nedumkandam

കോട്ടയം: നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസിൽ ഇടുക്കി ജില്ലയിലെ ചില രാഷ്ട്രീയ നേതാക്കളിലേയ്ക്കും പൊലീസിലെ ചില ഉന്നതരിലേക്കും അന്വേഷണം നീളുന്നു. രാജ്കുമാറിന്റെ കസ്റ്റഡിമരണം അന്വേഷിക്കാൻ സി.ബി.ഐ ഇന്നലെ രാവിലെ നെടുങ്കണ്ടത്ത് എത്തിയതോടെ എങ്ങനെയും കേസിൽ നിന്ന് തലയൂരാനുള്ള ശ്രമങ്ങളും ഇവർ അരംഭിച്ചുകഴിഞ്ഞു. എന്നാൽ സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന ഇവരെ അധികം താമസിയാതെ ചോദ്യം ചെയ്യുമെന്ന് തിരുവനന്തപുരം യൂണിറ്റിലെ ഡിവൈ.എസ്.പി സുരീന്ദർ ദില്ലോണിന്റെ നേതൃത്വത്തിലുള്ള സി.ബി.ഐ സംഘം നൽകുന്ന സൂചന. പീരുമേട് സബ് ജയിലിലും, രാജ്കുമാറിനെ കസ്റ്റഡിയിൽ സൂക്ഷിച്ച നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലും സി.ബി.ഐ സംഘം എത്തി വിവരങ്ങൾ ശേഖരിച്ചു. ഹരിത ഫിനാൻസ് തട്ടിപ്പ് കേസിലെ രണ്ട് പ്രതികളെയും സംഘം ചേദ്യം ചെയ്തിരുന്നു.

ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും ഈ കേസ് അന്വേഷിച്ചെങ്കിലും എസ്.ഐ ഉൾപ്പെടെ എട്ടുപേരെ മാത്രം കേസിൽ ഉൾപ്പെടുത്തിയത് ജനരോഷത്തിന് ഇടയാക്കിയിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ അനുമതിയോടെയാണ് രാജ്കുമാറിനെ കസ്റ്റഡിയിൽ സൂക്ഷിച്ചതെന്ന് സസ്പെൻഷനിലായ എസ്.ഐ വ്യക്തമാക്കിയെങ്കിലും ഒരന്വേഷണവും ഉണ്ടായിട്ടില്ലായെന്നാണ് ആക്ഷേപം.

ഹരിത ഫിനാൻസ് തട്ടിപ്പിൽ രാജ്കുമാറിനെ മുൻനിർത്തി ചില പ്രമുഖർ കാര്യങ്ങൾ നടത്തിച്ചിരുന്നതെന്ന് വ്യക്തമായിരുന്നു. എന്നാൽ ഇതേക്കുറിച്ച് ലോക്കൽ പൊലീസ് അന്വേഷണം നടത്തിയില്ല. പിന്നീട് വന്ന ക്രൈംബ്രാഞ്ച് ഏതാനും പേരെ അറസ്റ്റ് ചെയ്തതല്ലാതെ തുടർനടപടിയിലേക്ക് കടന്നില്ല. ഇതിനുപിന്നിലുള്ളവരെ കണ്ടെത്തുവാൻ സി.ബി.ഐ ശ്രമമാരംഭിക്കും. പ്രദേശവാസികളിൽ നിന്നും പിരിച്ചെടുത്ത കോടികൾ ആർക്കാണ് കൈമാറിയെന്നതിനെക്കുറിച്ചും സി.ബി.ഐ അന്വേഷണ പരിധിയിൽ വരും. കൂടാതെ കസ്റ്റഡിയിലെടുത്ത രാജ്കുമാറിനെ മൃഗീയമായി പീഡിപ്പിച്ചത് ആരുടെ നിർദ്ദേശപ്രകാരമാണെന്നതിനെക്കുറിച്ചും സി.ബി.ഐ അന്വേഷിക്കും. സമഗ്ര അന്വേഷണമാവും സി.ബി.ഐ നടത്തുക. കട്ടപ്പനയിൽ ഓഫീസ് തുറക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ സി.ബി.ഐ.