ചെന്നൈ: ഞാൻ കൃഷ്ണൻ, നിങ്ങൾ എന്റെ ഗോപികമാർ. കൃഷ്ണന്റെ ആഗ്രങ്ങൾക്ക് നിങ്ങൾ എതിരുനിൽക്കരുത്..വിവാദ ആൾദൈവം സ്വാമി നിത്യാനന്ദ സുന്ദരികളായ ഭക്തകളെ വശീകരിക്കാൻ സ്വീകരിച്ചിരുന്ന സ്ഥിരം നമ്പരായിരുന്നു ഇത്. സുന്ദരികൾ എന്നും നിത്യാനന്ദയ്ക്ക് ഒരു ഹരമായിരുന്നു. നടി രഞ്ജിതയുമായുള്ള കാമകേളിയുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് നിത്യാനന്ദയുടെ ലീലാവിലാസങ്ങൾ പുറംലോകം അറിഞ്ഞത്. നിത്യാനന്ദ സ്ത്രീകളെ മാത്രമല്ല പുരുഷന്മാരെയും ലൈംഗികമായി ഉപയോഗിച്ചിരുന്നു എന്നാണ് പുതിയ വെളിപ്പെടുത്തൽ. നിത്യാനന്ദയുടെ അരുമ ശിഷ്യനായിരുന്ന വിജയകുമാർ ഒരു ടെലിവിഷൻ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഇൗ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. (2018ൽ വിജയകുമാർ ആശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടു). സ്ത്രീകളെ വശീകരിക്കാനുള്ള നിത്യാനന്ദയുടെ പുത്തൻ ടെക്നിക്കുകളെക്കുറിച്ചും സ്വത്ത് തട്ടലിനെക്കുറിച്ചും വിജയകുമാർ വെളിപ്പെടുത്തിയിട്ടുണ്ട്. ആ, വെളിപ്പെടുത്തലുകളിലേക്ക്..
ഞാനും ഇര
2015 മുതൽ ഞാൻ ലൈംഗിക പീഡനത്തിന് ഇരയായിരുന്നു. ഞാൻ മാത്രമല്ല, ശിഷ്യന്മാരായ നിരവധി പുരുഷന്മാർ അയാളുടെ ലൈംഗിക പീഡനത്തിന് ഇരയായി. അയാൾ പറയുന്നത് ശിഷ്യന്മാർ അപ്പടി അനുസരിക്കണം. പലപ്പോഴും വിചിത്രമായ ആവശ്യങ്ങളായിരുന്നു അയാൾ പറഞ്ഞിരുന്നത്. ചിലരുടെ ശരീരഭംഗി കണ്ടാസ്വദിക്കണം. അതിനായി പറയുന്ന പോസിലൊക്കെ നിന്നുകൊടുക്കണം. ഇല്ലെങ്കിൽ കൊടിയപീഡനമായിരുന്നു. വസ്ത്രംധരിക്കാൻ പോലും അനുവദിച്ചിരുന്നില്ല. കേട്ടാലറയ്ക്കുന്ന തരത്തിലായിരുന്നു അയാൾ അശ്ലീലം പറഞ്ഞിരുന്നത്. പറഞ്ഞത് ചെയ്യാൻ തയ്യാറാവാതെ വന്നതോടെ അയാൾ എന്നെ മുറിയിലിട്ടുപൂട്ടി. മർദ്ദനവും ഉണ്ടായിരുന്നു. സഹിക്കവയ്യാതെ 2018ൽ ആശ്രമത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.
ആരെയും മയക്കും
അല്പസമയം സംസാരിച്ചാൽ മതി ആരും നിത്യാനന്ദയുടെ ആരാധകരാവും. അല്പംകൂടി സംഭാഷണം നീണ്ടുപോയാൽ ശിഷ്യരുമാവും. മയക്കുമരുന്നിന്റെ ശക്തിയാണ് വാക്കുകൾക്കും നോക്കുകൾക്കും. ആ മുഖത്തുനോക്കി എതിർത്തുപറയാൻ ആർക്കും കഴിയില്ല. ചെയ്യുന്ന തെറ്റുകൾ പോലും സത്യമാണെന്ന് മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ പ്രത്യേക കഴിവാണ്. ശിഷ്യരായാൽ പിന്നെ രക്ഷപ്പെടുക എളുപ്പമല്ല. എത്രശ്രമിച്ചാലും രക്ഷപ്പെടാനാവാത്ത കുരുക്കിലായിരിക്കും അയാൾ പെടുത്തിയിരിക്കുക. ഇതിനിടെ മാനമുൾപ്പെടെ വിലയേറിയെതെല്ലാം കൈക്കലാക്കിയിരിക്കും.
മാർക്കറ്റിംഗിന് സുന്ദരിമാർ
വിദ്യാഭ്യാസമുള്ള സുന്ദരികളോടാണ് നിത്യാനന്ദയ്ക്ക് താത്പര്യം. ആദ്യം വിശ്വാസം പിടിച്ചുപറ്റും. പിന്നെ ആശ്രമത്തിലും തനിക്കുംവേണ്ടി എന്തും ചെയ്യുന്ന മാനസികാവസ്ഥയിലേക്ക് അവരെ വളർത്തിയെടുക്കും. ഇവർ എപ്പോഴും തനിക്ക് ചുറ്റിലും ഉണ്ടാവണമെന്ന് നിത്യാനന്ദയ്ക്ക് നിർബന്ധമാണ്. മാർക്കറ്റിംഗ് തന്ത്രത്തിന്റെ ഭാഗമാണ് ഇത്. അഴകളവുകൾ വ്യക്തമാക്കുന്ന തരത്തിലാവും പലപ്പോഴും ഇവരുടെ വേഷം. ഇൗ സുന്ദരികളെ കണ്ട് ഒരുപാടുപേർ ആശ്രമത്തിലെത്തുന്നു. ഇവരോട് അല്പസ്വല്പം വിട്ടുവീഴ്ചകൾ ആവാമെന്നാണ് നിത്യാന്ദയുടെ നിർദ്ദേശം.
സുന്ദരിമാർ എന്ന ചൂണ്ടയിൽ കൊത്തി നിത്യസന്ദർശകരിൽ ഭൂരിപക്ഷവും നിത്യാനന്ദ ഭക്തരാവും. അതോടെ അവരുടെ കാര്യത്തിൽ തീരുമാനമാകും. കോടിക്കണക്കിന് വരുന്ന തങ്ങളുടെ സ്വത്തുക്കൾ ആശ്രമത്തിന്റെ പേരിൽ എഴുവച്ച് കുടുംബസമേതം ആശ്രമത്തിൽ താമസിക്കുന്നവർ നിരവധിയാണ്. ആശ്രമത്തിൽ നിന്ന് രക്ഷപ്പെടണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഒരിക്കലും നടക്കാത്ത സ്വപ്നമായി അത് അവശേഷിക്കും.
ആശ്രമം എന്നും നിത്യാനന്ദയ്ക്ക് ഒരു ബിസിനസ് മാത്രമാണ്. വ്യാജ ട്രസ്റ്റുകൾ ഉണ്ടാക്കി കോടികളാണ് തട്ടുന്നത്. ചെറുകിട ആശ്രമങ്ങളെയാണ് ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നത്. സാമ്പത്തിക പരാധീനതയുള്ള ഇത്തരം ആശ്രമങ്ങൾക്ക് അങ്ങോട്ട് സഹായഹസ്തം നീട്ടും. ചതിമനസിലാക്കാത്ത അവർ ഇത് സ്വീകരിക്കും. കുറച്ചുനാൾ കഴിയുമ്പോഴാണ് അവർക്ക് കാര്യങ്ങൾ പിടികിട്ടുന്നത്. സഹായമായി തന്ന പണം തിരികെ ചോദിക്കും. കൊടുക്കാൻ കഴിയാതെ വരുന്നതോടെ ആശ്രമവും അവരുടെ സ്വത്തുക്കളും പിടിച്ചെടുക്കും. ഇത്തരത്തിൽ നാല് ആശ്രമങ്ങൾ പിടിച്ചെടുക്കാൻ ഞാൻ ഒത്താശചെയ്തിട്ടുണ്ട്. ആശ്രമത്തിൽവച്ച് മരിച്ച സംഗീത ഇക്കാര്യങ്ങളെല്ലാം പെൻഡ്രൈവിൽ സൂക്ഷിച്ചിരുന്നു. ആശ്രമത്തിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും തെളിവുകൾ അവൾ ശേഖരിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു മരണവും.
ജ്ഞാനാഞ്ജൻ
നിത്യാനന്ദയുടെ ടോപ്പ് സീക്രട്ട് വശീകരണ മരുന്നാണ് ജ്ഞാനാഞ്ജൻ. ഇത് തയ്യാറാക്കുന്നത് നിത്യാനന്ദ നേരിട്ടാണ്. ചേരുവകൾ അയാൾക്കുമാത്രമേ അറിയൂ. അമാവാസി നാളുകളിലാണ് ഇൗ മരുന്ന് അന്തേവാസികൾക്ക് നൽകുന്നത്. ഇൗ മരുന്ന് കഴിക്കുന്നതോടെ നിത്യാനന്ദയോട് വിധേയത്വം കൂടും. അവർ അയാൾക്കുവേണ്ടി എന്തുംചെയ്യും. അവിടെയുള്ള സ്ത്രീകളിൽ പലരും നിത്യാനന്ദയോട് അപൂർവമായ പ്രണയം കാത്തുസൂക്ഷിക്കുന്നവരാണ്. എന്നോട് എന്താണ് അദ്ദേഹം ഇഷ്ടമാണെന്ന് പറയാത്തതെന്ന് വരെ ചിന്തിക്കുന്നവരാണ് ഏറെ. ഇതെല്ലാം ഇൗ മരുന്നിന്റെ ശക്തിയാണ്. നടി രഞ്ജിതയുമായുള്ള വീഡിയോ പുറത്തുവന്നിട്ടും ആശ്രമത്തിലേക്ക് എത്തുന്നവരുടെ എണ്ണത്തിന് കുറവ് വന്നിട്ടുണ്ടായിരുന്നില്ല.
അയാൾ അവിടെയുണ്ട്
നിത്യാനന്ദ രാജ്യംവിട്ടെന്നും ദ്വീപുവാങ്ങി സ്വന്തം രാജ്യം സ്ഥാപിച്ചു എന്നതൊക്കെ വെറും ഇല്ലാക്കഥയാണ്. മൈസൂറിനടുത്തുള്ള ആശ്രമത്തിലെ രഹസ്യ അറയിൽ അയാളുണ്ട്. മൂവായിരത്തോളം അംഗങ്ങൾ അവിടെയുണ്ട്. ഞാനും കഴിഞ്ഞത് ഇവിടെയായിരുന്നു. അംഗങ്ങളിൽ ബഹുഭൂരിപക്ഷവും സ്ത്രീകളാണ്. പിന്നെ കുട്ടികളും. ഇവരിൽ പലരും നിത്യാനന്ദയുടെ കൊടിയ പീഡനങ്ങൾക്ക് ഇരയായിട്ടുണ്ട്. ആശ്രമം റെയ്ഡ് ചെയ്ത് അന്തേവാസികളെ ചോദ്യം ചെയ്താൽ നിത്യാനന്ദയെ അറസ്റ്റുചെയ്യാം. അവിടെയുള്ള യുവതികളുടെ വാട്സാപ്പ് ഗ്രൂപ്പിൽ ഇപ്പോഴും നിത്യാനന്ദ സജീവമാണ്.
ഞാൻ തയ്യാർ
പത്തുവർഷം നിത്യാനന്ദയ്ക്ക് ഒപ്പമുണ്ടായിരുന്നു. എന്റെ ശരീരം മുഴുവൻ അയാളുടെ മുഖം പച്ച കുത്തിയിട്ടുണ്ട്. അത് ഞാൻ അന്ന് എല്ലാ ഇഷ്ടത്തോടെയും ചെയ്തതാണ്. പക്ഷേ, ഇന്ന് ഞാൻ പോരാടുന്നത് അയാളെ ശിക്ഷിക്കാനാണ്. നിത്യാനന്ദ എത്ര വലിയ കുറ്റവാളിയാണോ അത്ര തന്നെ ഞാനും കുറ്റവാളിയാണ്. ചെയ്യാൻ പാടില്ലാത്ത പലതും ഞാൻ ചെയ്തു. ആ കുറ്റങ്ങളൊക്കെ ഏറ്റുപറയാൻ ഞാൻ തയാറാണ്. അതിന് നീതിപീഠം നൽകുന്ന എന്തു ശിക്ഷയും ഞാൻ ഏറ്റുവാങ്ങും. അത്രമാത്രം നടുക്കുന്ന കാര്യങ്ങളാണ് നിത്യാനന്ദയുടെ ആശ്രമത്തിൽ നടക്കുന്നത്.