ബാലരാമപുരം: പൗരത്വ ഭേദഗതി നിയമം നടപ്പായതിൽ ഇന്ത്യയിൽ നിലവിലെ ഒരു മുസ്ലീമിനും പൗരത്വം നഷ്ടമാകില്ലെന്നും ഇത് കേന്ദ്ര സർക്കാർ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അങ്ങനെയൊരു സാഹചര്യമുണ്ടായാൽ താനും മുസ്ലീം സഹോദരങ്ങളോടൊപ്പം അണിചേരുമെന്നും മുൻ ഡി.ജി.പി ടി.പി. സെൻകുമാർ. ബി.ജെ.പി കോവളം നിയോജക മണ്ഡലം കമ്മിറ്റി ബാലരാമപുരത്ത് സംഘടിപ്പിച്ച ജനജാഗ്രതാ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടൊട്ടാകെ പ്രതിഷേധങ്ങളും കുപ്രചരണങ്ങളും അഴിച്ചുവിട്ട് ഇടതുവലതു മുന്നണികൾ മുസ്ലീം സമുദായത്തെ തെറ്റിദ്ധരിപ്പിച്ച് വോട്ട് ബാങ്കാക്കി മാറ്റുകയാണ്. ഓരോ പ്രസംഗം കഴിയുന്തോറും കേസിന്റെ ഘോഷയാത്രയാണ് തനിക്കെതിരെയുണ്ടാകുന്നതെന്നും തെറ്റിദ്ധരിപ്പിക്കപ്പെടുന്ന സമൂഹത്തിൽ സത്യം വിളിച്ചു പറയാൻ ആരെയും ഭയമില്ലെന്നും വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ഇടതുവലതു മുന്നണികൾക്ക് വൻ തിരിച്ചടി നേരിടേണ്ടി വരുമെന്നും സെൻകുമാർ പറഞ്ഞു. ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ വി.വി.രാജേഷ് മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി നേതാക്കളായ വെങ്ങാനൂർ സതീഷ്, അഡ്വ.രാജ് മോഹൻ, കട്ടച്ചൽക്കുഴി രാധാകൃഷ്ണൻ, പള്ളിച്ചൽ ബിജുകുമാർ തുടങ്ങിയവർ പങ്കെടുത്തു.
വ്യാപാരികൾ കടകളടച്ച് പ്രതിഷേധിച്ചു
ബാലരാമപുരത്ത് ബി.ജെ.പി സംഘടിപ്പിച്ച ജന ജാഗ്രതാ സദസിനെതിരെ ബാലരാമപുരം വിഴിഞ്ഞം റോഡിൽ വ്യാപാരികൾ കടകളടച്ച് പ്രതിഷേധിച്ചു. രാവിലെ വേദിക്ക് മുന്നിൽ എസ്.ഡി.പി.ഐ പ്രവർത്തകർ പ്രതിഷേധ സൂചകമായി ബാനർ നാട്ടാൻ ശ്രമം നടത്തിയെങ്കിലും സി.ഐ ജി.ബിനുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇടപെട്ട് പിന്തിരിപ്പിച്ചു. വേദിക്ക് കുറച്ചകലെ സംഘടിച്ചെത്തിയ എസ്.ഡി.പി.ഐ പ്രവർത്തകരെ സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് പൊലീസ് വിരട്ടിയോടിച്ചു.