നെയ്യാറ്റിൻകര: പ്രകൃതിജന്യ വസ്തുക്കൾക്ക് നിരോധനങ്ങളും നിയന്ത്രണങ്ങളും വന്നതോടെ പ്രകൃതിജന്യവസ്തുക്കൾ ഉപയോഗിച്ച് കെട്ടിട നിർമ്മാണ സാമഗ്രികൾ നിർമ്മിച്ചിരുന്ന ചെറുകിട വ്യവസായങ്ങളും അടച്ചു പൂട്ടൽഭീഷണിയിലായിരിക്കുകയാണ്. മണ്ണ് ഖനനം നിയന്ത്രിച്ചതോടെ മണ്ണ് ഉപയോഗിച്ച് നിർമ്മിച്ചിരുന്ന നാടൻ ഇഷ്ടികളും കിട്ടാതായി. മണ്ണിൽ നാടൻ ബ്രിക്സ് നിർമ്മിച്ചിരുന്ന താലൂക്കിലെ ഏതാണ്ട് അര ഡസ്സനിലേറെ മണ്ണിൽ നിർമ്മിക്കുന്ന ബ്രിക്സ് നിർമ്മാണ കേന്ദ്രങ്ങൾ അടച്ചു പൂട്ടിക്കഴിഞ്ഞു. ഇപ്പോൾ നാമമാത്രമായ ബ്രിക്സ് നിർമ്മാണ കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്.ഗൃഹ നിർമ്മാണത്തിനൊക്കെ മുൻകാലങ്ങളിൽ പൂർണമായും പ്രകൃതിദത്ത നിർമ്മാണ സാമഗ്രികളായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാൽ ഇതിലേക്കായി വ്യാവസായികാടിസ്ഥാനത്തിൽ പ്രകൃതി ചൂഷണം തുടങ്ങിയതോടെ പ്രകൃതിയുടെ തന്നെ താളം തെറ്റി. ഇതു കാരണം വെട്ടിലായത് ചെറുകിട മണ്ണ് കട്ട നിർമ്മാണ കേന്ദ്രങ്ങളാണ്.
പുന്നക്കുളത്തിലും കൊറ്റാമത്തും ധനുവച്ചപുരത്തും വളരെ ലാഭകരമായി പ്രവർത്തിച്ചിരുന്ന ഇന്റർലോക്ക് സോയിൽ ബ്രിക്സ് നിർമ്മാണ കേന്ദ്രങ്ങളിലൽ ഇപ്പോൾ ധനുവച്ചപുരത്ത് മാത്രമേ പ്രവർത്തനമുള്ളു. അന്യ സംസ്ഥാന തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. ഈ വ്യവസായ കേന്ദ്രവും മണ്ണ്ലഭിക്കാതെ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്.
തമിഴ്നാട്ടിൽ നിന്നും കുറഞ്ഞ വിലക്ക് ലഭ്യമായിരുന്ന പാറപ്പൊടി ഉപയോഗിച്ച് നിർമ്മിക്കുന്ന ഹോളോബ്രിക്സ് വില കുറച്ച് ലഭ്യമായതോടെ മണ്ണിൽ നിർമ്മിക്കുന്ന ബ്രിക്സിന് ഡിമാന്റില്ലാതായി. തമിഴ്നാട്ടിൽ പാറക്വാറികൾ നിരോധിച്ചതോടെ ഹോളോബ്രിക്സ് വരവും ഇതിന്റെ നിർമ്മാണവും പ്രതിസന്ധിയിലായി. ഹോളോബ്രിക്സിനേക്കാൾ ഇക്കോഫ്രണ്ട്ലിയാണ് മണ്ണ് കട്ടകൾ. ഇവ അന്തരീക്ഷത്തിലെ ഈർപ്പം വലിച്ചെടുത്ത് സ്പോഞ്ചു പോലെ സൂക്ഷിക്കുന്നതിനാൽ ഇവ കൊണ്ട് നിർമ്മിച്ച മുറികൾക്ക് നല്ല തണുപ്പായിരിക്കും. എന്നാൽ മണ്ണ് ലഭ്യത കുറഞ്ഞതോടെ ഇവ നിർമ്മിക്കുന്ന ചെറുകിട വ്യവസായ കേന്ദ്രങ്ങളൊക്കെ പ്രവർത്തന രഹിതമായി.
മണ്ണിൽ നിർമ്മിക്കുന്ന ഇന്റർലോക്ക് സോയിൽ ബ്രിക്സ് കേന്ദ്രങ്ങളും മണ്ണ് കൊണ്ടു വരുവാൻ കഴിയാത്തതോടെ അടുച്ചു പൂട്ടൽ ഭീഷണിയിലാണ്. ആറ് ഇഞ്ച് നീളമുള്ള ഇവ ഉപയോഗിച്ച് മതിലും വീടും നിർമ്മിക്കുവാൻ അധികമായ മനുഷ്യവിഭവശേഷി വേണമെന്നില്ല. ചുമരിന് താഴെ മാത്രം സിമന്റ് ഉപയോഗിച്ച് അതിന്മേൽ ഇന്റർലോക്ക് സോയിൽ ബ്രിക്സ് വച്ച ശേഷം ഇവ മുകളിലേക്ക് അടുക്കി വച്ചാൽ മതി. ഇന്റർലോക്ക് ടൈൽസ് പാകുന്നതു പോലെ വളരെ എളുപ്പമാണ് ഇന്റർലോക്ക് സോയിൽ ബ്രിക്സ് ഉപയോഗിച്ചുള്ള ഗൃഹ നിർമ്മാണം.ഇന്റർലോക്ക് സോയിൽ ബ്രിക്സിൽ ഒരു ഗ്രൂ ഉള്ളതിനാൽ രണ്ട് കട്ടകൾക്കിടയിൽ സിമന്റോ മണ്ണ് പൂശുകയോ വേണ്ട.