തിരുവനന്തപുരം: വനിതാ ബറ്റാലിയനിൽ ജോലി ചെയ്യുന്ന പൊലീസുകാർക്ക് അമിതമായ ജോലി ഭാരമെന്നു പരാതി. നേരാംവണ്ണം ലീവ് പോലും ലഭിക്കുന്നില്ല. 22 ദിവസത്തെ ശബരിമല ഡ്യൂട്ടി കഴിഞ്ഞു തിരിച്ചെത്തിയ ബറ്റാലിയനിലെ അംഗങ്ങൾക്ക് 4 ദിവസത്തെ അവധി അനുവദിച്ചിരുന്നു. എന്നാൽ, ഒരു ദിവസം കഴിഞ്ഞപ്പോൾ ഡ്യൂട്ടിയിൽ തിരിച്ചു കയറാനുള്ള നിർദ്ദേശം നൽകുകയായിരുന്നു.അതിനു ശേഷം റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചുള്ള പരിശീലനമായിരുന്നു ഇവരെ കാത്തിരുന്നത്. അഞ്ച് ദിവസത്തെ പരിശീലനത്തിനുശേഷം വിശ്രമം അനുവദിക്കുമെന്ന് പറഞ്ഞുവെങ്കിലും പിന്നീട് ഇവരെ മറ്റു ജില്ലകളിലേക്ക് ഡ്യൂട്ടിക്കായി പറഞ്ഞയച്ചു.
ഗർഭകാലത്തെ വിശ്രമം പോലും നിഷേധിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്നാണ് ഇവരുടെ പരാതി. ശബരിമല ഡ്യൂട്ടിയ്ക്കിടെ ഗർഭിണിയായ ഒരു പൊലീസുകാരിക്ക് ദേഹതളർച്ചയുണ്ടാവുകയും തുടർന്ന് വീട്ടിലെത്തിയപ്പോൾ ഗർഭം അലസിപ്പോയ സംഭവവും ഉണ്ടായി. നിരന്തരമായ ആവശ്യത്തെ തുടർന്ന് ആഴ്ചയിൽ ഒരു ദിവസം ഓഫ് അനുവദിച്ചുവെങ്കിലും അത് എപ്പോഴും നൽകാറില്ല. വീട്ടിൽ നിന്ന് ആരെങ്കിലും ക്യാമ്പിൽ എത്തിയാലും കാണാൻ അനുവദിക്കാറില്ല.
ഗർഭാവസ്ഥയിലെ ആദ്യ മാസങ്ങളിൽ വിവിധ ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അപ്പോൾ ലൈറ്റ് ഡ്യൂട്ടി മാത്രം ചെയ്താൽ മതിയെന്ന നിർദ്ദേശം ഭേദഗതി നാല് മാസമായാൽ മാത്രമേ അതിന് അർഹതയുള്ളൂവെന്ന് ഉത്തരവിറക്കിയെന്നും പരാതിയുണ്ട്. ശാരീരിക ബുദ്ധിമുട്ടുകൾ പറയുന്നവരോട് ജോലിയിൽ നിന്നും രാജിവച്ച് പോകാനാണ് മേലുദ്യോഗസ്ഥർ പറയുന്നത്രേ.
കേരളത്തിൽ ആദ്യമായി വനിത ഇൻസ്ട്രക്ടർമാരുടെ നേതൃത്വത്തിൽ വിദഗ്ദ്ധ പരിശീലനം ലഭിച്ചിട്ടുള്ളവരാണ് ബറ്റാലിയനിലുള്ളത്. 2017 ലാണ് സർക്കാർ തീരുമാനപ്രകാരം ഒരു വനിതാ പൊലീസ് ബറ്റാലിയൻ തിരുവനന്തപുരം ആസ്ഥാനമാക്കി തുടങ്ങിയത്. ഇതിനായി കഴക്കൂട്ടം മേനംകുളത്ത് 10 ഏക്കർ സ്ഥലവും സംസ്ഥാന സർക്കാർ അനുവദിച്ചു. പൊലീസ് സേനയിൽ വനിതകളുടെ പ്രാതിനിധ്യം 25 ശതമാനമാക്കി ഉയർത്തുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് ബറ്റാലിയൻ രൂപീകരിച്ചത്.