mukesh

 ചൈനാ ഡെയ്‌ലിയുടെ ഗ്രാഫിക്സ് എഡിറ്റർ തൃപ്പൂണിത്തുറക്കാരൻ മുകേഷ് മോഹനൻ 'കേരളകൗമുദി'യോട്

തിരുവനന്തപുരം: ''ഡിസംബർ അവസാനം വുഹാനിൽ ന്യൂമോണിയ പടരുന്നതായി കേട്ടു. പിന്നാലെ ഞെട്ടിപ്പിക്കുന്ന വാർത്തകളെത്തി. മിന്നൽ വേഗത്തിൽ ആശുപത്രികൾ പണിതുയർത്തി, വാർഡുകൾ വൈറസ് ബാധിതർക്കായി സജ്ജീകരിച്ചു. സാദ്ധ്യമായ എല്ലാ പ്രതിരോധ നടപടികളുമെടുത്ത് കൊറോണയെ വരുതിയിലാക്കാൻ ശ്രമിക്കുകയാണ് ചൈന''- ബീജിംഗിൽ ചൈനാ ഡെയ്‌ലിയിലെ ഗ്രാഫിക്സ് എഡിറ്ററും തൃപ്പൂണിത്തുറ സ്വദേശിയുമായ മുകേഷ് മോഹനൻ കൊറോണയുടെ സംഹാരതാണ്ഡവം വിവരിക്കുന്നു.

കൊറോണ പൊട്ടിപ്പുറപ്പെട്ട വുഹാൻ അടങ്ങിയ ഹൂബെയ് പ്രവിശ്യയിൽ നിരവധി സർവകലാശാലകളിൽ ആയിരക്കണക്കിന് മലയാളികൾ പഠിക്കുന്നുണ്ട്. വുഹാൻ ഒന്നാകെ സീൽ ചെയ്തു. പുറമേ നിന്നുള്ളവർക്ക് പ്രവേശനമില്ല. വിവാഹമോചനം നേടിയവർ മുൻ പങ്കാളികളുമായി കൂടിക്കാഴ്ച നടത്തുന്ന പാർക്കുകൾ ആളൊഴിഞ്ഞ് ശ്‌മശാന മൂകതയിലായി. മാളുകളും കടകളും സബ്‌വേകളുമെല്ലാം അടച്ചു. വിമാനയാത്ര കഴിഞ്ഞെത്തുന്നവർക്ക് 14 ദിവസം ഓഫീസുകളിൽ പ്രവേശനമില്ല. വീട്ടിലിരുന്ന് ജോലിചെയ്യാം. പുറത്തിറങ്ങാനാവാത്തതിനാൽ എല്ലാവരും പരിഭ്രാന്തിയിലാണ്.

കുറഞ്ഞവിലയിൽ സാധനങ്ങൾ ലഭിക്കുന്ന ഗ്വാഞ്ചു പ്രവിശ്യയും ജാഗ്രതയിലാണ്. വുഹാൻ അടങ്ങുന്ന തെക്കൻ ചൈനയിലാണ് സർവകലാശാലകളേറെയും. എല്ലായിടത്തും മലയാളി വിദ്യാർത്ഥികളും അദ്ധ്യാപകരുമുണ്ട്. ചൈനാക്കാരെ വിവാഹം ചെയ്ത് സ്ഥിര താമസമാക്കിയവരുമുണ്ട്.

ജനുവരി 25 ചൈനീസ് പുതുവർഷാരംഭം മുതൽ ഒരാഴ്ച പൊതു അവധിയാണ്. സ്കൂളുകളും ഓഫീസുകളും സർവകലാശാലകളുമെല്ലാം തുറക്കാനിരിക്കെ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. മാസ്കുകളും കൈകൾ ശുചീകരിക്കാനുള്ള സാനിട്ടൈസറുമെല്ലാം സർക്കാർ നൽകുന്നു. മുന്നറിയിപ്പുകൾ എസ്.എം.എസായി എത്തുന്നു. ആളുകളെ ബോധവത്കരിച്ച് രോഗം പടരുന്നത് ഒഴിവാക്കാനാണ് ശ്രമം.

കൊറോണ ബാധിച്ച് മരിച്ചതിലേറെയും 55 വയസിന് മേലുള്ളവരാണ്. കടുത്ത പ്രമേഹം അടക്കമുള്ള രോഗങ്ങളുള്ളവർക്കാണ് കൊറോണ മരണകാരണമാവുന്നത്. നിരവധി നവജാതശിശുക്കളും മരിച്ചതായി റിപ്പോർട്ടുകളുണ്ട്.

കൊറോണ കാരണമുള്ള മരണം 3 ശതമാനം മാത്രമാണെന്ന് അധികൃതർ വിശദീകരിക്കുന്നെങ്കിലും ആളുകൾക്ക് ഭയം വിട്ടൊഴിയുന്നില്ല.

 ഭക്ഷണത്തിന് ക്ഷാമം

പണം നൽകി ഭക്ഷണം വാങ്ങുന്ന രീതിയല്ല ചൈനയിൽ. വാട്സ്ആപ്പിന് പകരമുള്ള 'വീ ചാറ്റ് ' ഉപയോഗിച്ചാണ് പേയ്‌മെന്റ്. പേടി കാരണം ഹോം ഡെലിവറി നിലച്ചു. ഭക്ഷണം കൊണ്ടുവരാനും സ്വീകരിക്കാനും ആളുകൾ ഭയക്കുന്നു. ഹോട്ടലുകളും ഭക്ഷണ ഔട്ട്‌ലെറ്റുകളുമെല്ലാം അടച്ചു. സൂപ്പർമാർക്കറ്റുകളിൽ ചിലതു മാത്രം തുറക്കുന്നു. ചെറിയ കടകളെല്ലാം പൂട്ടി. നിരത്തുകളിൽ ആളില്ല.

 ചൈനാ ഡെയ്‌ലിയിൽ

ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള 1000ലേറെപ്പേർ ജോലിചെയ്യുന്ന ബീജിംഗിലെ ചൈനാ ഡെയ്‌ലി ആസ്ഥാനത്ത് മെഡിക്കൽ പരിശോധന കൂടാതെ ആരെയും കടത്തിവിടില്ല. മുൻഗേറ്റിൽ മെഡിക്കൽ സംഘമുണ്ട്. ജീവനക്കാർക്കും പരിശോധന നിർബന്ധം. കാബിനറ്റ് മന്ത്രിയാണ് പത്രാധിപർ. ഇംഗ്ളീഷിലാണ് പ്രസിദ്ധീകരണം. മുകേഷിനും ബിസിനസ് ഡെപ്യൂട്ടി എഡിറ്ററും മലയാളിയുമായ രഞ്ജിത്തിനും പുറമേ 7 ഇന്ത്യക്കാർ ബീജിംഗിലെ ഓഫീസിലുണ്ട്.