case-diary

കൊല്ലം: അഫ്രിക്കയിൽ നിന്ന് തോട്ടണ്ടി ഇറക്കി നൽകാമെന്ന പേരിൽ കോടികൾ തട്ടിയ കേസിൽ തുടരന്വേഷണത്തിനായി പ്രതി അമ്പലക്കര വാഴവിള കാഷ്യൂസ് ഉടമയായ അമ്പലക്കര വാഴവിള വീട്ടിൽ അനീഷ് ബാബുവിനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി. ചോദ്യം ചെയ്യലിൽ തട്ടിപ്പിന്റെ പൂർണ വിവരങ്ങളിലേക്ക് എത്തുകയാണ് അന്വേഷണ സംഘം. അനീഷ് ബാബുവിന്റെ വിദേശ നിക്ഷേപങ്ങളെപ്പറ്റിയും അന്വേഷിക്കുന്നുണ്ട്. ഇതിനായി കേന്ദ്ര എൻഫോഴ്സ് മെന്റ് വിഭാഗത്തിന് കത്ത് നൽകും.

ടാർസാനിയായിലും മറ്റ് വിദേശ രാജ്യങ്ങളിലും അനീഷ് ബാബുവിന് ബാങ്ക് നിക്ഷേപമുണ്ടെന്നാണ് അന്വേഷണ സംഘത്തിന് നേരത്തേതന്നെ ലഭിച്ച വിവരം. ബാങ്കിലെ നിക്ഷേപത്തിന്റെ രേഖകൾ കശുഅണ്ടി വ്യവസായികളെ ബോദ്ധ്യപ്പെടുത്തിയായിരുന്നു പലപ്പോഴും തട്ടിപ്പ് നടത്തിയത്. പണം ഇടപാടിൽ സംശയമുണ്ടായപ്പോൾ വ്യവസായികളെ ടാർസാനിയയിലും മുംബയിലും ദുബായിലും കൊണ്ടുപോയി ബാങ്ക് അധികൃതരുടെ സാന്നിദ്ധ്യത്തിൽ രേഖകൾ കാട്ടിയിരുന്നു. ഇവയൊക്കെ കൃത്രിമമാണോയെന്നും സംശയിക്കുന്നുണ്ട്. പലരിൽ നിന്നായി കോടികൾ തട്ടിപ്പ് നടത്തിയതിൽ നല്ലൊരു പങ്കും വിദേശ ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുണ്ടാകുമെന്നും അന്വേഷണ സംഘം വിശ്വസിക്കുന്നു. ചില സീരിയൽ നടിമാർക്കൊപ്പം ഉല്ലസിക്കാനും നല്ലൊരു തുക വിനിയോഗിച്ചിട്ടുണ്ട്. ഇതിൽ പൊലീസ് ഉദ്യോഗസ്ഥർക്കും പങ്കുണ്ട്.

ഉല്ലാസം ഇലവീഴാപൂഞ്ചിറയിൽ കൂട്ടിന് സീരിയൽ നടിമാരും പൊലീസും

കോട്ടയത്തിന്റെ അതിർത്തിയിലുള്ള ഇലവീഴാപൂഞ്ചിറയിൽ അനീഷ് ബാബു പൊലീസ് ഓഫീസർമാരടക്കമുള്ളവരുമായി പലപ്പോഴും ഉല്ലസിക്കാൻ പോയിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ചില സീരിയൽ നടിമാരും ഒപ്പമുണ്ടാകും. കൊട്ടാരക്കരയിൽ യൂസ്ഡ് കാറുകളുടെ ഷോറൂം നടത്തുന്നയാളാണ് ഇതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നത്. മഞ്ഞിൻ തണുപ്പുള്ള ഏറ്റവും ഉയരംകൂടിയ സ്ഥലമാണ് ഇലവീഴപൂഞ്ചിറ. ഇവിടെ സർക്കാർ ഗസ്റ്റ് ഹൗസ് കരാറടിസ്ഥാനത്തിൽ നടത്തിയിരുന്നത് കൊട്ടാരക്കര സ്വദേശിയാണ്. കൊട്ടാരക്കരയിൽ യൂസ്ഡ് കാറുകളുടെ വിൽപ്പന കേന്ദ്രം നടത്തിയിരുന്ന ഇയാളുമായി അനീഷ് ബാബുവിന് അടുത്ത ബന്ധമുണ്ടായിരുന്നു. ആ വഴിയിലാണ് ഇലവീഴപൂഞ്ചിറയിൽ ഉല്ലാസ സത്കാരങ്ങൾക്ക് പോയതെന്നാണ് വിവരം.

പൊലീസ് ഉദ്യോഗസ്ഥരുടെ ബന്ധം അന്വേഷിക്കും

അനീഷ് ബാബുവിന് സഹായികളായി പ്രവർത്തിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു. അനീഷിനെ ചോദ്യം ചെയ്യുന്നതിനൊപ്പം ഇവരെയും വരുത്തും. കൊട്ടാരക്കരയിൽ നേരത്തെയുണ്ടായിരുന്ന സർക്കിൾ ഇൻസ്പെക്ടർ അനീഷ് ബാബുവിന്റെ മിക്ക ഇടപാടുകളിലും പങ്കാളിയാണെന്നാണ് വിവരം. ഇദ്ദേഹവുമൊന്നിച്ച് വിദേശ യാത്രകളും നടത്തിയിരുന്നു. മറ്റ് പൊലീസ് ഉദ്യോഗസ്ഥരുടെ ബന്ധവും അന്വേഷിക്കാനാണ് റൂറൽ എസ്.പി ഹരിശങ്കർ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ.അശോകന് നിർദ്ദേശം നൽകിയിട്ടുള്ളത്. സമൂഹത്തിലെ പല ഉന്നതരുമായും അനീഷ് ബാബു അടുത്ത ബന്ധം ഉണ്ടാക്കിയിരുന്നു. ആഡംബര ജീവിതവും വഴിവിട്ട സഞ്ചാരവും നടത്തിയിരുന്ന അനീഷ് ബാബുവിന്റെ തട്ടിപ്പിന്റെ വിവരങ്ങൾ പൂർണമായും പുറത്തുവരുന്നതോടെ കൂട്ടുപ്രതികളുടെ എണ്ണവും കൂടും.