nadal-out-australian-open
nadal out australian open

ക്വാർട്ടർ ഫൈനലിൽ ഡൊമിനിക്ക് തീം

റാഫേൽ നദാലിനെ അട്ടിമറിച്ചു

മെൽബൺ : ടോപ് സീഡ് സ്പാനിഷ് താരം റാഫേൽ നദാലിന്റെ 20-ാം ഗ്രാൻസ്ളാം കിരീട സ്വപ്നങ്ങളെ തല്ലിത്തകർത്ത് ആസ്ട്രിയൻ താരം ഡൊമിനിക് തീം. ഇന്നലെ നടന്ന നാല് സെറ്റ് നീണ്ട ക്വാർട്ടർ ഫൈനൽ മത്സരത്തിൽ നദാലിനെ അട്ടിമറിച്ച തീം തന്റെ ആദ്യ ആസ്ട്രേലിയൻ ഒാപ്പണർ സെമിഫൈനലിനാണ് ടിക്കറ്റെടുത്തത്.

മൂന്ന് സെറ്റുകളിൽ ടൈബ്രേക്കർ വേണ്ടിവന്ന മത്സരത്തിൽ 7-6 )7/3), 7-6 (7/4), 4-6, 7-6 (8/6) എന്ന സ്കോറിനായിരുന്നു ആസ്ട്രിയൻ താരത്തിന്റെ വിജയം . നാലുമണിക്കൂർ 10 മിനിട്ടാണ് മത്സരം നീണ്ടത്. ഇതിന് മുമ്പ് ഗ്രാൻസ്ളാമുകളി ൽ അഞ്ചുതവണ തീമിനെ നേരിട്ടപ്പോഴും വിജയിച്ചിരുന്നത് നദാലായിരുന്നു. കഴിഞ്ഞ രണ്ട് ഫ്രഞ്ച് ഒാപ്പൺ ഫൈനലുകളിലും തീമിനെ കീഴടക്കിയാണ് നദാൽ കിരീടം നേടിയിരുന്നത്. ഇതിനെല്ലാം പലിശ സഹിതമുള്ള തിരിച്ചടിയാണ് ആസ്ട്രിയൻ താരം നൽകിയത്.

1989 ലും 1997 ലും സെമിയിലെത്തിയ തോമസ് മസ്റ്ററിന് ശേഷം ആസ്ട്രേലിയൻ ഒാപ്പണിന്റെ സെമിയിലെത്തുന്ന ആദ്യ ആസ്ട്രിയക്കാരനാണ് തീം.

സെമിഫൈനലിൽ അലക്സിസ് സ്വെരേവാണ് തീമിന്റെ എതിരാളി. ഇന്നലെ നടന്ന മറ്റൊരു ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡുകാരൻ സ്റ്റാൻസിലാസ് വാവ്‌രിങ്കയെ 1-6 , 6-3, 6-4, 6-2ന് കീഴടക്കിയാണ് സ്വെരേവ് മെൽബണിലെ കന്നി സെമിക്ക് കളമൊരുക്കിയത്.

ഇന്നലെ നടന്ന വനിതാ സിംഗിൾസ് ക്വാർട്ടർ ഫൈനലുകളിൽ സിമോണ ഹാലെപ്പും ഗാർബീൻ മുഗുരുസയും വിജയം നേടി. നാലാം സീഡായ ഹാലെപ്പ് 6-1, 6-1 എന്ന സ്കോറിന് എസ്തോണിയൻ താരം ആനെറ്റ് കോണ്ടാ വെയ്റ്റിനെ കീഴടക്കിയപ്പോൾ മുഗുരുസ 7-5, 6-3ന് അനസ് താസ്യ പാവ്‌ലു ചെങ്കോവയെ പരാജയപ്പെടുത്തി. ഇന്നുനടക്കുന്ന രണ്ടാം സെമിഫൈനലിൽ ഹാലെപ്പ് മുഗുരുസയെ നേരിടും. ആദ്യസെമിയിൽ ടോപ് സീഡ് ആഷ്‌ലി ബാർട്ടിയും 14-ാം സീഡ് സോഫിയ കെനിനും ഏറ്റുമുട്ടും.