വക്കം: വക്കം മേഖലയിൽ ഡെങ്കിപ്പനി പടരുന്നു. ഡെങ്കിബാധിച്ച 14 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരിക്കുന്നത്. ഡെങ്കിയും, പനിയും ബാധിക്കുന്നവരുടെ എണ്ണം കൂടിയിട്ടും വക്കം റൂറൽ ഹെൽത്ത് സെന്ററിൽ മതിയായ ചികിത്സാ സംവിധാനമില്ലെന്ന് പരക്കെ ആക്ഷേപം. ഹെൽത്ത് ഇൻസ്പെക്ടർ വിരമിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും പകരം ആൾ എത്തിയിട്ടില്ല. പിന്നാലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുടെ തസ്തികയും ഒഴിഞ്ഞുകിടക്കുന്നു. ഗ്രാമ പഞ്ചായത്തിലെ കൊതുകുനിവാരണ മടക്കമുള്ള സാനിട്ടേഷൻ പരിപാടികൾ മുടങ്ങിയിട്ട് മാസങ്ങളായി. ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് പ്രവർത്തിക്കേണ്ട് ആരോഗ്യ വിഭാഗത്തിലെ രണ്ട് തസ്തിക ഒഴിഞ്ഞു കിടന്നിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും ബന്ധപ്പെട്ടവർക്ക് മൗനം തന്നെ.
ജനുവരി ആദ്യം രണ്ട് പേർക്കാണ് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തത്. എന്നാൽ മാസം അവസാനിക്കുമ്പോൾ അത് വർദ്ധിച്ച് 14 ആയിട്ടും ഡെങ്കി പടരാതിരിക്കാൻ അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും ,ഇത്തരം സന്ദർഭങ്ങളിൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളെ ഉൾപ്പെടുത്തിയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ റൂറൽ ഹെത്ത് സെന്ററിന് ഇനിയും കഴിഞ്ഞിട്ടില്ലെന്ന് വക്കം ഗ്രാമ പഞ്ചായത്തിലെ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ. ബിഷ്ണു ആരോപിച്ചു. പനി ബാധിച്ച് ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണവും ദിനംപ്രതി കൂടി വരുന്നു. കിണറുകളിൽ ബ്ലിച്ചിംഗ് പൗടർ ഇടുകയും, വല കൊണ്ട് കിണറുകൾ മൂടിയും ഒരു പരുധി വരെ കൊതുകിനെ നിയന്ത്രിക്കാൻ കഴിയുമായിരുന്നതായി ബിഷ്ണു പറഞ്ഞു.
വക്കം റൂറൽ ഹെൽത്ത് സെന്ററിൽ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടെങ്കിലും, ജിവനക്കാരുടെയും, മരുന്നിന്റെയും കുറവുണ്ട്. ഇത് അടിയന്തരമായി പരിഹരിക്കണമെന്ന അവശ്യം ശക്തമാണ്.