dsca

തിരുവനന്തപുരം: പിങ്ക് പൊലീസിന് പട്രോളിംഗ് നടത്താൻ പുതിയ കാറുകൾ ഉടൻ ലഭ്യമാക്കും. ഇതിനായി വാങ്ങിയ ടാറ്റാ സെസ്റ്റ് കാറുകളുടെ രജിസ്ട്രേഷൻ നടപടി പൂർത്തിയായി. അനുബന്ധ ഉപകരണങ്ങൾകൂടി ഘടിപ്പിച്ചാലുടൻ കൈമാറും. പുതിയ കാറുകൾ എത്തുന്നതോടെ പിങ്ക് പൊലീസിന്റെ വാഹനക്ഷാമം പരിഹരിക്കപ്പെടും. ഒരു വനിതാ സബ് ഇൻസ്‌‌പെക്ടറും രണ്ട് വനിതാ സിവിൽ പൊലീസ് ഉദ്യോഗസ്ഥരുമാണ് പിങ്ക് പട്രോളിംഗ് സംഘത്തിലുള്ളത്.

സെസ്റ്റ് എക്സ്.ഇ വിഭാഗത്തിൽപെടുന്ന കാറിന് എട്ടുലക്ഷം രൂപയോളമാണ് വില. ആദ്യ ഘട്ടത്തിൽ ഏഴ് കാറുകളാണ് നിരത്തിലിറക്കുക. ഇതിൽ മൂന്നെണ്ണം തിരുവനന്തപുരത്തിനുവേണ്ടിയാണ്. മറ്റുള്ളവ എറണാകുളം, കോഴിക്കോട് ജില്ലകളിലെ പിങ്ക് പട്രോൾ സംഘങ്ങൾക്ക് നൽകും. നിലവിലെ കാറുകൾ പലതും പഴഞ്ചനായി. ഇതേപ്പറ്റി നിരവധി തവണ പിങ്ക് പൊലീസ് പരാതി ഉയർത്തിയിരുന്നു. ഡി.ജി.പി ലോക്‌നാഥ് ബെഹ്റ ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. തുടർന്നാണ് പുതിയ കാറുകൾ വാങ്ങിയത്. അടുത്തയാഴ്ച മുഖ്യമന്ത്രി തലസ്‌ഥാനത്ത് കാറുകൾ ഫ്ലാഗ് ഓഫ് ചെയ്യും. പുതിയ കാറുകൾ എത്തുന്ന മുറയ്ക്ക് പഴയവ പിൻവലിക്കും.

മികച്ച സൗകര്യങ്ങൾ

പൊലീസ് കൺട്രോൾ റൂമുമായി 24 മണിക്കൂറും ആശയ വിനിമയത്തിന് സൗകര്യം പുതിയ കാറിലുണ്ടാവും. ജി.പി.എസ് സൗകര്യവുമുണ്ട്. മുൻപിലും പിറകിലും ടാബുകൾ, വയർലെസ്, കാമറകൾ എന്നിവയുമുണ്ട്.