തിരുവനന്തപുരം:ഗതാഗതക്കുരുക്കിൽ പൊറുതിമുട്ടിയ വട്ടിയൂർക്കാവ് ജംഗ്ഷന് ശാപമോക്ഷം. റോഡ് വികസനത്തിന് സ്ഥലം ഏറ്റെടുക്കാൻ സർക്കാർ അടിയന്തര നടപടി തുടങ്ങി. ഇതിനായി പ്രത്യേക വിജ്ഞാപനം (6/1 നോട്ടിഫിക്കേഷൻ) ഇന്നലെ പുറത്തിറക്കി. വെള്ളക്കടവ്, അരുവിക്കര, പേരൂർക്കട, ഇലിപ്പോട്, മരുതംകുഴി എന്നിവിടങ്ങളിൽനിന്നുള്ള അഞ്ച് റോഡ് ചേർന്ന ജംഗ്ഷനാണ് വട്ടിയൂർകാവ്. കടുത്ത ഗതാഗതക്കുരുക്ക് കാരണം വാഹനങ്ങൾ പതിവായി കുടുങ്ങിക്കിടക്കുന്ന ജംഗ്ഷന്റെ പതിറ്റാണ്ടുകളായുള്ള വികസന മോഹമാണ് യാഥാർത്ഥ്യമാകുന്നത്. ആവശ്യങ്ങൾ അധികാരികളോട് പറഞ്ഞുമടുത്തപ്പോൾ ജനങ്ങൾ ആക്ഷൻ കൗൺസിൽ രൂപീകരിച്ചതും വാർത്തയായിരുന്നു. നിരവധി ബഡ്ജറ്റുകളിൽ പണം അനുവദിച്ചെങ്കിലും നിർമാണം മാത്രം എങ്ങുമെത്തിയില്ലെന്ന ആക്ഷേപം നിലനിൽക്കെയാണ് സർക്കാരിന്റെ അടിയന്തര നടപടി. ഭൂമി ഏറ്റെടുക്കൽ ഉടൻ തുടങ്ങും. ആകെ 25ഓളം ഏക്കർ ഭൂമി ഏറ്റെടുക്കേണ്ടി വരും. ഇതിനായി കല്ലിടൽ നടപടികൾ പി.ഡബ്ല്യു.ഡി ഇൗ മാസം അവസാനത്തോടെയോ അടുത്ത മാസം ആദ്യമോ ആരംഭിക്കും. ഇതിനായി ടെൻഡർ വിളിച്ച് തൊഴിലാളികളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ശാസ്തമംഗലം-മണ്ണറക്കോണം, മണ്ണറക്കോണം-പേരൂർക്കട, മണ്ണറക്കോണം - വഴയില, മണ്ണറക്കോണം - തോപ്പുമുക്ക്-വട്ടിയൂർക്കാവ് എന്നീ റോഡുകൾ പതിനെട്ടര മീറ്ററാണ് വികസിപ്പിക്കുന്നത്. നേരത്തെ 22 മീറ്ററാണ് നിശ്ചയിച്ചിരുന്നതെങ്കിലും ജനങ്ങളുടെ ആവശ്യം പരിഗണിച്ച് ഇതിൽ വ്യത്യാസം വരുത്തുകയായിരുന്നു. വാണിജ്യ സ്ഥാപനങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള ഭൂമി അടക്കം സ്ഥലം ഏറ്റെടുക്കുന്നതിന് ട്രിഡയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. വ്യാപാരികളെ പുനരധിവസിപ്പിക്കുന്നതിനായി ജംഗ്ഷനിൽ തന്നെ സ്ഥലം കണ്ടെത്തി നടപടികൾ ആരംഭിച്ചതായി ട്രിഡ അധികൃതർ അറിയിച്ചു. 1.5 മീറ്റർ നടപ്പാതയും ഡിവൈഡറും അടക്കം നാലുവരിയായാണ് റോഡുകൾ നിർമിക്കുന്നത്.
പ്രതീക്ഷിക്കുന്ന ചെലവ്
സർവേ നടപടികൾ
'സ്ഥലം ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു, നടപടികൾ ഉടൻ തന്നെ ആരംഭിക്കും. ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാർ വലിയ പാക്കേജാണ് നൽകുന്നത്. ഈ വർഷം തന്നെ വട്ടിയൂർക്കാവിന്റെ മുഖം മാറ്റാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനങ്ങൾ ഒപ്പം വേണം.'
-വി.കെ. പ്രശാന്ത്, വട്ടിയൂർക്കാവ് എം.എൽ.എ.