-supreme-court

ജനാധിപത്യ സംവിധാനത്തിന്റെ ഏറ്റവും വലിയ സവിശേഷത അത് രാജ്യത്തെ പൗരന്മാരുടെ സ്വാതന്ത്ര്യത്തിനും മൗലികാവകാശങ്ങൾക്കും പരമ പ്രാധാന്യം നൽകുന്നു എന്നതാണ്. അത് സംരക്ഷിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പാക്കാൻ സ്വതന്ത്രമായ നീതിപീഠങ്ങൾ കാവൽപ്പുരകളായി നിൽക്കുകയും ചെയ്യുന്നു.

മുൻകൂർ ജാമ്യത്തിന്റെ കാലാവധി നിജപ്പെടുത്താനാവില്ല എന്ന സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ വിധി ഈ പശ്ചാത്തലത്തിൽ ഇന്ത്യൻ ജനാധിപത്യ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നതിനാൽ തികച്ചും സ്വാഗതാർഹമാണ്.

ക്രിമിനൽ നടപടി ചട്ടത്തിലെ 438-ാം വകുപ്പ് പ്രകാരമാണ് മുൻകൂർ ജാമ്യം അനുവദിക്കുന്നത്. സെഷൻസ് കോടതികൾക്കും ഹൈക്കോടതികൾക്കും മാത്രമെ ഇതിനുള്ള അധികാരമുള്ളൂ. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ഇതുസംബന്ധിച്ച രണ്ട് ചോദ്യങ്ങളാണ് പരിഗണിച്ചത്. മുൻകൂർ ജാമ്യത്തിന്റെ കാലാവധി കുറ്റാരോപിതന് കോടതി സമൻസ് അയയ്ക്കുന്ന സമയത്തോ അതല്ലെങ്കിൽ കുറ്റാരോപിതൻ കോടതിയിൽ കീഴടങ്ങുന്ന സമയത്തോ അവസാനിക്കുമോ എന്നതായിരുന്നു ആദ്യത്തെ ചോദ്യം. വിചാരണ തീരും വരെ മുൻകൂർ ജാമ്യത്തിന്റെ കാലാവധി തുടരാമോ എന്നതായിരുന്നു രണ്ടാമത്തെ ചോദ്യം.

പ്രത്യേക സാഹചര്യമില്ലെങ്കിൽ വിചാരണ തീരും വരെ മുൻകൂർ ജാമ്യത്തിന്റെ കാലാവധി തുടരാമെന്നാണ് ഭരണഘടനാബെഞ്ചിന്റെ വിധി. അതേസമയം പ്രത്യേകം സാഹചര്യമുണ്ടെന്ന് ബോദ്ധ്യപ്പെട്ടാൽ കോടതികൾക്ക് മുൻകൂർ ജാമ്യത്തിന്റെ കാലാവധി നിജപ്പെടുത്താമെന്നും അഞ്ചംഗ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.

ജസ്റ്റിസുമാരായ എം. ആർ. ഷാ, എസ്. രവീന്ദ്ര ഭട്ട് എന്നിവർ പരസ്പരം യോജിച്ചുകൊണ്ട് പ്രത്യേക വിധിന്യായങ്ങളെഴുതി.ജസ്റ്റിസുമാരായ അരുൺമിശ്ര, ഇന്ദിര ബാനർജി, വിനീത് സരൺ എന്നിവരും അതിനോട് യോജിച്ച് വിധിയെഴുതി.

മുൻകൂർ ജാമ്യത്തിന്റെ കാലാവധി നിജപ്പെടുത്തുന്നത് വ്യക്തി സ്വാതന്ത്ര്യം ലംഘിക്കുന്നതിന് തുല്യമാണെന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

''സ്വേച്ഛാപരമായ അറസ്റ്റുകൾ ഉണ്ടാകാം. അനിശ്ചതികാലത്തേക്ക് ജനങ്ങളെ തടവിലാക്കാം. നമ്മുടെ സ്വാതന്ത്ര്യസമര ചരിത്രം ഇതെല്ലാം നമുക്ക് വെളിപ്പെടുത്തി തന്നിട്ടുള്ളതാണ്. നിയമങ്ങളുടെ ഇത്തരം ദുരുപയോഗം സ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളി കൂട്ടുന്നതിൽ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.ഭരണകൂടം തന്നിഷ്ടപ്രകാരവും ഉന്നത സ്വാധീനം പുലർത്തുന്ന വ്യക്തികളുടെ ഇടപെടൽ മൂലവും നടത്തുന്ന അറസ്റ്റുകൾ വ്യക്തികളെ പീഡിപ്പിക്കാനും സമൂഹത്തിന്റെ മുന്നിൽ അവരെ നാണം കെടുത്താനും ഉദ്ദേശിച്ചിട്ടുള്ളവയാവാം. ഇത് മുൻകൂട്ടി കണ്ട് തടയാനാണ് 'മുൻകൂർ ജാമ്യ വ്യവസ്ഥ" ഇന്ത്യൻ ക്രിമിനൽ നടപടി ചട്ടത്തിന്റെ ഭാഗമാക്കിയത്"- ജസ്റ്റിസ് രവീന്ദ്ര ഭട്ട് വിധിന്യായത്തിൽ വ്യക്തമാക്കിയിരിക്കുന്നു.

1898 ലെ പഴയ സി.ആർ.പി.സിയിൽ മുൻകൂർ ജാമ്യവ്യവസ്ഥ ഇല്ലായിരുന്നു. 1969-ൽ ലാ കമ്മിഷനാണ് വ്യാജ കേസുകളിലുള്ള തടവിലാക്കൽ ഒഴിവാക്കുന്നതിന് മുൻകൂർ ജാമ്യവ്യവസ്ഥ ആവശ്യമാണെണന്ന് ശുപാർശ ചെയ്തത്. 1973 ലാണ് ക്രിമിനൽ നടപടി ചട്ടത്തിലെ 438-ാം വകുപ്പായി ഇത് ഉൾപ്പെടുത്തിയത്.

ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടതാണ് ഭരണകൂടമെങ്കിലും ചില നേരങ്ങളിൽ അത് ജനങ്ങൾക്കെതിരെ തിരിയുന്നത് ചരിത്രത്തിന്റെ ദശാസന്ധികളിൽ നമ്മൾ കണ്ടിട്ടുള്ളതാണ്. പ്രത്യേകിച്ചും അടിയന്തരാവസ്ഥയുടെ നാളുകളിൽ. ഒരാൾ അറസ്റ്റ് ചെയ്യപ്പെട്ടാൽ അതിന്റെ കാരണം പൊലീസ് ഉദ്യോഗസ്ഥൻ കോടതിയെ അറിയിക്കണ്ട. വീട്ടുകാരെ അറിയിക്കണ്ട. അനിശ്ചിത കാലത്തേക്ക് തടവിലാക്കാം. ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ഇതിനെതിരെ കോടതിയെ സമീപിക്കാനുള്ള പൗരന്റെ സ്വാതന്ത്ര്യം അടിയന്തരാവസ്ഥക്കാലത്ത് സസ്‌പെൻഡ് ചെയ്യപ്പെട്ടിരുന്നു. ഇതാണ് പ്രസിദ്ധമായ ഹേബിയസ് കോർപ്പസ് കേസിന് വഴിതെളിച്ചത്. ഗവൺമെന്റിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ നിരേൺ ഡേയോട് സുപ്രീംകോടതിയിൽ അന്ന് ജസ്റ്റിസ് എച്ച്.ആർ. ഖന്ന ചോദിച്ചു: 'വ്യക്തി വൈരാഗ്യം മൂലം ഒരു പൊലീസുകാരൻ ഒരു പൗരനെ വെടിവച്ചുകൊന്നാൽ എന്താണ് ജുഡിഷ്യൽ പ്രതിവിധി?"

അടിയന്തരാവസ്ഥ തീരുന്നതുവരെ ഒരു പ്രതിവിധിയുമില്ല എന്നായിരുന്നു അറ്റോർണി ജനറലിന്റെ മറുപടി.

ഹേബിയസ് കോർപ്പസ് കേസിൽ ജസ്റ്റിസ് എച്ച്.ആർ. ഖന്ന എഴുതിയ വിയോജന വിധിയാണ് പിന്നീട് നിയമ ലോകത്തിന്റെയും മനുഷ്യ സ്വാതന്ത്ര്യത്തിന്റെയും അന്തസ് ഉയർത്തിയത്. ഇൗ വിയോജന വിധിയെ പ്രശംസിച്ചുകൊണ്ട് ന്യൂയോർക്ക് ടൈംസ് എഡിറ്റോറിയൽ വരെ എഴുതി.

രാഷ്ട്രീയ വിദ്വേഷം കാരണം വ്യക്തികൾക്കെതിരെ എടുക്കുന്ന കേസുകളുടെ എണ്ണം രാജ്യത്ത് കൂടി വരുന്ന സാഹചര്യത്തിൽ മുൻകൂർ ജാമ്യത്തിന്റെ കാലാവധി നിജപ്പെടുത്താനാവില്ല എന്ന വിധി ഭരണഘടന ഉറപ്പുനൽകുന്ന പൗരന്റെ സ്വാതന്ത്ര്യവും മൗലികാവകാശവും ഉയർത്തിപ്പിടിക്കുന്നതാണ്. അതേസമയം മുൻകൂർ ജാമ്യം അനുവദിക്കുന്നതിൽ കൂടുതൽ ഉത്തരവാദിത്വവും ശ്രദ്ധയും പുലർത്താൻ കീഴ്കോടതികളെയും വ്യാജ കേസുകളുമായി കോടതികളിൽ ചെല്ലാതിരിക്കാൻ പ്രോസിക്യൂഷനെയും ഒാർമ്മിപ്പിക്കുന്നതുകൂടിയാണ് .