തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസരംഗം കാലത്തിനനുസരിച്ച് മാറണമെന്നും ഇക്കാര്യത്തിൽ യാഥാസ്ഥിതിക ചിന്ത വച്ചുപുലർത്തരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ന്യൂ ലൈബ്രറി ആൻഡ് ഇൻസ്ട്രുമെന്റേഷൻ ബ്ലോക്കിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ കുട്ടികൾ പഠിച്ചിറങ്ങുമ്പോൾ ആരുടെയും പിന്നിലാകാൻ പാടില്ല. ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ കോഴ്സുകളും സമീപനവും വരണം. ലോകത്തിന്റെ എല്ലാ മേഖലയിലും ആധുനിക വ്യവസായങ്ങളുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
കോളേജ്, യൂണിവേഴ്സിറ്റി അധികൃതർ കുട്ടികളുടെ അഭിവൃദ്ധിക്ക് അനുസൃതമായ നടപടികൾ സ്വീകരിക്കാൻ ബാദ്ധ്യസ്ഥരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി ഡോ.കെ.ടി. ജലീൽ അദ്ധ്യക്ഷനായിരുന്നു. പുതിയ കെട്ടിടത്തിന്റെ രൂപരേഖ പ്രകാശനം മന്ത്രി ജി.സുധാകരൻ നിർവഹിച്ചു.
ചടങ്ങിൽ കോളേജ് വിദ്യാഭ്യാസ ഡയറക്ടർ വിഘ്‌നേശ്വരി, പൊതുമരാമത്ത് കെട്ടിട വിഭാഗം ചീഫ് എൻജിനിയർ ഹൈജീൻ ആൽബർട്ട്, പി.ടി.എ വൈസ് പ്രസിഡന്റ് ജി. ബാബു, കോളേജ് യൂണിയൻ ചെയർമാൻ ജോബിൻ ജോസ് എന്നിവർ സംബന്ധിച്ചു. ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഉഷാ ടൈറ്റസ് സ്വാഗതവും കോളേജ് പ്രിൻസിപ്പൽ ഡോ.കെ. മണി നന്ദിയും പറഞ്ഞു.
യൂണിവേഴ്സിറ്റി കോളേജിലെ കെട്ടിടങ്ങൾക്ക് സമാനമായി പൈതൃക ശൈലിയിലാണ് പുതിയ കെട്ടിടം നിർമിക്കുക. കെട്ടിടത്തിന് 20750 ചതുരശ്ര അടി വിസ്തീർണമാണുള്ളത്.