india-win-series-in-kiwis
india win series in kiwis

. കിവീസിനെതിരായ മൂന്നാം ട്വന്റി 20 യിൽ സൂപ്പർ ഒാവറിലൂടെ ഇന്ത്യയ്ക്ക് ജയം, പരമ്പരയിൽ 3-0ത്തിന് മുന്നിൽ.

. സൂപ്പർ ഒാവറിലെ അവസാന രണ്ട് പന്തുകളും സിക്സ് പറത്തി വിജയിപ്പിച്ചത് രോഹിത് ശർമ്മ.

. ന്യൂസിലൻഡിൽ ഇന്ത്യ ട്വന്റി 20 പരമ്പര നേടുന്നത് ഇതാദ്യം. നാലാമങ്കം നാളെ

ഹാമിൽട്ടൺ: നിശ്ചിത 20 ഒാവറുകളും കടന്ന് ആവേശം സൂപ്പർ ഒാവറിലേക്ക് അലയടിച്ച മത്സരത്തിൽ സൂപ്പർ ഹിറ്റ് വിജയം നേടിയ ഇന്ത്യ ചരിത്രത്തിൽ ആദ്യമായി ന്യൂസിലൻഡിൽ ട്വന്റി 20 പരമ്പര വിജയവും സ്വന്തമാക്കി.

ഇന്നലെ ഹാമിൽട്ടണിലെ സെഡൺ പാർക്കിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ നേടിയത് 179 റൺസ്. മറുപടിക്കിറങ്ങിയ കിവീസ് അവസാന പന്തിൽ 179/ എന്ന നി​ലയി​ൽ ആയതോടെ കളി​ സൂപ്പർ ഒാവറി​ലേക്ക്. സൂപ്പർ ഒാവറി​ൽ ആദ്യ ബാറ്റ് ചെയ്ത കി​വീസ് നേടി​യത് 17റൺ​സ്. മറുപടി​ക്കി​റങ്ങി​യ ഇന്ത്യ ആദ്യ നാല് പന്തുകൾ പി​ന്നി​ട്ടപ്പോൾ നേടി​യി​രുന്നത് എട്ട് റൺ​സ് മാത്രം. പി​ന്നെ വേണ്ടത് 10 റൺസ്. പരിചയ സമ്പന്നനായ പേസർ ടിം സൗത്തി എറിഞ്ഞ രണ്ട് പന്തുകളും ഗാലറിയിലേക്ക് തൂക്കിയടിച്ച രോഹിത് ശർമ്മ സൂപ്പർ ഹിറ്റ് വിജയകാവ്യം രചിക്കുകയായിരുന്നു. നിശ്ചിത ഒാവറിലും സൂപ്പർ ഒാവറിലും തകർപ്പൻ ബാറ്റിംഗ് കാഴ്ചവച്ച രോഹിത് ശർമ്മയാണ് മാൻ ഒഫ് ദ മാച്ച്.

ഇന്നലെ ടോസ് നേടിയ കിവീസ് ക്യാപ്ടൻ കേൻ വില്യംസൺ ഇന്ത്യയെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു. രോഹിത് (40 പന്തുകളിൽ 65 റൺസ്, ആറ് ഫോർ, മൂന്ന് സിക്സ്), കെ.എൽ. രാഹുൽ (19 പന്തിൽ 27 റൺസ്, 2 ഫോർ, ഒരു സിക്സ്), ക്യാപ്ടൻ വിരാട് കൊഹ്‌ലിയുടെയും (27 പന്തിൽ 38 റൺസ്, രണ്ട് ഫോർ, ഒരു സിക്സ്), ശ്രേയസ് അയ്യരുടെയും (16 പന്തിൽ 17 റൺസ്, ഒരുസിക്സ് ) പോരാട്ടമാണ് ഇന്ത്യയെ 179 ലെത്തിച്ചത്.

ഒാപ്പണർ കോളിൻ മൺറോയെ (14), ആറാം ഒാവറിൽ നഷ്ടമായശേഷം തകർത്തടിച്ച നായകൻ കേൻ വില്യംസണും (48 പന്തിൽ 95 റൺസ് എട്ട് ഫോർ, ആറ് സിക്സ്), ഒാപ്പണർ ഗപ്ടിലും (21 പന്തിൽ 31 റൺസ്, രണ്ട് ഫോർ, മൂന്ന് സിക്സ്), റോസ് ടെയ്‌ലറുമാണ് (10 പന്തിൽ 17 റൺസ്, ഒാരോ ഫോറും സിക്സും) കിവീസിനായി പൊരുതി നോക്കിയത്. അവസാന ഒാവറിന്റെ മൂന്നാം പന്തിൽ വില്യംസണിനെയും അവസാന പന്തിൽ ടെയ്‌ലറെയും പുറത്താക്കിയ ഷമിയാണ് കളിക്ക് ടൈ കെട്ടിയത്.

സെഡൺ പാർക്കിൽ രോഹിതും രാഹുലും ചേർന്ന് മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നൽകിയത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തിയ രോഹിത് ഇക്കുറി വാശിയോടെ കളിച്ചു. ഹാമിഷ് ബെന്നറ്റ് എറിഞ്ഞ ആറാം ഒാവറിലെ ആദ്യപന്തിൽ രാഹുൽ സിംഗിളെടുത്ത് സ്ട്രൈക്ക് കൈമാറിയപ്പോൾ മൂന്ന് സിക്സും രണ്ട് ഫോറും തുരുതുരാ പായിച്ച് രോഹിത് അർദ്ധ സെഞ്ച്വറി കടന്നു. 27 റൺസാണ് ബെന്നറ്റ് ഇൗ ഒാവറിൽ വഴങ്ങിയത്.

1, 6, 6,4, 4, 6

ആറാം ഒാവറിൽ രാഹുലും രോഹിതും ചേർന്ന് ഹാമിഷ് ബെന്നറ്റിനെ ശിക്ഷിച്ചത് ഇങ്ങനെ.

ട്വന്റി 20 യിലെ ആദ്യ ആറോവർ പവർ പ്ളേയിൽ അർദ്ധ സെഞ്ച്വറി തികയ്ക്കുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്‌മാനാണ് രോഹിത്.

89 റൺസ് കൂട്ടിച്ചേർത്ത ഒാപ്പണിംഗ് സഖ്യത്തെ ഒൻപതാം ഒാവറിലാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഗ്രാൻഡ് ഹോമിന്റെ പന്തിൽ ഒരു സ്റ്റെപ് പിന്നാക്കം പോയി ഡ്രൈവിന് ശ്രമിച്ച രാഹുലിനെ മൺറോ പിടികൂടുകയായിരുന്നു. തുടർന്ന് സ്ഥാനക്കയറ്റം കിട്ടിവന്ന ശിവം ദുബെ തട്ടിമുട്ടി തുടങ്ങി. എന്നാൽ 11-ാം ഒാവറിൽ ബെന്നറ്റ് രോഹിതിനെയും ദുബെയെയും (3) മടക്കി അയച്ച് പ്രതികാരം ചെയ്തതോടെ ഇന്ത്യ 11 ഒാവറിൽ 96/3 എന്ന നിലയിലായി.

തുടർന്ന് കൊഹ്‌ലിയും ശ്രേയസും ചേർന്ന് പാർട്ട്ണർ ഷിപ്പിന് ശ്രമിച്ചതിനാൽ റൺറേറ്റിന്റെ വേഗത കുറഞ്ഞു. 17-ാം ഒാവറിൽ ശ്രേയസിനെ സീഫർട്ട് സ്റ്റംപ് ചെയ്തുവിട്ടു. 19-ാം ഒാവറിൽ ബെന്നറ്റിന്റെ പന്തിൽ സൗത്തിക്ക് ക്യാച്ച് നൽകി കൊഹ്‌ലിയും മടങ്ങി. തുടർന്ന് ജഡേജയും (10 നോട്ടൗട്ട്) മനീഷ് പാണ്ഡെയും (17 നോട്ടൗട്ട്) ചേർന്ന് 179 ലെത്തിക്കുകയായിരുന്നു.

ഗപ്ടിലും മൺറോയും (14) ചേർന്ന് മാന്യമായ തുടക്കമാണ് കിവീസിന് നൽകിയത്. ആറാം ഒാവറിൽ ഗപ്ടിലിനെ സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡർ സഞ്ജുവിന്റെ കൈയിലെത്തിച്ച് ശാർദ്ദൂൽ ആദ്യപ്രഹരം നൽകി. ഏഴാം ഒാവറിൽ മൺറോയെ ജഡേജയും 11-ാം ഒാവറിൽ സാന്റ്‌നറെ (9) ചഹലും തിരിച്ചയച്ചെങ്കിലും ഫസ്റ്റ് ഡൗണായി ഇറങ്ങിയ വില്യംസൺ അതിനിടയിൽ നിലയുറപ്പിച്ചിരുന്നു. 16-ാം ഒാവറിൽ കോളിൻ ഡി ഗ്രാൻഡ് ഹോമും (5) പവിലിയനിലെത്തിയെങ്കിലും വില്യംസൺ വിജയപ്രതീക്ഷയുമായി ക്രീസിൽ നിന്നു. അവസാന ഒാവറിൽ വില്യംസണും ടെയ്‌ലറും വീണത് വഴിത്തിരിവായി.

10000

ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിലുമായി ഒാപ്പണർ എന്ന നിലയിൽ 10000 റൺസ് പിന്നിടുന്ന നാലാമത്തെ ഇന്ത്യൻ ബാറ്റ്സ്‌മാനായി രോഹിത് ശർമ്മ ചരിത്രം കുറിച്ചു. സുനിൽ ഗാവസ്കർ, സച്ചിൻ ടെൻഡുൽക്കർ, വിരേന്ദർ സെവാഗ് എന്നിവരാണ് ഇതിന് മുമ്പ് ഇൗ നേട്ടത്തിലെത്തിയവർ.

1126

ക്യാപ്ടനെന്ന നിലയിൽ ട്വന്റി 20 ക്രിക്കറ്റിൽ ഏറ്റവും അധികം റൺസ് നേടുന്ന ഇന്ത്യൻ ബാറ്റ്സ്മാനായി വിരാട് കൊഹ്‌ ലി. ഇന്നലെ 38 റൺസടിച്ച് കൊഹ്‌ലി 1112 റൺസെന്ന ധോണിയുടെ റെക്കാഡാണ് മറികടന്നത്. 1273 റൺസുള്ള ഹാഫ് ഡുപ്ളെസിയാണ് അന്താരാഷ്ട്ര തലത്തിൽ ട്വന്റി 20യിൽ കൂടുതൽ റൺസ് നേടിയ നായകൻ. രണ്ടാംസ്ഥാനത്ത് കിവീസ് നായകൻ കേൻ വില്യംസണും (1148).

3

തുടർച്ചയായ മൂന്നാം സൂപ്പർ ഒാവറിലാണ് കിവീസ് തോൽക്കുന്നത്.

കഴിഞ്ഞ ഏകദിന ലോകകപ്പിന്റെ ഫൈനലിൽ ഇംഗ്ളണ്ടിനെതിരെ സൂപ്പർ ഒാവറിലും ടൈ ആക്കിയിരുന്നുവെങ്കിലും ബൗണ്ടറികളുടെ എണ്ണം നോക്കിയപ്പോൾ കിരീടം നഷ്ടമായി.

തുടർന്ന് നവംബറിൽ അതേ ഇംഗ്ളണ്ടിനോട് ഒാക്‌ലാൻഡിൽ സൂപ്പർ ഒാവറിൽ തോറ്റു.

പിന്നാലെയാണ് ഇന്നലത്തെ തോൽവി.

ഞാൻ ആദ്യമായാണ് സൂപ്പർ ഒാവറിൽ ബാറ്റ് ചെയ്യുന്നത്. ആദ്യപന്തു മുതൽ അടിക്കണോ, സിംഗിളെടുക്കെണോ എന്നൊക്കെ സംശയിച്ചാണ് ഇറങ്ങിയത്. ഇങ്ങനെയൊരു സാഹചര്യം വരുമെന്ന് കരുതാത്തതുകൊണ്ട് ബാറ്റിംഗിന് ശേഷം ഡ്രെസിംഗ് റൂമിൽ വച്ചിരുന്ന വയറ്റിൽ ധരിക്കുന്ന പാഡ് കണ്ടെത്താൻ അഞ്ചുമിനിട്ടെടുത്തു. ബൗളറുടെ ഭാഗത്തുനിന്ന് പിഴവുണ്ടാകാൻ കാത്തുനിന്നതിനാലാണ് അവസാനം സിക്സുകൾ പറത്താനായത്.

രോഹിത് ശർമ്മ

ഒരു ഘട്ടത്തിൽ ഞാനും കരുതിയത് തോറ്റെന്നാണ്. കിവീസിന് അർഹതപ്പെട്ടതായിരുന്നു ഇൗ കളിയെന്ന് ഞാൻ കോച്ചിനോട് പറഞ്ഞു. കേൻ വില്യംസണിന്റെ ബാറ്റിംഗ് അത്രയ്ക്ക് ഉജ്വലമായിരുന്നു. പക്ഷേ ചില കളികളിൽ എത്ര റൺസ് നേടിയാലും ജയിക്കാനാവില്ലല്ലോ?

വിരാട് കൊഹ്‌ലി

സൂപ്പർ ഒാവറുകൾ ഞങ്ങളുമായി സൗഹൃദത്തിലല്ല. ഇൗ കളി സൂപ്പർ ഒാവറിൽ എത്തുന്നതിന് മുമ്പേ ഞങ്ങൾ ജയിക്കേണ്ടതായിരുന്നു. അതിന് കഴിയാതെ പോയത് നാണക്കേടായി. ഇത്രയും പരിശ്രമിച്ചിട്ടും ജയിക്കാനാകാത്തത് നിരാശാജനകമാണ്.

കേൻ വില്യംസൺ

സഞ്ജുവിനെ ഇനി കളിപ്പിക്കുമോ?

പരമ്പര ഇന്ത്യ നേടിക്കഴിഞ്ഞതോടെ അവസാന രണ്ട് മത്സരങ്ങളിൽ സഞ്ജു സാംസൺ ഉൾപ്പെടെയുള്ളവർക്ക് അവസരം നൽകിയേക്കും. ഇന്നലെയും സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡറായി സഞ്ജു ഇറങ്ങിയിരുന്നു. ഒരു ക്യാച്ചെടുക്കുകയും ചെയ്തു.