക്കെ നടന്ന 14-ാം നിയമസഭയുടെ പതിനെട്ടാം സമ്മേളനം പുതിയൊരു ചുവടു വയ്പ്പിനു കൂടി സാക്ഷിയായി. പൂർണമായും പേപ്പർ ഒഴിവാക്കി നിയമസഭ ഡിജിറ്റലാവുന്ന ആദ്യ ദിവസമായിരുന്നു ഇന്നലെ. പക്ഷേ ഡിജിറ്റൽ ഡിവൈസ് ഉണ്ടായിരുന്നിട്ടും ഇന്നലെ ഗവർണർ വായിച്ചത് അച്ചടിച്ച പ്രസംഗമായിരുന്നു.

എല്ലാ എം. എൽ.എ മാരുടെയും മേശപ്പുറത്ത് ടച്ച് സ്ക്രീൻ സജ്ജമായിരുന്നു. സഭയുടെ കാര്യപരിപാടി,​ പ്രസംഗത്തിന്റെ കോപ്പി, ഹാജർബുക്ക് എല്ലാം അതിലുണ്ട്. ഗവർണറെ തടയുന്ന തിരക്കിൽ പ്രതിപക്ഷത്തെ പലരും ഇതിലൊന്നും 'ടച്ച്' ചെയ്തില്ല. ഭരണപക്ഷക്കാർ പുതിയ സങ്കേതം പഠിക്കാനുള്ള ശ്രമത്തിലായിരുന്നു.

മന്ത്രി ഇ.ചന്ദ്രശേഖരൻ ഏറെ നേരം ഡിവൈസിൽ തൊട്ട് കാര്യങ്ങൾ മനസിലാക്കി. ടെക്നോളജി മനസിലാക്കിയ മന്ത്രി ഡോ.തോമസ് ഐസക് കൂടുതൽ നേരം അതിനുവേണ്ടി ചെലവഴിച്ചില്ല. മന്ത്രിമാരായ എം.എം.മണിയും മേഴ്സിക്കുട്ടി അമ്മയും പരീശീലകരെ വിളിച്ച് സംശയങ്ങൾ തീർത്തു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും എ.സി.മൊയ്തീനും മന്ത്രി സി.രവീന്ദ്രനാഥും മറ്റ് മന്ത്രിമാരും എം.എൽ.എമാരും ഡിവൈസ് പ്രവർത്തിപ്പിക്കുന്നുണ്ടായിരുന്നു.

ഇ–നിയമസഭ പദ്ധതിയുടെ ആദ്യഘട്ടമാണിത് . ഇക്കാര്യം പറഞ്ഞുകൊണ്ടാണ് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ സഭാനടപടികൾ തുടങ്ങിയത്. മേശപ്പുറത്തുള്ള ഡിജിറ്റൽ സ്ക്രീൻ നോക്കിയാകും ധനമന്ത്രി ബഡ്ജറ്റ് അവതരിപ്പിക്കുക.

ചാറ്റ് ചെയ്യാം വോട്ട് ചെയ്യാം

1ചാറ്റ് വിത്ത് സ്പീക്കർ– വാച്ച് ആൻഡ് വാർഡ് മുഖേന കുറിപ്പു കൊടുത്തു വിടുന്നതിനു പകരം സ്പീക്കറുമായി അംഗത്തിനു ചാറ്റ് ചെയ്യാം. ഉപചോദ്യങ്ങൾക്കായി കൈ ഉയർത്തുന്നതും ഒഴിവാക്കാം.

2ഐപാഡ്– എല്ലാ അംഗങ്ങൾക്കും ഐപാഡ്. ഇതിൽ ചോദ്യോത്തരങ്ങളും നോട്ടിസും സമർപ്പിക്കാൻ ആപ്പുകൾ.

3 വോട്ടിംഗ്– വോട്ട് ചെയ്യാനുള്ള ബട്ടണുകൾ ഒഴിവാക്കും. പകരം സ്ക്രീനിൽ തൊട്ടാൽ മതി.

4 ഡോക്യുമെന്റ്സ്– ചോദ്യങ്ങൾ ഉന്നയിച്ച അംഗങ്ങൾക്ക് 15 മിനിറ്റ് മുൻപ് സിസ്റ്റം വഴി ഉത്തരങ്ങൾ നൽകും.