nanniyode-road

പാലോട്: ഏറെ പ്രതീക്ഷയോടെ ആരംഭിച്ച നന്ദിയോട് ചെറ്റച്ചൽ റോഡ് നിർമ്മാണം യാതോരു പുരോഗതിയും ഇല്ലാതെ അനന്ദമായി നീളുകയാണ്. നിർമ്മാണം തുടങ്ങിയപ്പോൾ നൽകിയ നിർദ്ദേശങ്ങൾ കരാർ കമ്പനി അവഗണിച്ച മട്ടാണ്. റോഡ് വികസനത്തിനായി വസ്തു നൽകിയവരും മരംമുറിച്ച് മാറ്റി സ്ഥലം നൽകിയവരും ഇന്ന് ദുരിതത്തിലാണ്. സ്വന്തം വീട്ടിലേക്ക് കയറണമെങ്കിൽ ലക്ഷങ്ങൾ ചെലവാക്കി സ്വയം വഴി നിർമ്മിക്കേണ്ട അവസ്ഥയിലാണ് നാട്ടുകാർ. റോഡ് നിർമ്മാണത്തിനുള്ള മണ്ണ് പലസ്ഥലത്തും കൂട്ടി ഇട്ടിരിക്കുകയാണ്. റോഡിൽ നിന്നും താഴ്ചയിൽ താമസിക്കുന്നവർ ഈ മൺകൂന കയറിവേണം റോഡിലെത്താൻ. മഴപെയ്താൽ ഈ മണ്ണും കല്ലും വെള്ളത്തിൽ ഒലിച്ച് വീട്ടിൽ എത്തുമെന്നത് ഉറപ്പാണ്. ഏകദേശം രണ്ട് വർഷത്തോളമായി ഇഴഞ്ഞു നീങ്ങുന്ന റോഡ് പണി അടിയന്തരമായി പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം .

റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് മണ്ണ് മാറ്റിയതോടെ പലയിടത്തേയും കുടിവെള്ള പൈപ്പ് പൊട്ടി. ഇതോടെ കുടിവെള്ളവിതരണവും മുടങ്ങി. വേനലെത്തും മുൻപ് തന്നെ കുടിവെള്ള ക്ഷാമം രൂക്ഷമായത് നാട്ടുകാരെ ദുരിതത്തിലാക്കി. നിലവിൽ ഇലക്ട്രിസിറ്റി ബോർഡ് പോസ്റ്റ് മാറ്റിയിടാൻ വൈകുന്നതും വാട്ടർ അതോറിട്ടി പൈപ്പ് നന്നാക്കുന്നില്ലെന്നും കാണിച്ച് കരാർ കമ്പനി പഴിചാരി തടിതപ്പാൻ ശ്രമിക്കുകയാണെന്നാണ് ജനങ്ങൾ പറയുന്നത്.