vellarada

വെള്ളറട: വിശന്നിരിക്കുന്നവർക്കായി പൊതിച്ചോറുമായി എത്തുന്ന കുട്ടിപ്പോലീസ് ഇനി മുതൽ നാട്ടുകാർക്ക് സ്ഥിരം കാഴ്ചയാകും. ആനാവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.പി.സി കേഡറ്റുകളാണ് സ്കൂളിന് സമീപപ്രദേശങ്ങളിലെ പാവപ്പെട്ടവരുെട വീടുകളിൽ തങ്ങളുടെ ഭക്ഷണം പങ്കുവക്കും. രക്ഷിതാക്കൾ വീട്ടിൽ നിന്ന് നൽകുന്ന പൊതിച്ചോറിനൊപ്പം ഒരു പൊതി കൂടെ ഇവർ ഇടവേള സമയത്ത് വീടുകളിൽ എത്തിക്കുകയാണ് ചെയ്യുന്നത്. പദ്ധതി ഗ്രാമപഞ്ചായത്തു പ്രസിഡന്റ് എച്ച്.എസ്. അരുണും ബ്ലോക്കു പഞ്ചായത്തംഗം പാലിയോട് ശ്രീകണ്ഠനും ചേർന്ന് ഉദ്ഘാടനം ചെയ്തു. എസ്.പി.സി ജില്ലാ നോഡൽ ഓഫീസർ വി.എസ്. ദിനരാജ്, അനീഷനൽ നോഡൽ ഓഫീസർടി.എസ്. അനിൽ കുമാർ എന്നിവർ ആശംസകളർപ്പിച്ചു. പേപ്പർ ക്യാരി ബാഗുകൾ നിർമ്മിച്ചു നൽകി പ്ലാസ്റ്റിക്കിനോട് നോ പറയാൻ നാട്ടുകാരെ പ്രേരിപ്പിക്കുന്ന പദ്ധതിയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട ആനാവൂർ വിദ്യാലയത്തിലെ കുട്ടിപ്പോലീസ് ഏറ്റെടുത്തു നടത്തുന്ന പദ്ധതികൾ നിരവധിയാണ്. നിർദ്ധനയായ ഒരു സഹപാഠിക്ക് വീടു വച്ചുനൽകുന്ന സ്നേഹക്കൂട് എന്ന പദ്ധതിയും ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കപ്പെടുന്ന സ്കൂൾ കാമ്പസും ലഹരിയോട് വിട എന്ന പേരിൽ നടത്തുന്ന മയക്കുമരുന്ന് വിരുദ്ധ ക്യാമ്പെയിൻ പ്രവർത്തനങ്ങൾ തുടങ്ങിയ സാമൂഹ്യ പ്രതിബദ്ധതാ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. പ്രോജക്റ്റ് കോഡിനേറ്റർ സൗദിഷ് തമ്പി അസിസ്റ്റന്റ് കോഡിനേറ്റർ സുഗതകുമാരി പരിശീലകരായ എ.എസ്.ഐ സനൽകുമാർ, ആശ തുടങ്ങിയവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.