കൊട്ടിയം: ഉത്സവ ഘോഷയാത്രയ്ക്കിടെ കൊട്ടിയം ജംഗ്ഷനിൽ യുവാവിനെ കുത്തി കൊലപ്പെടുത്തിയത് ആസൂത്രിതമായി. സ്കൂൾ വാർഷികാഘോഷങ്ങൾക്കിടെ ഉണ്ടായ അടിപിടിയെ തുടർന്നുള്ള വൈരാഗ്യമാണ് കൊലയിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. കൊല്ലം മൈലാപ്പൂർ നാസില മൻസിലിൽ നൗഫലാണ് (19) കൊല്ലപ്പെട്ടത്. കഴിഞ്ഞ ഡിസംബറിൽ മൈലാപ്പൂരിലെ ഒരു അൺഎയ്ഡഡ് വിദ്യാലയത്തിലെ വാർഷികാഘോഷങ്ങൾക്കിടെ നടന്ന ചെറിയ അടിപിടിയാണ് പത്തൊൻപതുകാരന്റെ ജീവനെടുത്തത്. നൗഫലിനൊപ്പം കുത്തേറ്റ മൈലാപ്പൂർ മേലേ വിളയിൽ ഫവാസ് (18) തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ രണ്ട് ശസ്ത്രക്രിയകൾക്ക് ശേഷം അപകടനില തരണം ചെയ്തു.
പത്താം ക്ലാസ് വിദ്യാർത്ഥിയും സുഹൃത്തുമായ തൃക്കോവിൽവട്ടം പേരയം കക്കാട്ടുവയൽ ചാരുവിള പുത്തൻവീട്ടിൽ അജ്മൽ (18), പത്താം ക്ലാസ് വിദ്യാർത്ഥിയായ 16 കാരൻ എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച സന്ധ്യയ്ക്ക് ഏഴരയോടെ സ്ഥലത്തെ പ്രധാന ഉത്സവഘോഷയാത്ര കടന്നു പോകുന്നതിനിടെ കൊട്ടിയം - തഴുത്തല റോഡിലായിരുന്നു കൊലപാതകം. വലിയ പൊലീസ് സംഘം കൊട്ടിയം ജംഗ്ഷനിൽ ഈ സമയം ഉണ്ടായിരുന്നിട്ടും പ്രതികളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. യുവാക്കളെ മാരകമായി കുത്തി പരിക്കേൽപ്പിച്ച ശേഷം കടന്നുകളഞ്ഞ പ്രതികളിൽ ഒരാളെ രാത്രി തന്നെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. പ്രധാന പ്രതിയായ പത്താം ക്ലാസ് വിദ്യാർത്ഥിയെ കൊലപാതകം നടന്ന അടുത്ത ദിവസം തിങ്കളാഴ്ച വൈകിട്ട് നാലരയോടെ ബന്ധുക്കൾ കൊട്ടിയം പൊലീസ് സ്റ്റേഷനിൽ ഹാജരാക്കുകയായിരുന്നു.
മാസങ്ങൾ നീണ്ട തയ്യാറെടുപ്പുകൾക്കിടെ അക്രമികൾ ഓൺലൈൻ വഴിയാണ് കത്തി വാങ്ങിയത്. ഞായറാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് അക്രമിസംഘം കത്തികാട്ടി ഇവരെ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട് രാത്രി ഏഴരയോടെയാണ് കൊലപാതകം നടത്തിയത്. കൊലപാതകശേഷം കത്തി തൊട്ടടുത്തുള്ള കടയിലെ സുഹൃത്തിനെ ഏൽപ്പിച്ചാണ് പ്രതികൾ മുങ്ങിയത്.