തിരുവനന്തപുരം: സർക്കാരിന്റെ വികലമായ മദ്യനയത്തിനെതിരെ അഹിംസയിലൂന്നിയ സമരവുമായി യുവാക്കൾ മുന്നോട്ട് പോകണമെന്ന് കവയിത്രി സുഗതകുമാരി പറഞ്ഞു. മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തോടനുബന്ധിച്ച് ജില്ലാ സർവോദയ മണ്ഡലം സുഗതകുമാരിയുടെ വീട്ടിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. സർവോദയ മണ്ഡലം സർക്കാരിന്റെ മദ്യനയത്തിനെതിരെ നൽകുന്ന ഭീമഹ‌ർജിയിൽ സുഗതകുമാരി ആദ്യ ഒപ്പുവച്ചു.

വി.എം. സുധീരൻ മുഖ്യപ്രഭാഷണം നൽകി. പ്രസിഡന്റ് ഉദയകുമാർ അദ്ധ്യക്ഷനായി. മദ്യവിരുദ്ധ ജനകീയ മുന്നണി ജില്ലാ ചെയർമാൻ വി.എസ്. ഹരീന്ദ്രനാഥ്, ജി. സദാനന്ദൻ, ജോൺസൺ ഇറയാറന്മുള, ഡോ. എഫ്.എം. ലാസർ, നഷീദാ ബീഗം, എൻ. പ്രശാന്ത്, സൂര്യനാരായണൻ, ഡെൽസി ജോസഫ്, ശ്രീലത തുടങ്ങിയവർ സംസാരിച്ചു.