niyamasabha

തിരുവനന്തപുരം: നയപ്രഖ്യാപനത്തിൽ പൗരത്വനിയമ ഭേദഗതിയെ പറ്റിയുള്ള സർക്കാർ നിലപാടിനോട് ഗവർണർ പ്രകടിപ്പിച്ച വിയോജിപ്പ് സഭാരേഖകളിൽ ഉണ്ടാവില്ലെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി.

മന്ത്രിസഭ അംഗീകരിച്ച നയമാണ് ഗവർണർ പറയുന്നത്. അന്നത്തെ അജൻഡ നയപ്രഖ്യാപനം മാത്രമാണ്. അതു മാത്രമേ സഭാരേഖകളിൽ ഉണ്ടാകാവൂ - സ്പീക്കർ പറഞ്ഞു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സഭയിൽ തടഞ്ഞ അംഗങ്ങൾക്കെതിരെ നടപടിയുണ്ടാവില്ലെന്ന് വ്യക്തമാക്കിയ സ്പീക്കർ, വാച്ച് ആൻഡ് വാർഡിനെ കൈയേറ്റം ചെയ്തെന്ന പ്രതിപക്ഷനേതാവിന്റെ പരാതി അന്വേഷിക്കുമെന്നും അറിയിച്ചു.
നയപ്രഖ്യാപനത്തിന് സഭയിലെത്തിയ ഗവർണറെ പ്രതിപക്ഷം തടഞ്ഞത് സംഭവിക്കാൻ പാടില്ലാത്തതാണ്. പ്രതിഷേധം എങ്ങനെയെന്ന് അവരാണ് തീരുമാനിക്കേണ്ടത്. പ്രതിപക്ഷത്തിനെതിരെ നടപടിയെടുക്കണമോ എന്ന് ആലോചിച്ചിട്ടില്ല. വാച്ച് ആൻഡ് വാർഡിനോട് ബലപ്രയോഗം നടത്താൻ ആവശ്യപ്പെട്ടില്ല. ഗവർണർക്ക് വഴിയൊരുക്കാനാണ് നിർദ്ദേശിച്ചത്.

നയപ്രഖ്യാപനത്തിൽ മാറ്റം വരുത്താൻ മുൻ ഗവർണർമാർ തയ്യാറായിട്ടില്ല. ഇപ്പോഴത്തെ ഗവർണറും തയ്യാറായിട്ടില്ല. ഗവർണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷപ്രമേയം ചട്ടപ്രകാരം നിലനിൽക്കുന്നതാണെന്നും സ്പീക്കർ പറഞ്ഞു.

വാച്ച് ആൻഡ് വാർഡ് ചെയ്തത്

ഗവർണറുടെ വഴി തടഞ്ഞ പ്രതിപക്ഷത്തെ നീക്കാൻ വാച്ച് ആൻഡ് വാർഡ് സുരക്ഷാവല തീർക്കുമ്പോൾ മറ്റംഗങ്ങൾ വശത്തേക്ക് മാറിയെങ്കിലും അൻവർ സാദത്ത് എം.എൽ.എ നിലത്ത് കിടന്ന് പ്രതിഷേധിച്ചു. പിറകിലേക്ക് നടന്ന വാച്ച് ആൻഡ് വാർഡ് നിലത്ത് കിടന്ന എം.എൽ.എയെ കണ്ടില്ല. അബദ്ധത്തിൽ എം.എൽ.എയുടെ ദേഹത്ത് തട്ടി ഒരു വാച്ച് ആൻഡ് വാർഡ് ജീവനക്കാരൻ നിലത്ത് വീണു. തിരക്കിനിടയിൽ എൽദോസ് കുന്നപ്പിള്ളി വാച്ച് ആൻഡ് വാർഡിന്റെ ദേഹത്ത് വീണത് കൂട്ടക്കുഴപ്പമുണ്ടാക്കി. വഴി മുടക്കി ഇരുന്ന ടി.വി. ഇബ്രാഹിമിനെ വാച്ച് ആൻഡ് വാർഡ് നേരിയ ബലപ്രയോഗത്തിലൂടെ നീക്കി. അംഗങ്ങൾ വഴിയിൽ നിന്ന് മാറാതിരുന്നപ്പോൾ സ്പീക്കറുടെ പ്രൈവറ്റ്സെക്രട്ടറി പ്രതിപക്ഷനേതാവിനോട് സംസാരിച്ചെങ്കിലും അംഗങ്ങളുടെ സ്വാഭാവിക പ്രതിഷേധമാണ് എന്നായിരുന്നു മറുപടി.

ജസ്റ്റിസ് സദാശിവത്തിന്റെ പരാമർശം രേഖയിൽ

ഉമ്മൻ ചാണ്ടി സർക്കാരിന്റെ അവസാനത്തെ നയപ്രഖ്യാപനത്തിന് അന്നത്തെ ഗവർണർ ജസ്റ്റിസ് സദാശിവം എത്തിയപ്പോൾ ബാർകോഴ വിവാദത്തിൽ പ്രതിപക്ഷത്തിന്റെ ശക്തമായ മുദ്രാവാക്യം വിളിയായിരുന്നു. ജസ്റ്റിസ് സദാശിവം, പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദനെ പേരെടുത്ത് വിളിച്ച് ഇത് ദൗർഭാഗ്യകരമാണെന്ന് പറയുകയുണ്ടായി. അതിപ്പോഴും സഭാരേഖയിലുണ്ട്.നയപ്രഖ്യാപനത്തിന് പുറത്തുള്ള പരാമർശങ്ങൾ രേഖയിൽ നിന്ന് നീക്കണമെന്ന് വ്യവസ്ഥയില്ല. നയപ്രഖ്യാപനദിവസം ഗവർണർ സഭയുടെ അതിഥി ആണ്.