
തിരുവനന്തപുരം: രാഷ്ട്രീയം എന്തെന്നറിയാത്ത കമലം വലതുകാൽ വച്ച് രാഷ്ട്രീയത്തിന്റെ പടി കയറിയത് അപ്രതീക്ഷതമായി ഒരു സുപ്രഭാതത്തിലായിരുന്നു. 1946 ൽ കോഴിക്കോട് നഗരസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ രണ്ടാം വാർഡ് വനിതകൾക്കായി സംവരണം ചെയ്തയായിരുന്നു. അവിടെ മത്സരിക്കാൻപറ്റിയ ഒരു സ്ഥാനാർത്ഥിയെ വേണം. സ്ത്രീകൾ അധികമായി രാഷ്ട്രീയത്തിലിറങ്ങാതിരുന്ന കാലം. കോൺഗ്രസുകാർ പരക്കെ അന്വേഷിച്ചു. ആ അന്വേഷണം ചെന്നുനിന്നത് കമലത്തിന്റെ വീടിന് മുന്നിലായിരുന്നു. കോൺഗ്രസുകാർ ഒരു കുതിരവണ്ടിയിൽ കമലത്തിൻെറ വീടിന് മുന്നിലെത്തി. വന്നകാര്യം കമലത്തിൻെറ മുന്നിൽ ഉണർത്തിച്ചപ്പോൾ യുവതിയായ കമലം അന്തംവിട്ടുപോയി. കമലത്തിന് അന്ന് വയസ് 20. സ്ഥാനാർത്ഥിയോ, ഞാനോ. ഒന്നും ആലോചിക്കേണ്ട സ്ഥാനാർത്ഥി തന്നെ എന്ന് കോൺഗ്രസുകാർ പറഞ്ഞപ്പോൾ മനസില്ലാ മനസായി കമലത്തിന്.
കാത്ത് നിൽക്കാൻ സമയമില്ല, കുതിരവണ്ടി കാത്ത് കിടക്കുകയാണെന്നായി കോൺഗ്രസുകാർ. നിർബന്ധത്തിന് മുന്നിൽ കമലം വഴങ്ങി. കുതിരവണ്ടിയിൽ കയറി കോൺഗ്രസുകാർക്കൊപ്പം കമലം പോയി. നോമിനേഷൻ പേപ്പറിൽ കമലം ഒപ്പിട്ടു നൽകി. പിന്നെ നടന്നതൊന്നും കമലത്തിന് അറിയില്ല. വോട്ടെണ്ണിയപ്പോൾ മികച്ച വിജയം. ചുമ്മാ ഒരു രസമായിട്ടേ കമലത്തിന് അത് തോന്നിയുള്ളൂ. എന്നാൽ ജനങ്ങളുടെ പ്രശ്നങ്ങൾ നഗരസഭയിൽ ഒന്നൊന്നായി അവതരിപ്പിച്ച കമലം ശ്രദ്ധാകേന്ദ്രമായി. അത് കമലം എന്ന യുവതിയെ കോഴിക്കോട്ടുകാരുടെ പ്രിയപുത്രിയാക്കി മാറ്റി. പിന്നെ തിരിഞ്ഞുനോക്കിയില്ല. രാഷ്ട്രീയം തന്നെ തന്റെ ജീവിതമെന്ന് കമലം ഉറപ്പിച്ചു.
അവിടെ നിന്ന് കമലം ഉയരങ്ങളിലേക്ക് വളരാൻ തുടങ്ങി. അത് സംസ്ഥാന നേതൃത്വത്തിൽ എത്തിച്ചു.
കെ.സി. അബ്രഹാം കെ.പി.സി.സി പ്രസിഡന്റായപ്പോൾ കമലം ജനറൽ സെക്രട്ടറിയായതോടെ സംസ്ഥാന നേതൃത്വത്തിലെ മുഖ്യകണ്ണിയായി കമലം മാറി. സി.കെ.ഗോവിന്ദൻ നായരും കുട്ടിമാളുവമ്മയുമാണ് രാഷ്ട്രീയഗുരുക്കന്മാർ.
ഇന്ദിരയുടെ വാത്സല്യ പുത്രി
സംഘാടകയെന്ന നിലയിൽ കമലത്തിന്റെ ശ്രദ്ധേയമായ പ്രവർത്തനങ്ങളിലൊന്ന് 1954ൽ കണ്ണൂർ കേന്ദ്രമായി 200 മഹിളാ സഹകരണസംഘങ്ങളും സമിതികളും രൂപവത്കരിച്ചതാണ്. പാർട്ടിതന്നെയാണ് ഈ ചുമതലയും കമലത്തെ ഏൽപ്പിച്ചത്. 1958ൽ കണ്ണൂരിൽ നടന്ന കെ.പി.സി.സി. സമ്മേളനത്തിൽ ഇരുപതിനായിരത്തിലേറെ സ്ത്രീകളെ പങ്കെടുപ്പിച്ചതോടെ ഇന്ദിരാഗാന്ധിയുടെ മനസിൽ കമലം ഇടംനേടി. അത് ദേശീയ രാഷ്ട്രീയത്തിലേക്കുള്ള വഴിതെളിച്ചു. ഇന്ദിരാഗാന്ധിക്ക് ഇഷ്ടപ്പെട്ട വനിതാ നേതാക്കളിലൊരാളായി കമലം മാറി.
കോൺഗ്രസിന്റെ കേരളത്തിലെ മഹിളാവിഭാഗം കൺവീനറായി കമലത്തെ തിരഞ്ഞെടുത്തു. 1975ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്പോൾ അതിനെതിരായി കോഴിക്കോട്ട് സംഘടനാ കോൺഗ്രസ് കളക്ടറേറ്റ് പിക്കറ്റ് ചെയ്ത് അറസ്റ്റിലായി. ജയിലിലടച്ച കമലത്തിന്റെ ആവേശത്തെ തണുപ്പിക്കാൻ ജയിലറകൾക്കായില്ല. ജയിലിൽ നിന്നിറങ്ങിയ കമലം വീറുറ്റ സമരപോരാളിയായി മാറുകയായിരുന്നു. ആ സമരവീര്യം കെ. കരുണാകരനിലേക്ക് അടുപ്പിച്ചു. കരുണാകരന്റെ വിശ്വസ്തരിലൊരാളായി മാറിയ കമലം എെ ഗ്രൂപ്പിന്റെ എക്കാലത്തെയും മികച്ച നേതാവായി നിലകൊണ്ടു. എങ്കിലും അധികാരരാഷ്ട്രീയത്തിന്റെ കാറ്റുകൾ കമലത്തെയും പിടിച്ചുലച്ചപ്പോൾ ജനതാ പാർട്ടിയിൽ ചേക്കേറിയ കമലം വീണ്ടും കോൺഗ്രസിൽ തിരിച്ചെത്തി എെ ഗ്രൂപ്പിന്റെ പോരാളിയായി മാറി.