കോവളം: അന്താരാഷ്ട്ര തുറമുഖത്ത് കസ്റ്റംസിനായി ഒരുക്കുന്ന സൗകര്യങ്ങൾ നേരിൽ കണ്ട് വിലയിരുത്താൻ ഉന്നത തല സംഘം വിഴിഞ്ഞത്തെത്തി. കസ്റ്റംസ് കമ്മിഷണർ സുമിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ ദിവസം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പ്രദേശത്ത് സന്ദർശനം നടത്തിയത്. തുറമുഖത്ത് ചരക്ക് നീക്കത്തിന്റെ ഭാഗമായി കസ്റ്റംസിനായി ഒരുക്കുന്ന സൗകര്യങ്ങളും തുറമുഖത്തിന്റെ നിർമ്മാണ പുരോഗതിയും സംഘം നേരിട്ട് വിലയിരുത്തി. തുറമുഖത്തിന്റെ പ്രവർത്തനം തുടങ്ങുന്നതിന് മുമ്പ് റെയിൽവേ വാഗണുകൾ, ലോറികൾ എന്നിവയിലേക്കുള്ള കണ്ടയിനറുകളുടെ വേഗത്തിലുള്ള ക്ലിയറൻസിനുള്ള ആധുനിക സ്‌കാനർ സംവിധാനം, ഇവിടെ ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ വിഭവങ്ങളുടെ സാമ്പിളുകൾ പരിശോധിക്കാനുള്ള ലാബുകൾ എന്നിവ സജ്ജമാക്കുന്നതിന്റെ സമ്പൂർണ വിശദാംശങ്ങൾ, ഇപ്പോൾ നിർമ്മാണം നടക്കുന്ന പുലിമുട്ടിന്റെ പുരോഗതി അടക്കമുള്ള കാര്യങ്ങളും കമ്മിഷണർ തുറമുഖ കമ്പനി അധികൃതരുമായി ചർച്ച ചെയ്തു. തുറമുഖത്ത് നിർമ്മാണം നടക്കുന്ന ജെട്ടി, പോർട്ട് യൂസേഴ്സ് ബിൽഡിംഗ്, തുറമുഖത്തെ ഓപ്പറേഷൻ കെട്ടിടം റാമ്പിലൂടെ ബാർജിലേക്ക് കല്ലിടുന്നത് അടക്കമുളള പ്രവർത്തനങ്ങളും വിലയിരുത്തി. കസ്റ്റംസ് അസി. കമ്മിഷണർ ഫിലിപ്പ് സാമുവൽ, സൂപ്രണ്ടുമാരായ ടി. ജയരാജ്, സഞ്ജീവ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.