1

പൂവാർ: വീടിന്റെ ജനൽക്കമ്പി തകർത്ത് അകത്തു കടന്ന മോഷ്ടാവ് സ്വർണവും പണവും കവർന്നു. പുല്ലുവിള കൊച്ചുപള്ളി പറമ്പ്പുരയിടം ത്രേസ്യയുടെ വീടിന്റെ ജനൽ കമ്പി തകർത്താണ് പട്ടാപ്പകൽ കവർച്ച നടത്തിയിരിക്കുന്നത്. കഴിഞ്ഞ 28നായിരുന്നു സംഭവം. ത്രേസ്യയുടെ മകൾ കൊച്ചുപള്ളിയിലാണ് താമസം. രാത്രിയിൽ മകളോടൊപ്പമായിരുന്ന ത്രേസ്യ പിറ്റേന്ന് വൈകിട്ട് വീട്ടിൽ എത്തുമ്പോഴാണ് സംഭവം അറിഞ്ഞത്. ഉടൻ നാട്ടുകാരെ വിളിച്ച് വരുത്തി നോക്കുമ്പോഴാണ് സ്വർണവും മുപ്പത്തി ഏഴായിരം രൂപയും കവർന്നതായി അറിയുന്നത്. ഉടൻ കാഞ്ഞിരംകുളം പൊലീസിനെ ഫോണിൽ വിവരം അറിയിച്ചു. സംഭവ ദിവസം രാവിലെ 10 ഓടെ ത്രേസ്യ വീട്ടിൽ വന്നിരുന്നു. അപ്പോൾ മോഷണം നടന്നിട്ടില്ലെന്നും അതിനു ശേഷമാണ് നടന്നിരിക്കുന്നതെന്നും അവർ പറഞ്ഞു. ഇന്നലെയാണ് കാഞ്ഞിരംകുളം പൊലീസിൽ പരാതി നൽകിയത്. നിരവധി തവണ ഫോണിൽ വിളിച്ചു പറഞ്ഞിട്ടും പൊലീസ് സ്ഥലത്തെത്താത്ത സാഹചര്യത്തിലാണ് വൃദ്ധയും രോഗിയുമായ ത്രേസ്യ പരാതി എഴുതി നൽകിയത്. ഇതിനു മുമ്പ് സമാനമായ രീതിയിൽ ഇതേ വീട് ആക്രമിച്ച് മോഷണം നടന്നിട്ടുണ്ട്. അതിന്റെ കേസ് ഇപ്പോഴും കോടതിയിൽ നടക്കുകയുമാണ്. അതേ സംഘമാകാം ഈ കവർച്ചയുടെ പിന്നിലുള്ളതെന്നും ത്രേസ്യ പറയുന്നു.